തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവം ഭക്തിസാന്ദ്രം
Mail This Article
തുറവൂർ ∙ തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി വലിയവിളക്ക് ഉത്സവം ഭക്തി സാന്ദ്രമായി. ഇന്നു ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്നലെ രാവിലെയും വൈകിട്ടും നടന്ന ശ്രീബലിക്കും കാഴ്ച ശ്രീബലിക്കും കേരളത്തിലെ പേരുകേട്ട 12 ഗജവീരൻമാർ അണിനിരന്നു. എഴുന്നള്ളത്തിനു പരമ്പരാഗത താളമേളങ്ങളുടെ ഇലഞ്ഞിത്തറ മേളത്തിന്റെ ചക്രവർത്തി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ നൂറ്റിഅൻപതോളം കലാകാരൻമാർ തീർത്ത മേജർ പഞ്ചാരിമേളം ആസ്വാദകരെ പുളകമണിയിച്ചു.
പതിനായിരങ്ങളാണു മേളം കാണുന്നതിനു ഇതര ജില്ലകളിൽ നിന്നായി ക്ഷേത്രാങ്കണത്തിൽ നിറഞ്ഞത്. നെന്മാറ ബ്രദേഴ്സിന്റെ നാദസ്വരം, ഓട്ടൻ തുള്ളൽ, ഭക്തിഗാനമേള , ജുഗൽ ബന്ദി, മൈസൂരു നാഗരാജ്, മൈസൂരു മഞ്ജുനാഥ് എന്നിവരുടെ വയലിൻ ഡ്യുയറ്റ് എന്നിവ ഉണ്ടായിരുന്നു. പുലർച്ചെ ഗ്രാമത്തിന്റെ ഇതര ഭാഗങ്ങളിലുള്ള കൈനിക്കര ദേവീക്ഷേത്രം, മന്നത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പുരന്ദരേശ്വരം ക്ഷേത്രം, തിരുവെങ്കിടപുരം ക്ഷേത്രം, പട്ടത്താളിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് എഴുന്നള്ളി എത്തിയ ദേവന്മാരെ നൃസിംഹമൂർത്തിയും മഹാ സുദർശന മൂർത്തിയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് ഒന്നിച്ചുള്ള കൂട്ടിയെഴുന്നള്ളത്ത് കാണുന്നതിന് ആയിരങ്ങളാണ് ഉറക്കമിളച്ചു കാത്തുനിന്നത്. ദേവന്മാരുടെ പുലർച്ചെയുള്ള തിരിച്ചുപോക്ക് യാത്ര പറയുന്ന അസുലഭ മുഹൂർത്തം ഭക്തരെ ആനന്ദത്തിലാഴ്ത്തി.