ADVERTISEMENT

മാന്നാർ ∙ ഒറ്റമുറി വാടക കെട്ടിടത്തിൽ അര നൂറ്റാണ്ടിലധികമായി പ്രവർത്തിക്കുകയാണ് ബുധനൂർ ബ്രാഞ്ച് (ഇ‍ഡി) പോസ്റ്റ്ഓഫിസ്. ബുധനൂർ പഞ്ചായത്തിലെ വടക്കൻ മേഖലയിലെ 1, 2, 3, 4,13,14 വാർഡുകളാണ് ബുധനൂർ പോസ്റ്റ് ഓഫിസ് പരിധിയിലുള്ളത്. 6 വാർഡുകളിലായി പതിനായിരത്തിലധികം പോസ്റ്റൽ ഉപഭോക്‌താക്കൾക്കു സേവനമെത്തിക്കുന്ന ഈ പോസ്റ്റ്ഓഫിസ് മാന്നാർ– പുലിയൂർ– ചെങ്ങന്നൂർ പാതയോരത്തെ ബുധനൂർ തോപ്പിൽ ചന്ത ജംക്‌ഷനു സമീപം സ്വകാര്യവ്യക്തിയുടെ ഒറ്റമുറി വാടക കെട്ടിടത്തിലാണ് കഴിഞ്ഞ 50 വർഷത്തിലധികമായി ഈ ഇഡി പോസ്റ്റ്ഓഫിസ് പ്രവർത്തിക്കുന്നത്. ബുധനൂരിലെ 6 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശത്തെ ഒട്ടേറെ സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ, കടമ്പൂർ കുടുംബാരോഗ്യകേന്ദ്രം, ദേശസാത്കൃത ബാങ്കുകൾ, സഹകരണ സംഘം, ഹയർ സെക്കൻഡറി സ്കൂൾ, ആരാധനാലയങ്ങൾ, നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഈ പോസ്റ്റ് ഓഫിസിന്റെ പരിധിയിലുണ്ട്. രാവിലെ 10 മുതൽ 2 വരെയാണ് പ്രവർത്തന സമയം. 

3 വനിതാ ജീവനക്കാരാണ് ഇഡി പോസ്റ്റ് ഓഫിസിന്റെ അമരക്കാർ.  ഒരു പോസ്റ്റ്മാസ്റ്ററും 2 അസി. പോസ്റ്റ്മാസ്റ്ററും. ഒറ്റ മുറിയിൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇവർ പ്രവർത്തിക്കുന്നത്. രാവിലെ പുലിയൂർ പോസ്റ്റ് ഓഫിസിൽ പോയി മെയിൽ എടുത്തു കൊണ്ടു വരുന്നതോടെ ഓഫിസ് സജീവമാകും. ഒറ്റ മുറിയിൽ നട്ടം തിരിയുകയാണെങ്കിലും പോസ്റ്റൽ സംബന്ധമായ ഒട്ടുമിക്ക സേവനങ്ങളും ഇവിടെയുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ നയമനുസരിച്ചു ഇത്തരത്തിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളെ സബ് ഓഫിസായി ഉയർത്താനാകില്ല. വരുമാനവും മികച്ച സേവനവും ഇവിടെയുള്ളതിനാൽ തപാൽ വകുപ്പ് ബുധനൂർ പോസ്റ്റ് ഓഫിസ് നിർത്തില്ലെന്നുറപ്പുണ്ടു നാട്ടുകാർക്ക്. സൗകര്യമുള്ള കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തിക്കണം. നാട്ടുകാരുടെ ആവശ്യവും ബാധ്യതയുമാണ് ഈ പോസ്റ്റ് ഓഫിസ് നിലനിർത്തുകയെന്നത്. നിലവിൽ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നതു വാടക പോലും നൽകാതെയാണ്. വെറും 200 രൂപയാണ് കറന്റ് ചാർജ് ഇനമായി തപാൽ വകുപ്പു കെട്ടിട ഉടമയ്ക്കു നൽകുന്നത്. സേവന സന്നദ്ധതയുള്ള വീട്ടുകാരുടെ കരുണാകടാഷത്തിലാണ് അരനൂറ്റാണ്ടു ഇവിടെ പ്രവർത്തിക്കുന്നത്. 

ഉയർച്ചയ്ക്ക് പഞ്ചായത്ത് കനിയണം
പുലിയൂർ‌ സബ് പോസ്റ്റ് ഓഫിസിന്റെ ബ്രാഞ്ച് പോസ്റ്റ് ഓഫിസിനു ശാപമോക്ഷം ലഭിക്കണമെങ്കിൽ ബുധനൂർ പഞ്ചായത്തു കനിയണം. കൂടാതെ നാട്ടിലെ സന്നദ്ധ സംഘടനയുടെയോ, വ്യക്തികളുടെയും കലാ–സാംസ്കാരിക സംഘടനകളുടെയും പിന്തുണയുണ്ടായാൽ ഇഡി ആയി തന്നെ നിലനിർത്തി സൗകര്യം മെച്ചപ്പെടുത്താനാകും.

''അരനൂറ്റാണ്ടിലധികമായി ബുധനൂരുകാർ ആശ്രയിക്കുന്ന ഇഡി പോസ്റ്റ് ഓഫിസ് സ്വന്തമായി ഒരു കെട്ടിടവും വിപുലമായ ഓഫിസ് സൗകര്യങ്ങളോടുംകൂടെ സാധാരണ പോസ്റ്റ് ഓഫിസുകളെ പോലെ പകൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന തരത്തിൽ ഉയർത്തണം. ഒട്ടേറെത്തവണ ഈ ആവശ്യം നാട്ടുകാർ ഉന്നയിച്ചു. എംപിയെ നേരിൽ കണ്ടു പരാതി ബോധിപ്പിച്ചു. പഞ്ചായത്തു കെട്ടിടം വിട്ടു നൽകാമെന്നു പറഞ്ഞെങ്കിലും പിൻമാറി. ബ്രാഞ്ച് പോസ്റ്റ് ഓഫിസായാലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അധികൃതരുടെയും സേവന മനോഭാവമുള്ള സന്നദ്ധ സംഘടനകളുടെയും സഹായം ഉണ്ടാകണം.''  വാർത്ത നിർദേശിച്ചത്: ഹരിപാണുവേലി, ബുധനൂർ വികസന ക്ഷേമ സമിതി പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com