ഇടിച്ചു നിരത്തി മണ്ണ് ഖനനം: മറ്റപ്പള്ളി മലയെ സംരക്ഷിക്കാൻ അണിനിരന്നത് നാട്
Mail This Article
ചാരുംമൂട്∙ മറ്റപ്പള്ളി മല ഇടിച്ചു നിരത്തി മണ്ണ് ഖനനം ചെയ്യുന്നതിനെ നാട്ടുകാർ എതിർക്കുന്നത് പ്രകൃതി ദുരന്തമുണ്ടാകുമെന്ന ഭീതിയിൽ. 2012 സെപ്റ്റംബർ 12ന് ഉണ്ടായ ഭൂചലനത്തിൽ പാലമേൽ പഞ്ചായത്തിലെ ഇരന്നൂറോളം വീടുകൾക്ക് വിള്ളലുണ്ടായി. ഇതോടൊപ്പം സമീപ ജില്ലയായ പത്തനംതിട്ടയിലെ പള്ളിക്കൽ പഞ്ചായത്തിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കുന്നിടിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുമെന്നാണു നാട്ടുകാരുടെ ഭീതി.
പരിസ്ഥിതി ലോല പ്രദേശമായ പാലമേൽ പഞ്ചായത്തിലെ കുന്നുകൾ തകർക്കാനുള്ള നീക്കം വൻ പരിസ്ഥിതി ദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് എഴുത്തുകാരനും പരിസ്ഥിതി മിത്ര പുരസ്കാര ജേതാവുമായ സി.റഹിം പറയുന്നത്. ഓണാട്ടുകരയുടെ കുടിവെള്ള സംഭരണിയെന്ന് വിശേഷിപ്പിക്കാവുന്ന പുഞ്ച വറ്റി വരളാൻ പാലമേൽ പഞ്ചായത്തിലെ കുന്നുകളുടെ നശീകരണം കാരണമാകും. ഓണാട്ടുകരയുടെ പ്രധാന നെല്ലറകളിലൊന്നായ കരിങ്ങാലിൽ പുഞ്ച നശിക്കുന്നതോടെ മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ളവും കൃഷിയും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.