കെഎസ്ആർടിസി ബസ് സർവീസ് റദ്ദാക്കുന്നതു പതിവാകുന്നെന്നു പരാതി; കാത്തിരിപ്പ് മിച്ചം..!
Mail This Article
ചെങ്ങന്നൂർ ∙ െചങ്ങന്നൂർ–സെഞ്ചുറി–പൊട്ടക്കുളം–കൊഴുവല്ലൂർ വഴി പന്തളം കെഎസ്ആർടിസി ബസ് സർവീസ് റദ്ദാക്കുന്നതു പതിവാകുന്നെന്നു പരാതി. 5.30നു ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നു പുറപ്പെടേണ്ട ബസ് ഇന്നലെ 6 മണിയായിട്ടും സർവീസിന് ഒരുങ്ങാതെ വന്നതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാപാരസ്ഥാപനങ്ങളിലെയും വിവിധ ഓഫിസുകളിലെയും ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരാണ് ബസിനെ ആശ്രയിക്കുന്നത്. പല ദിവസങ്ങളിൽ സർവീസ് മുടങ്ങുന്നുണ്ടെന്നു സ്ഥിരംയാത്രക്കാരിയായ സുഖാദിനി പറയുന്നു. വൈകുന്നേരത്തെ സർവീസ് മുടങ്ങുന്നതോടെ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണു പലർക്കും.
ഓട്ടോക്കൂലി നൽകാൻ പ്രയാസപ്പെടുന്നവർ വീടെത്താൻ സുഹൃത്തുക്കളെയോ വീട്ടുകാരെയോ ആശ്രയിക്കേണ്ടി വരുന്നു. കൊഴുവല്ലൂർ, പൊട്ടക്കുളം ഭാഗത്തേക്ക് എത്താൻ മറ്റു ബസുകൾ ഇല്ല. ശനിയാഴ്ച മുതൽ സർവീസ് നടത്തുന്നില്ലെന്നു യാത്രക്കാർ പറഞ്ഞു. ആവശ്യത്തിനു ബസ് ഇല്ലെന്നാണു ഡിപ്പോ അധികൃതരുടെ വിശദീകരണം. ഇന്നലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിനു മുന്നിൽ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് മറ്റൊരു ബസ് ക്രമീകരിച്ചു സർവീസ് നടത്തി.
പലപ്പോഴും യാത്രക്കാർ കൂട്ടംചേർന്നു പ്രതിഷേധിക്കുമ്പോൾ മാത്രമാണു സർവീസ് നടത്താൻ അധികൃതർ തയാറാകുന്നത്. കോവിഡ് കാലത്തു നിർത്തലാക്കിയ പല ഓർഡിനറി സർവീസുകളും ഇനിയും പുനരാംരംഭിച്ചിട്ടില്ല. പത്തനംതിട്ട –ചെങ്ങന്നൂർ ചെയിൻ, ചെങ്ങന്നൂർ –പമ്പ റഗുലർ സർവീസ് എന്നിവ പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു.