ADVERTISEMENT

കായംകുളം∙ എംഎസ്എം കോളജിൽ കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോം കോഴ്സിന് നിഖിൽ തോമസ് പ്രവേശനം  നേടിയ സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും മാത്രം ശിക്ഷിക്കാനുള്ള സർവകലാശാല സിൻഡിക്കറ്റ് തീരുമാനം സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഇടപെടൽ മൂലമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ ടി.സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി എന്നിവർ ആരോപിച്ചു.‌ 

കോളജ് മാനേജർ അടക്കമുള്ളവരെ പ്രതിയാക്കി സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണം. എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി അബിൻ സി.രാജിന്റെ അറസ്റ്റോടുകൂടി പൊലീസ് അന്വേഷണം അവസാനിച്ച ഘട്ടത്തിലാണ് ഇപ്പോൾ സിൻഡിക്കറ്റ് തീരുമാനം ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാരുമായി വലിയ ആത്മബന്ധം പുലർത്തുന്ന അബിൻ സി. രാജിന്റെ വെളിപ്പെടുത്തൽ എന്താണെന്ന് അറിയാൻ പൊതുസമൂഹത്തിന് താൽപര്യമുണ്ട്.  ജുഡിഷനൽ അന്വേഷണം ആവശ്യപ്പെട്ട്  പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇവർ പറഞ്ഞു.  

യു‍ഡിഎഫ്  പ്രതിഷേധിച്ചു
കായംകുളം∙ എസ്എഫ്ഐ മുൻ നേതാവിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പിജി കോഴ്സിന് പ്രവേശനം നൽകിയ കോളജിന്റെ നടപടിയിൽ പ്രിൻസിപ്പലിനെ മാത്രം ബലിയാടാക്കാനുള്ള തീരുമാനത്തിൽ യു‍ഡിഎഫ് പ്രതിഷേധിച്ചു. അഡ്മിഷന് ശുപാ‍ശ ചെയ്ത സിപിഎം നേതാവിനെയും അതനുസരിച്ച് പ്രവർത്തിച്ച കോളജ് മാനേജരെയും സംരക്ഷിക്കുന്ന നടപടിയാണ് സി‍ൻഡിക്കേറ്റ് എടുത്തതെന്നും യുഡിഎഫ് കൺവീനർ എ.എം.കബീർ ആരോപിച്ചു. 

‘മാനേജ്മെന്റിനെ രക്ഷിക്കാൻ  പ്രിൻസിപ്പലിനെ ബലിയാടാക്കുന്നു’
കായംകുളം∙  മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് പിജി കോഴ്സിന് അഡ്മിഷൻ നൽകിയ എംഎസ്എം കോളജ് മാനേജ്മെന്റിനെ രക്ഷിക്കാൻ വേണ്ടി കോളജ് പ്രിൻസിപ്പലിനെ ബലിയാടക്കുന്നതാണ് കേരള സിൻഡിക്കറ്റ് തീരുമാനമെന്ന് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം നേതൃയോഗം ആരോപിച്ചു. പ്രവേശന കാര്യത്തിൽ കോളജിന് തെറ്റുപറ്റിയിട്ടില്ലെന്ന് ട്രസ്റ്റ്‌ ചെയർമാന്റെ ആവർത്തിച്ചുള്ള വിശദീകരണം ശുദ്ധഅസംബന്ധവും ചെയ്തതെറ്റിനെ മറച്ചുവയ്ക്കുവാനുള്ള ശ്രമവുമാന്നെന്ന് സിൻഡിക്കേറ്റ് തീരുമാനത്തോടെ വെളിവായി.

നിയമവിരുദ്ധ നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രസ്റ്റ്‌ ചെയർമാൻ രാജിവയ്ക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർക്കുട്ടി, ജില്ലാ സെക്രട്ടറി ഒ.യൂസുഫ്കുഞ്ഞ് ആലുമ്മൂട്ടിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിയാദ് വലിയവീട്ടിൽ, സംസ്ഥാന കൗൺസിൽ അംഗം പ്രഫ. ജലാലുദീൻ, മണ്ഡലം ട്രഷറർ എം.ബഷീർ കിഴക്കേവീട്ടിൽ, ഒ.എ.ജബ്ബാർ മാസ്റ്റർ,എ.താഹക്കുഞ്ഞു, എം.ഹാമിദ് ,നവാസ് മുണ്ടകത്തിൽ, ടി.എ.അബ്ദുൽ മജീദ്, ലത്തീഫ് കളത്തിൽ, അനീസ് വാഹിദ്, യു.എ. റഷീദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com