ADVERTISEMENT

ഹരിപ്പാട് ∙ റെയിൽവേ സ്റ്റേഷനിൽ രണ്ടു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവുനായകൾക്ക് വാക്സിനേഷൻ നടത്താൻ നഗരസഭയിൽ കൂടിയ യോഗം തീരുമാനിച്ചു.    റെയിൽവേ സ്റ്റേഷനിൽ ആക്രമണം നടത്തിയ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ രോഗ നിർണയ ലാബിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നായയ്ക്ക് പേവിഷബാധയെന്ന് കണ്ടെത്തിയത്.

റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ വച്ച് മുട്ടം സ്വദേശി ഹരിലാൽ(64), കരിപ്പുഴ സ്വദേശി ലാൽകുമാർ(62) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുപതിലധികം തെരുവു നായ്ക്കളും അഞ്ചിലധികം പട്ടിക്കുഞ്ഞുങ്ങളുമാണ് ഉള്ളത്. രണ്ടു തെരുവുനായ്ക്കൾക്കു കൂടി പേവിഷബാധയുടെ ലക്ഷണം കാണിക്കുന്നതായി അധികൃതർ പറഞ്ഞു.   നാളെ രാവിലെ 9 മണി മുതൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിനേഷൻ നൽകും.

ഇതിനായി നഗരസഭ 2 നായ പിടിത്തക്കാരെ നിയോഗിച്ചു. പിടികൂടുന്ന തെരുവുനായ്ക്കളെ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ വാക്സിനേഷൻ നടത്തും. വാക്സിനേഷൻ നടത്തിയ തെരുവുനായ്ക്കളെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. റോഡിന്റെ വശങ്ങളിലും മറ്റും മാലിന്യം തള്ളുന്നവരെ പിടികൂടി ശിക്ഷിക്കുന്നതിനായി പൊലീസിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ രാത്രികാല നിരീക്ഷണം ഏർപ്പെടുത്തും. താലൂക്ക് ആശുപത്രിയിൽ പട്ടികടിയേറ്റു വരുന്നവർക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കും. മുറിവിൽ നേരിട്ടു നൽകുന്ന കുത്തിവയ്പ് ഉൾപ്പെടെ താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കും. നേരത്തെ മുറിവിൽ കുത്തിവയ്പ് എടുക്കാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകണമായിരുന്നു. നഗരസഭാ വൈസ് ചെയർപഴ്സൻ സുബി പ്രജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെമീർ മുഹമ്മദ്, വെറ്ററിനറി ഡോക്ടർമാരായ കെ. കണ്ണൻ, മോഹൻദാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ വിനു ആർ.നാഥ്, എസ്. മിനി, നിർമലകുമാരി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com