ADVERTISEMENT

എടത്വ∙ എങ്ങും ദേവീസ്തുതികൾ മാത്രം ഉയർന്നു കേൾക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. ക്ഷേത്രത്തിനകവും പുറവും വഴിത്താരകളും പൊങ്കാലക്കലങ്ങൾ നിറ‍ഞ്ഞു. സെറ്റും മുണ്ടും അണിഞ്ഞു സ്ത്രീ ജനങ്ങൾ തൊഴുകൈകളോടെ പ്രാർഥന നിരതരായി നിൽക്കുന്ന കാഴ്ചയാണ് എങ്ങും. ഒട്ടേറെ ഭക്തരും സംഘടനകളും ഇന്നലെ രാത്രി മുതൽ കഞ്ഞിയും പയറും തയാറാക്കി വഴിപാടായി നൽകി. ക്ഷേത്രത്തിന്റെ പരിസര മേഖലകളിലെല്ലാം പൊങ്കാല കലങ്ങൾ നിരക്കും. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണു പൊങ്കാല അടുപ്പുകൾ ഒരുക്കുന്നത്. 

മൂവായിരത്തിലധികം സന്നദ്ധ പ്രവർത്തകരെ ഇൻഫർമേഷൻ സെന്ററുകളിലും പാർക്കിങ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങൾക്കു പൊലീസ്, അഗ്നിരക്ഷാസേന, എക്സൈസ് എന്നിവരുടെ സേവനം പത്തനംതിട്ട, ആലപ്പുഴ കലക്ടർമാരുടെ നേതൃത്വത്തിൽ ഒരുക്കി. തുടർച്ചയായ 23 വർഷമായി തിരുവനന്തപുരത്തു നിന്നെത്തി ആയിരക്കണക്കിനു ഭക്തജനങ്ങൾക്കു സൗജന്യ ഭക്ഷണം ഒരുക്കുന്ന ശെൽവരാജും സംഘവും ഇക്കുറിയും തലവടി പഞ്ചായത്ത് ജംക്‌ഷനു സമീപം ഭക്ഷണം തയാറാക്കിയിട്ടുണ്ട്. 

ഇന്നലെ മുതൽ സ്ത്രീകളെ മാത്രമാണു ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കുന്നത്. ഇന്നു പൊങ്കാല ചടങ്ങുകൾ തീരുന്നതു വരെ സ്ത്രീകളെ മാത്രമാകും ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കുക. പുലർച്ചെ 4 ന് നിർമാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും. 9നു വിളിച്ചു ചൊല്ലി പ്രാർഥന, തുടർന്നു ക്ഷേത്ര ശ്രീകോവിലിൽ നിന്നു മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാരപ്പൊങ്കാലയ്ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

9.30നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പൊങ്കാല ഉദ്ഘാടനം ചെയ്യും. മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ഇതോടൊപ്പം ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മൂലബിംബം പണ്ടാര പൊങ്കാലയടുപ്പിനു സമീപത്തേക്ക് എത്തിക്കും. തുടർന്ന് അടുപ്പിൽ അഗ്നി ജ്വലിപ്പി‌ക്കും. വാർപ്പിൽ അരി പകരും. അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ തുടർ ചടങ്ങുകൾ നടക്കും. 10 മണിയോടെ 51 ജീവതകളിലായി ദേവീ ചൈതന്യം പൊങ്കാല തളിയ്ക്കുന്നതിനായി എഴുന്നള്ളും. തിരികെയെത്തിയ ശേഷം ഉച്ച ദീപാരാധനയോടെ ചടങ്ങുകൾ സമാപിക്കും.

വൈകിട്ട് 5നു സാംസ്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനവും മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തും. സമ്മേളനത്തിനു ശേഷം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും. ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി ജ്വലിപ്പിക്കും. ഇന്നലെ മുതൽ തമിഴിലും മലയാളത്തിലും പൊങ്കാല അറിയിപ്പുകൾ നടക്കുന്നുണ്ട്. 

തീർഥാടകർക്കു ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൊങ്കാല വീഥിയിലെ പ്രധാന ജംക്‌ഷൻ കേന്ദ്രീകരിച്ച‌ു കിയോസ്ക്കുകൾ സ്ഥാപിച്ചു. ജല അതോറിറ്റിയുടെ ശുദ്ധജല ടാപ്പിനു പുറമേയാണു കിയോസ്ക്കുകൾ. കൂടാതെ പൊങ്കാല വീഥിയിൽ ലോറിയിൽ ശുദ്ധജലം എത്തിക്കാനും ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ ബന്ധപ്പെടേണ്ട നമ്പർ: 0477–2213550, 9188311000, 947909326.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com