മേൽപാടം ചുണ്ടൻവള്ളത്തിന്റെ മലർത്തൽ കർമം നടന്നു
Mail This Article
മാന്നാർ ∙ ജലോത്സവ പ്രേമികളുടെയും നാട്ടുകാരുടെയും ആർപ്പു വിളികളുടെയും താളമേളങ്ങളുടെയും ആരവങ്ങളോടെ മേൽപാടം ചുണ്ടൻവള്ളത്തിന്റെ മലർത്തൽ കർമം നടന്നു. മാന്നാർ വള്ളക്കാലി ജംക്‌ഷനിലുള്ള മേൽപാടം ചുണ്ടൻവള്ള സമിതിയുടെ ഓഫിസിന് സമീപത്തായി തയാറാക്കിയ മാലിപ്പുരയിൽ മുഖ്യശിൽപി സാബു നാരായണൻ ആചാരി, ഗോപാലി ആചാരി എന്നിവരുടെ കാർമികത്വത്തിലും സംഘാടകരും നാട്ടുകാരും ചേർന്നാണ് മലർത്തൽ കർമം നിർവഹിച്ചത്. മുഖ്യ രക്ഷാധികാരി ജോസഫ് ഏബ്രഹാം കൊടുമുളയിൽ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് കെ. കുട്ടപ്പൻ കുരുക്കശേരി, വൈസ് പ്രസിഡന്റുമാരായ ഐപ്പ് ചക്കിട്ടയിൽ, ജനാർദ്ദനൻ ജ്യോതിസ്, സെക്രട്ടറി ഷിബു വർഗീസ്, ട്രഷറർ ഷിബു തോമസ്, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ഓമന, പി.ഡി ശശിധരൻ, ജേക്കബ് തോമസ് അരികുപുറം, ഫാ. വർഗീസ് മാത്യു, ജോൺ ഏബ്രഹാം, കെ.പി. കുഞ്ഞുമോൻ, കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.
വീയപുരം പഞ്ചായത്തിലെ 3, 4, 5 വാർഡുകളിലേയും മാന്നാർ പഞ്ചായത്തിലെ 1, 2 വാർഡുകളിലെയും ജലോത്സവ പ്രേമികൾ ചേർന്നു മാലിപ്പുരയ്ടക്കം ഒരു കോടി രൂപ ചെലവഴിച്ച് 128 അടി നീളമുള്ള ചുണ്ടൻവള്ളമാണ് നിർമിക്കുന്നത്. 2024 മാർച്ചിൽ പമ്പാനദിയിൽ നീരണിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർമാണം പുരോഗമിക്കുന്നത്.