മഴ തുടരുന്നു: കുട്ടനാട്ടിൽ 2 പാടശേഖരങ്ങളിൽ മടവീണു

Mail This Article
ആലപ്പുഴ∙ കിഴക്കൻ മേഖലയിൽ നിന്നുള്ള മഴവെള്ളം ഒഴുകിയെത്തിയതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. രണ്ടു ദിവസത്തിനിടെ ഒരടിയിലേറെയാണു ജലനിരപ്പ് ഉയർന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിലായി വൈശ്യംഭാഗം–ചമ്പക്കുളം, മങ്കൊമ്പ് ക്ഷേത്രം റോഡ് അടക്കമുള്ള റോഡുകൾ വെള്ളത്തിനടിയിലായി. ഇന്നലെ 2 പാടശേഖരങ്ങളിൽ കൂടി മടവീണു.

തകഴി കൃഷിഭവൻ പരിധിയിലെ ചെക്കിടിക്കാട് തെക്കേ വല്ലിശ്ശേരി പാടശേഖരത്തിലും രാമങ്കരി കൃഷിഭവൻ പരിധിയിലെ ഊരിക്കരി ഇടംപാടി പാടശേഖരത്തിലുമാണു മടവീണത്. വല്ലിശ്ശേരി പാടശേഖരത്തിൽ ഒഴുക്കിൽ പറയും പെട്ടിയും ഒലിച്ചു പോയി. പുഞ്ചക്കൃഷി ഒരുക്കങ്ങൾക്കിടെ 5 പാടശേഖരങ്ങളിലാണ് ഇതുവരെ മടവീണത്. കൂടുതൽ പാടശേഖരങ്ങൾ മടവീഴാതിരിക്കാൻ പുറംതൂമ്പുകൾ തുറന്നു പാടശേഖരത്തിൽ വെള്ളം കയറ്റുകയാണ്.
ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ
ആലപ്പുഴ∙ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുതൂർവട്ടം ജിഎൽപി സ്കൂൾ, ചേർത്തല വടക്ക് വില്ലേജിൽ എസ്‌സി സാംസ്കാരിക നിലയം, അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിലെ കൈതത്തിൽ കമ്യൂണിറ്റി സെന്റർ എന്നിവിടങ്ങളിലാണു ക്യാംപ് തുറന്നത്. മരുതൂർവട്ടം ജിഎൽപി സ്കൂളിൽ 10 കുടുംബങ്ങളിലെ 36 പേരാണു കഴിയുന്നത്. ചേർത്തല വടക്ക് വില്ലേജിൽ എസ്‌സി സാംസ്കാരിക നിലയത്തിൽ 13 കുടുംബങ്ങളിലെ 37 പേരും കോമളപുരം വില്ലേജിലെ കൈതത്തിൽ കമ്യൂണിറ്റി സെന്ററിൽ കുടുംബങ്ങളുമാണുള്ളതെന്നു ദുരന്ത നിവാരണ വകുപ്പ് അധികൃതർ പറഞ്ഞു.
പ്രതികൂല കാലാവസ്ഥ: സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
ആലപ്പുഴ∙ ജില്ലയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നു ശക്തമായ കാറ്റും മഴയും ഉള്ള സാഹചര്യത്തിൽ സ്പീഡ് ബോട്ട് സർവീസുകൾക്കു ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. കാലാവസ്ഥ അനുകൂലമാകുന്നതു വരെയാണു നിയന്ത്രണം. സ്പീഡ് ബോട്ടിൽ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയെയും കായൽ മേഖലയിലെ പൊതുജനങ്ങളുടെ സുരക്ഷയെയും മുൻനിർത്തിയാണു ഉത്തരവ്.
കായൽ മേഖലയിലെ സ്പീഡ് ബോട്ടുകളുടെ അതിവേഗത്തിലുള്ള സഞ്ചാരം കാരണം കായൽ തീരത്തെ വീടുകളിലേക്കു വെള്ളം അടിച്ചു കയറുന്നതായും ബണ്ടുകൾക്കു തകരാർ സംഭവിക്കാൻ സാധ്യത ഉണ്ടെന്നും ഡിടിപിസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണു സ്പീഡ് ബോട്ടുകളുടെ ഉപയോഗം നിയന്ത്രിച്ച് ഉത്തരവായത്.