ഹോട്ടലിൽ മോഷണം: പ്രതികളെ പിടികൂടി
Mail This Article
ആലപ്പുഴ∙ ഹോട്ടലിൽ നിന്നും പണവും മൊബൈലും മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. എറണാകുളം മാറാംപള്ളി വിരുതനാട്ട് വീട്ടിൽ ജിത്തു സണ്ണി (24), കോട്ടയം തൃക്കൊടിത്താനം കടമാൻച്ചിറ പത്തിൽ വീട്ടിൽ ടിനു (19) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ മാസം പള്ളാത്തുരുത്തിയിലുള്ള ഹോട്ടലിൽ രാത്രി ഒരു മണിയോടെയാണ് ഇവർ മോഷണം നടത്തിയത്. ഹോട്ടലിലെ കൗണ്ടറിനുള്ളിലും രണ്ട് മേശകളിലും സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും 7,000 രൂപ വില വരുന്ന മൊബൈൽ ഫോണും ആണ് ഇവർ കവർന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം പുത്തൻകുരിശ്, തൊടുപുഴ, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്ഥിരം കുറ്റവാളിയായ ജിത്തു സണ്ണിയും കൂട്ടാളിയായ ടിനുവും ചേർന്നാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.
കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെ ലഹരിമരുന്ന് കേസിൽ പിടികിട്ടാപ്പുള്ളിയായ ജിത്തു സണ്ണി സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തതു അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാക്കനാട് ഇൻഫോ പാർക്കിന് സമീപം താമസിക്കുകയാണെന്നു മനസ്സിലാക്കി. സൗത്ത് പൊലീസ് എസ്എച്ച്ഒ എസ്. അരുണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ കെ.ആർ. ബിജു, എഎസ്ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ടി. സജീവ്, ബിനോജ്, രാജീവ്, വിപിൻ ദാസ്, അംബീഷ് എന്നിവർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കൂട്ടുപ്രതിയായ ടിനു സന്തോഷിനെ ചങ്ങനാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.