ADVERTISEMENT

ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് മഹാദീപക്കാഴ്ചയോടെ തുടക്കമായി. ശ്രീകോവിലിലെ നെയ്‌വിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രനടയിലെ വിളക്കിൽ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി തെളിച്ചതോടെയാണ് മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായത്. ക്ഷേത്രത്തിലും പരിസരത്തുമായി ഒരുക്കിയ ആയിരക്കണക്കിന് വിളക്കുകളിലേക്ക് ദീപം പകർന്നു. ഇതോടെ പുണർതം സന്ധ്യയിൽ ക്ഷേത്രവും കാവുകളും ദീപപ്രഭയിൽ ശോഭിച്ചു. ഇല്ലത്തെ കുടുംബാംഗങ്ങളും  ഭക്തരും വിളക്കുകൾ തെളിച്ചു. ആയില്യത്തിനു മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും ചാർത്തുന്ന നാലു ദിവസത്തെ കളഭമുഴുക്കാപ്പും കാവിൽ പൂജകളും  പൂർണമായ പുണർതം നാളിലെ മഹാദീപക്കാഴ്ചയ്ക്ക് സാക്ഷിയാകാൻ  ഒട്ടേറെ ഭക്തരാണ് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയത്. തുടർന്ന് കോഴിക്കോട് പ്രശാന്ത് വർമ നയിച്ച ‘മാനസജപലഹരി’ നടന്നു. 

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ദീപക്കാഴ്ചയ്ക്ക് ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി ഭദ്രദീപം  കൊളുത്തുന്നു. എസ്. നാഗദാസ് സമീപം. 			
ചിത്രം: മനോരമ.
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ദീപക്കാഴ്ചയ്ക്ക് ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തുന്നു. എസ്. നാഗദാസ് സമീപം. ചിത്രം: മനോരമ.

ഇന്നും നാളെയും പ്രവേശനം കിഴക്കേനടയിലൂടെ 
പൂയം, ആയില്യം നാളുകളിൽ ഭക്തർക്കു ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.  ക്ഷേത്ര ദർശനത്തിനു ശേഷം വടക്കേനട കടന്ന് ഇല്ലത്തെ നിലവറയിൽ തൊഴാം. 

ഉത്സവ വേദിയിൽ ഇന്ന്
രാവിലെ 6.30ന് ഭാഗവത പാരായണം, 8.30ന് ശ്രീനന്ദ ഇളയിടത്തിന്റെ അഷ്ടപദി, 9.30ന് ഇടപ്പള്ളി ഗായത്രീ ഭജന മണ്ഡലിയുടെ ഹരിനാമസങ്കീർത്തനാമൃതം,12ന് ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരിയുടെ പുരാണ കഥാഖ്യാനം, വൈകിട്ട് 3ന് ബാംസുരി നാരായണ സമിതിയുടെ നാരായണീയ പാരായണം, 5.30ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതലയം, 7ന് തൃപ്പൂണിത്തുറ പി.എസ്. രാമചന്ദ്ര ഭാഗവതരുടെ സാമ്പ്രദായിക് ഭജൻ.

കെഎസ്ആർടിസി പ്രത്യേക സർവീസ്
ആയില്യ ദിവസമായ നാളെ കെഎസ്ആർടിസി  മണ്ണാറശാലയിലേക്ക് പ്രത്യേക സർവീസ് നടത്തും.ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ,  പന്തളം, കൊല്ലം, ആലപ്പുഴ, തിരുവല്ല, കോട്ടയം ഡിപ്പോകളിൽ നിന്നു പ്രത്യേക സർവീസ് നടത്തും. ഹരിപ്പാട് ഡിപ്പോയിൽ നിന്നു പുലർച്ചെ മുതൽ മണ്ണാറശാലയിലേക്ക് സർവീസ് ഉണ്ടാകും. 

പൊലീസ് കൺട്രോൾ റൂം
ആയില്യത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. ക്ഷേത്രത്തിലും പരിസരത്തും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി: ജി. അജയനാഥ്, ഹരിപ്പാട് എസ്എച്ച്ഒ: വി.എസ്. ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ 100 സിവിൽ പൊലീസ് ഓഫിസർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മഫ്തിയിലും പൊലീസിനെ വിന്യസിക്കും.

പൂയം തൊഴൽ വൈകിട്ട്  5 മുതൽ
അനന്ത–വാസുകീ ചൈതന്യങ്ങൾ ഏകീഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ  അനന്തഭഗവാന്റെ  ദർശനപുണ്യമായ പൂയം തൊഴൽ ഇന്നു നടക്കും. വൈകിട്ട് 5 മുതലാണ്  പൂയംതൊഴൽ. നാഗദൈവങ്ങൾക്ക് ഉപ്പും മഞ്ഞളും സമർപ്പിച്ച് അനുഗ്രഹം വാങ്ങാൻ  ഒട്ടേറെ ഭക്തരാണ് പൂയം നാളിൽ ക്ഷേത്രത്തിലെത്തുന്നത്. അനന്തഭാവത്തിലുള്ള തിരുവാഭരണമാണ് പൂയം നാളിൽ ഭഗവാന് ചാർത്തുന്നത്. രാവിലെ 9.30ന് നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും  തിരുവാഭരണം ചാർത്തും. ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപ്പൂജ ദർശിക്കാനും ഭക്തജനത്തിരക്കാണ്. 
ക്ഷേത്രത്തിന്റെ തെക്കേ നടയിലെ മണ്ണാറശാല യുപി സ്കൂളിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ രാവിലെ 11മുതൽ ഉച്ചയ്ക്ക് 2 വരെ പൂയസദ്യ നടക്കും. രാവിലെ ക്ഷേത്രനടയിൽ മേളവാദ്യ സേവയ്ക്കു ശേഷം ഉച്ചയ്ക്ക് 2.30 മുതൽ സർപ്പം പാട്ട് തറയിലും  മേളവാദ്യസേവ നടക്കും. തൃശൂർ എരവത്ത് അപ്പുമാരാരും സംഘവുമാണ് പഞ്ചവാദ്യസേവ നടത്തുന്നത്. അമ്പലപ്പുഴ വിജയകുമാറും സംഘവും ഇടയ്ക്ക വാദ്യസേവ നടത്തും.  

നാളെ നടതുറപ്പ് പുലർച്ചെ 4ന്
ഭഗവാന്റെ തിരുനാളായ ആയില്യത്തിന് നാളെ പുലർച്ചെ 4ന് നടതുറക്കും. നിർമാല്യ ദർശനം, അഭിഷേകം, ഉഷഃപൂജ, നാഗരാജാവിനും  സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ എന്നിവ നടക്കും. ആയില്യം പ്രമാണിച്ച് രാവിലെ 9.30 കഴിഞ്ഞ് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം നിലവറയ്ക്ക് സമീപം തെക്കേത്തളത്തിൽ ഭക്തർക്ക് ദർശനം നൽകും. രാവിലെ 10 മുതൽ മണ്ണാറശാല യുപി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട്  നടക്കും. ആയില്യം നാളിൽ അമ്മയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന എഴുന്നള്ളത്തും വിശേഷാൽ പൂജകളും ഇത്തവണയില്ലാത്ത സാഹചര്യത്തിൽ നാഗരാജാവിന്റെ  ശ്രീകോവിലിൽ കലാശാഭിഷേകവും നൂറുംപാലും വിശേഷാൽ പൂജകളും  നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com