ദേശീയപാത നിർമാണ പുരോഗതി

Mail This Article
ആലപ്പുഴ ∙ ദേശീയപാതയിൽ നിർമാണ പുരോഗതിയിൽ മുൻപിൽ തുറവൂർ–പറവൂർ ഭാഗം. ഇവിടെ 18% നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. പറവൂർ–കൊറ്റുകുളങ്ങര ഭാഗത്ത് 14% നിർമാണ പ്രവർത്തനങ്ങളും കൊറ്റുകുളങ്ങര–കൃഷ്ണപുരം ഭാഗത്ത് 15 ശതമാനത്തോളം നിർമാണവും പൂർത്തിയായി. മഴ മാറിയതോടെ പാത നിർമാണം അൽപം വേഗത്തിലായെങ്കിലും മണ്ണിന്റെ ലഭ്യതക്കുറവ് നിർമാണത്തിന്റെ വേഗത്തെ ബാധിക്കുന്നുണ്ടെന്നു ദേശീയപാത അതോറിറ്റി പ്രോജക്ട് ഓഫിസ് അധികൃതർ പറഞ്ഞു.
അടിപ്പാതകളുള്ളിടത്തു റോഡ് ഉയർത്താൻ ഏറെ മണ്ണ് വേണ്ടിവരും. അയൽ ജില്ലകളിൽ നിന്നുൾപ്പെടെ മണ്ണ് ലഭിച്ചാൽ മാത്രമാകും റോഡ് ഉയർത്താനാകുക. തുറവൂർ–പറവൂർ റീച്ചിൽ പകുതിയിലധികം ഭാഗത്തു സർവീസ് റോഡിനുള്ള ഭാഗം മണ്ണിട്ടു ബലപ്പെടുത്തി മെറ്റൽ വിരിച്ച് ഉറപ്പിച്ചു. ഇവിടെ ടാർ ചെയ്താൽ ഇതുവഴി വാഹനങ്ങൾ കടത്തിവിട്ട് ആറുവരിപ്പാതയുടെ നിർമാണം ആരംഭിക്കാനാകും.
ആലപ്പുഴ ബൈപാസിൽ റെയിൽവേ പാതയ്ക്കു സമീപത്തേത് ഒഴികെയുള്ള തൂണുകളുടെ നിർമാണം പൂർത്തിയായി. തൂണുകൾക്കു മുകളിൽ ഉറപ്പിക്കാനുള്ള ഗർഡറുകളുടെ നിർമാണവും പൂർത്തിയാവുകയാണ്. പറവൂർ–കൊറ്റുകുളങ്ങര ഭാഗത്തു മണ്ണിട്ടുയർത്തേണ്ട സ്ഥലങ്ങൾ കൂടുതലുണ്ട്. മണ്ണിട്ടുയർത്തിയ ഭാഗത്തു മെറ്റലിങ്ങും നടക്കുന്നുണ്ട്. ചേപ്പാട് ഉയരപ്പാതയുടെ പൈലിങ്ങും കോൺക്രീറ്റിങ്ങും ആരംഭിച്ചു. തോട്ടപ്പള്ളി പാലം, ടിഎസ് കനാൽ പാലം എന്നിവയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളും നടക്കുകയാണ്. അടിപ്പാതകളുടെ നിർമാണവും പുരോഗമിക്കുന്നു.
അരൂർ–തുറവൂർ ഉയരപ്പാത– 7%
അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണം 7% പൂർത്തിയായി. ആറിടങ്ങളിലായാണു നിർമാണം പുരോഗമിക്കുന്നത്. തുറവൂർ ജംക്‌ഷനു സമീപം തൂണുകളുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. ഇവിടെ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കാൻ ലോഞ്ചിങ് ഗാൻട്രി ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. 36 മാസമാണ് ഉയരപ്പാതയുടെ നിർമാണ കാലാവധി. ഇതിൽ 8 മാസം ഇതിനകം പിന്നിട്ടു.