ചമ്പക്കുളം കൃഷിഭവനിൽ നിന്ന് നൽകിയ വിത്ത് മുളച്ചില്ല, വിത മുടങ്ങി
Mail This Article
എടത്വ ∙ ഇന്നലെയും ഇന്നുമായി വിത നടത്താൻ പാടശേഖരം തയാറാക്കി കാത്തിരുന്നവർക്ക് ഇരട്ടി പ്രഹരം. മുളപ്പിക്കാൻ കിട്ടിയ വിത്ത് മുളയ്ക്കാതെ പോയി. കഴിഞ്ഞമാസം 14 ന് ചമ്പക്കുളം കൃഷിഭവൻ മുഖേന കണ്ടങ്കരി പാട്ടത്തിവരമ്പിനകം, ഉന്തംവേലി, ചക്കംകരി തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർക്ക് വിതരണം ചെയ്ത, കേരള സീഡ് അതോറിറ്റിയുടെ വിത്താണ് മുളയ്ക്കാഞ്ഞത്. ഇക്കുറി കുട്ടനാട്ടിൽ പകുതിയിലധികം കർഷകർക്കും കേരള സീഡ് അതോറിറ്റിയുടെ പേരിലാണ് വിത്ത് വിതരണം ചെയ്തത്. കുട്ടനാട്ടിൽ വിത തുടങ്ങിയതേയുള്ളൂ. 30 ശതമാനം വിത്തു പോലും മുളച്ചിട്ടില്ല എന്നാണ് കർഷകർ പറയുന്നത്. കേരള സീഡ് അതോറിറ്റിയുടെ പേരിലാണ് വിത്ത് നൽകിയതെങ്കിലും ചാക്കിനു പുറത്ത് പേരോ തൂക്കമോ രേഖപ്പെടുത്തിയിട്ടില്ല. പഴയ ചാക്കിലാണ് വിത്ത് നൽകിയത്.
കർഷകർ മുളയ്ക്കാത്ത വിത്തും കൊണ്ട് കൃഷിഭവനിൽ എത്തി പരാതി പറഞ്ഞെങ്കിലും പരിഹാരമായില്ലെന്ന് പാട്ടത്തിവരമ്പിനകം പ്രസിഡന്റ് ആർ. തുളസി, ഉന്തംവേലി പാടശേഖര സമിതി സെക്രട്ടറി വിജയകുമാർ എന്നിവർ പറഞ്ഞു. ഇനി വിതയ്ക്കണമെങ്കിൽ പുതിയ വിത്ത് വില കൊടുത്തു വാങ്ങണം. വിത താമസിക്കുന്നതിനാൽ ഒരുക്കിയിട്ട പാടശേഖരങ്ങൾ കള കയറും. വീണ്ടും കള നീക്കം ചെയ്യേണ്ടതായും വരും. ഇതിനു വീണ്ടും കൂലിച്ചെലവാകുമെന്നാണ് കർഷകർ പറയുന്നത്. ഗുണനിലവാരമുള്ള വിത്ത് കണ്ടെത്തി വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ കൃഷിഓഫിസർ പറയുന്നത് മുള പൊട്ടുന്നുണ്ടെന്നാണ്. സാധാരണയിൽ അൽപ സമയം കൂടി വെള്ളത്തിൽ മുക്കി നീരുകൊടുത്താൻ പൂർണമായും മുളയ്ക്കുമെന്നാണ് കൃഷിഓഫിസർ പറയുന്നത്.