ADVERTISEMENT

മുഹമ്മ ∙ വേമ്പനാട്ടുകായലിൽ മത്സ്യങ്ങളുടെ വംശവർധനയ്ക്കായി മത്സ്യത്തൊഴിലാളികൾ അനുഷ്ഠിച്ചുവരുന്ന കായലിൽ നെൽവിത്ത് പൂജിച്ച് വിതറുന്ന ആചാരം സംയുക്ത വേമ്പനാട് കായൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊന്നാട് മേഖലയിൽ നടന്നു. രാജഭരണകാലംതൊട്ടുള്ള ആചാരമാണിത്. ഇടപ്പള്ളി രാജവംശത്തിന്റെ കീഴിലുണ്ടായിരുന്ന തൃക്കുന്നപ്പുഴ ധർമശാസ്താ ക്ഷേത്രത്തിലേക്ക് ഇടപ്പള്ളിയിൽനിന്നും രാജാവ് ഓടിവള്ളത്തിൽ കായലിലൂടെ സഞ്ചരിക്കും. 

തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അകമ്പടിയോടെ രാജാവ് സഞ്ചരിക്കുമ്പോൾ ഇടക്കൊച്ചി, ചെമ്പ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ചെമ്പിലരയൻ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ അയ്യപ്പ സ്തുതി ഗീതങ്ങൾ പാടി ഓടിവള്ളത്തിൽ രാജാവിനെ അനുധാവനം ചെയ്യുന്നത് പതിവായിരുന്നു. തൃക്കുന്നപ്പുഴയിൽ ഓടിവള്ളങ്ങളിലെത്തുന്ന മത്സ്യത്തൊഴിലാളികളുടെ മത്സരം രാജാവ് തൃക്കുന്നപ്പുഴയാറ്റിൽ നടത്തും.

വിജയികൾക്ക് സമ്മാനങ്ങളും നൽകും. ധർമശാസ്താവിന് സ്വർണത്തിൽ നിർമിച്ച ചെമ്മീനിന്റെയും കക്കയുടെയും രൂപങ്ങൾ കാണിക്കയായി സമർപ്പിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ക്ഷേത്രത്തിലെ പുരോഹിതൻ പൂജിച്ച നെൽവിത്ത് നൽകും. ഈ നെൽവിത്ത് കായലിൽ വിതറിയാൽ മത്സ്യവും കക്കയും വർധിക്കുമെന്നാണ് തൊഴിലാളികളുടെ വിശ്വാസം. രാജഭരണകാലം മുതലുള്ള ഈ വിശ്വാസത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പൊന്നാട് മേഖലയിൽ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com