അരൂർ–തുറവൂർ ഉയരപ്പാത; പാതയ്ക്കു കുറുകെ അരൂരിലും ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ചു
Mail This Article
തുറവൂർ ∙ ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാതയ്ക്കായി നിർമിക്കുന്ന തൂണുകൾക്കു മുകളിൽ ബീമുകളും ഗർഡറും സ്ഥാപിക്കുന്നതിനുള്ള ലോഞ്ചിങ് ഗാൻട്രി പാതയ്ക്കു കുറുകെ അരൂരിലും സ്ഥാപിച്ചു തുടങ്ങി. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ലോഞ്ചിങ് ഗാൻട്രിയാണ് അരൂരും തുറവൂരും സ്ഥാപിക്കുന്നത്. ഇതിൽ തുറവൂരിലെ ജോലി പൂർത്തിയായി. അരൂർ ക്ഷേത്രം ജംക്‌ഷന് തെക്കു ഭാഗത്താണ് നിർമാണം നടക്കുന്നത്. പാതയ്ക്കു കുറുകെ ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കുന്നതിനാൽ ഗതാഗത കുരുക്കുമുണ്ട്.
തുറവൂർ മുതൽ കുത്തിയതോട് 4 കിലോമീറ്റർ ഭാഗത്ത് അറുപത് ശതമാനത്തോളം തൂണുകളുടെ നിർമാണം പൂർത്തിയായി. നിർമാണ സൗകര്യത്തിനായി ക്രെയിനുകളും യന്ത്ര സാമഗ്രികളും സൂക്ഷിച്ചിട്ടുള്ള ഭാഗത്ത് തൂണുകളുടെ നിർമാണം നടക്കാനുണ്ട്. ഇതുകൂടാതെ തൂണുകൾക്ക് മുകളിലെ പിയർ ക്യാപ്പിന്റെ കോൺക്രീറ്റിങ് പല ഭാഗത്തും പൂർത്തിയാക്കാനുണ്ട്. ഇത് പൂർത്തിയായാൽ മാത്രമേ സ്ഥാപിച്ചിരിക്കുന്ന ലോഞ്ചിങ് ഗൈൻട്രി ഉപയോഗിച്ച് തൂണിനുമുകളിൽ ബിമുകളും ഗർഡറുകളും സ്ഥാപിക്കാൻ സാധിക്കു.
തൂണുകൾ കോൺക്രീറ്റ് ചെയ്ത 20 ദിവസത്തിന് ശേഷമേ അതിന് മുകളിൽ പിയർ ക്യാപ്പിന്റെ കോൺക്രീറ്റും ഇത് ഉറച്ചതിനു ശേഷമേ മുകളിൽ ബീമും, ഗർഡറുകളും സ്ഥാപിക്കാൻ സാധിക്കു. ബീമും, ഗർഡറുകളും ഉയർത്തി സ്ഥാപിക്കുന്നതിന് 50 ടൺ ഭാരം വഹിക്കുന്നതിനുള്ള ലോഞ്ചിങ് ഗാൻട്രിയാണ് ആകാശപ്പാതയുടെ നിർമാണത്തിനായി സ്ഥാപിച്ചത്. അരൂർ മുതൽ തുറവൂർ വരെ 1668.5 കോടി രൂപ ചെലവിട്ട് 12.75 കിലോമീറ്റർ നീളത്തിലാണ് ഉയരപ്പാത നിർമിക്കുന്നത്. 3 വർഷമാണു നിർമാണ കാലയളവ്.
വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി
തുറവൂർ ∙തുറവൂർ മുതൽ അരൂർ വരെയുള്ള ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഗതാഗത കുരുക്കൊഴിവാക്കാൻ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. നിലവിൽ നാലുവരി പാതയിൽ പാതയുടെ ഇരുവശങ്ങളിലുമായി രണ്ടുവരി പാത ഉയരപ്പാതയുടെ നിർമാണവുമായി ഇരുമ്പ് ബാരിക്കേഡ് ഉപയോഗിച്ച് കുറച്ചിരുന്നു.
ഇതോടെ വാഹനങ്ങളുടെ കുരുക്കും തുടങ്ങിയിരുന്നു. സർവീസ് റോഡുകൾ നിർമിക്കുന്നതിനു വേണ്ടിയാണ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നത്.പൊലീസും ദേശീയപാത ഉദ്യോഗസ്ഥരും എത്തിയാണ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്.എന്നാൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പാതയോരത്ത് വെട്ടിയിട്ട തണൽ മരങ്ങളും , ഇതിന്റെ ചില്ലകളും നീക്കം ചെയ്യാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.അരൂർ ശ്രീനാരായണ നഗറിനു വടക്കുഭാഗത്ത് കൂറ്റൻ തണൽ മരത്തിന്റെ കൊമ്പുകളും തടികളും ഒരാഴ്ചയായി പാതയോരത്തു തന്നെ കിടക്കുകയാണ്.
സമീപത്തെ കച്ചവടക്കാർക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിക്കുന്ന വിധമാണ് തടിക്കഷണങ്ങൾ റോഡ് വക്കിൽ കിടക്കുന്നത്.സമീപത്തെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിച്ചപ്പോഴും, മാർഗ തടസ്സമായ തടികളും, മരച്ചില്ലകളും നീക്കാൻ നടപടിയില്ല. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതു മൂലം ആയിരത്തിലേറെ കുടുംബങ്ങളുടെ ജീവിതമാർഗമാണ് അടഞ്ഞത്.