‘ഷവായ്’ വാങ്ങിയവർക്ക് ഛർദിയും വയറിളക്കവും, ഭക്ഷ്യവിഷബാധയെന്ന് സംശയം; റസ്റ്ററന്റ് പൂട്ടി സീൽ ചെയ്തു

Mail This Article
കായംകുളം ∙ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേരെ ശാരീരിക അസ്വസ്ഥതകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായർ രാത്രി ലിങ്ക്‌റോഡിലുള്ള കിങ് കഫേ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. റസ്റ്ററന്റ് നഗരസഭ പൂട്ടി സീൽ ചെയ്തു. ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാൽ (29), നാസിഖ് (27), അഫ്‌സൽ (28), മൻസൂർ (27) എന്നിവരും പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുൽ ഉണ്ണി (27) എന്നിവരും കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ചൂനാട് സ്വദേശികളായ അജ്മൽ (28), നിഷാദ് (24), അഫ്‌സൽ (27), അജ്മൽ (27) എന്നിവർ ചൂനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റു ചിലർ സ്വകാര്യ ക്ലിനിക്കുകളിലും ചികിത്സ തേടിയിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് നേരിട്ടും പാഴ്‌സലായും ‘ഷവായ്’ വാങ്ങിയവർക്കാണ് ഛർദിയും വയറിളക്കവും പിടിപെട്ടത്. ഇന്നലെ രാവിലെ മുതലാണ് അസ്വസ്ഥത ഉണ്ടായത്. കൂടുതൽ പേർ ചികിത്സ തേടി എത്തിയതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന് സംശയം ബലപ്പെട്ടത്. ചികിത്സ തേടി എത്തിയവരുടെ രക്തസാംപിളുകൾ പരിശോധനക്കെടുത്തു. നഗരസഭാധ്യക്ഷ പി. ശശികല ആശുപത്രിയിൽ എത്തുകയും നടപടി സ്വീകരിക്കാൻ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. കെപിസിസി സെക്രട്ടറി കറ്റാനം ഷാജി, നഗരസഭ കൗൺസിലർ എ.പി.ഷാജഹാൻ, നിഥിൻ പുതിയിടം എന്നിവരുടെ നേതൃത്വത്തിൽ റസ്റ്ററന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.