ADVERTISEMENT

മാവേലിക്കര ∙ നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ പാർലമെന്റ് വേറിട്ട ആശയങ്ങളുടെ വേദിയായി. മറ്റപ്പള്ളിയിലെ മണ്ണെടുപ്പും മാലിന്യ പ്രശ്നവും തെരുവുനായ് ശല്യവും ചർച്ചയിൽ കൊണ്ടുവന്ന വിദ്യാർഥികൾ പ്രകൃതിയെ നശിപ്പിച്ചുള്ള വികസനം വരുമ്പോഴേക്കും വികസനം വന്ന നാട്ടിൽ താമസിക്കാൻ ആളുകൾ ഉണ്ടാകുമോയെന്നു ആലോചിക്കണം എന്ന വലിയ ചിന്ത സമ്മാനിച്ചാണു മടങ്ങിയത്. 

നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു സ്കൂൾ പാർലമെന്റിൽ പങ്കെടുത്തത്. എം.എസ്.അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് സംഘാടകസമിതി ജോയിന്റ് കൺവീനർ ബി‌.അനീഷ്, എച്ച്എസ്എസ് റീജനിൽ ഡപ്യൂട്ടി ഡയറക്ടർ അശോക് കുമാർ, ജില്ലാ കോഓർഡിനേറ്റർ എസ്.സത്യജ്യോതി, ഡിഇഒ പി.ഒ.സണ്ണി, ബിപിസി പി.പ്രമോദ്, പരിശീലകൻ സി.ജ്യോതികുമാർ, കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

സ്കൂൾ പാർലമെന്റിൽ വിദ്യാർഥികൾ ഉന്നയിച്ച ആശയങ്ങൾ:
∙ ശുചിത്വ ബോധവൽക്കരണം പ്രൈമറി തലം മുതൽ തുടങ്ങണം
∙ സ്‌കൂൾ പരിസരത്തു നിന്ന് തെരുവുനായ്ക്കൾ, ഇഴജന്തുക്കൾ എന്നിവയെ അകറ്റാൻ അൾട്രാസോണിക് റിപ്പലന്റുകൾ സ്ഥാപിക്കണം
∙ എച്ച്എസ്, എച്ച്എസ്എസ് ക്ലാസുകളിലെ വിദ്യാർഥികൾക്കും പോഷകാഹാരം നൽകുന്ന പദ്ധതി വേണം
∙ ആറാം ക്ലാസ് മുതൽ ഇഷ്ട വിഷയം തിരഞ്ഞെടുത്തു പഠിക്കാൻ സൗകര്യം ഒരുക്കണം
∙ ഹയർ സെക്കൻഡറി പഠനത്തിനു വിഷയം തിരഞ്ഞെടുക്കുന്നതിൽ ബോധവൽക്കരണം നൽകണം
∙ കംപ്യൂട്ടർ അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തിനു ചെറിയ ക്ലാസുകൾ മുതൽ ഊന്നൽ നൽകണം, ഐടി വിഷയങ്ങൾ പൂർണമായും കൃത്യമായും പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരെ നിയോഗിക്കണം
∙ അറന്നൂറ്റിമംഗലം, ഇറവങ്കര, പാലമേൽ പയ്യനല്ലൂർ, തഴക്കര, കുന്നം ഭാഗങ്ങളിലൂടെ അടിയന്തിരമായി ബസ് സർവീസ് അനുവദിക്കണം
∙ അധ്യയനവർഷത്തിന്റെ ഇടയ്ക്ക് അധ്യാപകരെ സ്ഥലം മാറ്റുന്ന പ്രവണത ഇല്ലാതാക്കണം
∙ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ഗ്രന്ഥശാല നവീകരിക്കണം
∙ നിരത്തുകളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം
∙ കുട്ടികൾക്കു മാത്രമായി കളിസ്ഥലം അനുവദിക്കണം
∙ കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിൽ സന്ദർശനം നടത്താനും കൃഷിയെ അടുത്തറിയാനും കുട്ടികൾക്ക് അവസരം ഒരുക്കുക
∙ കുട്ടികളുടെ മാനസികാവസ്ഥ തിരിച്ചറിയാതെയുള്ള സമ്മർദം അധ്യാപകരും മാതാപിതാക്കളും ഒഴിവാക്കണം
∙ മികവിനു പരിഗണന നൽകണം
∙ കരിയർ ഗൈഡൻസ്, സ്പോക്കൺ ഇംഗ്ലിഷ്, ഹിന്ദി ക്ലാസുകൾ സ്ഥിരമായി സ്കൂളുകളിൽ ക്രമീകരിക്കണം
∙ പടനിലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം
∙ ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്കു ക്ഷീണം ഉണ്ടാകുന്നതു പതിവായതിനാൽ മാനസിക ഉല്ലാസത്തിനു പദ്ധതി ആരംഭിക്കണം
∙ സ്ഥിരം കായിക, കല അധ്യാപകർ വേണം
∙ കല, കായിക രംഗങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ ഉഴപ്പരെന്ന് പരിഗണിച്ച് ഒഴിവാക്കുന്ന പ്രവണത ഒഴിവാക്കണം

''സ്കൂൾ പാർലമെന്റിൽ വിദ്യാർഥികൾ ഉന്നയിച്ച അടിസ്ഥാന സൗകര്യം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി. ക്രിയാത്മകമായ നിർദേശങ്ങൾ പൊതുവിഷയമായി പരിഗണിച്ചു നിയമസഭയിൽ അവതരിപ്പിക്കും. ജില്ലാ കൃഷിത്തോട്ടത്തിൽ ആവശ്യപ്പെടുന്ന സ്കൂളുകൾക്കു നിശ്ചിത സ്ഥലം ക്രമീകരിച്ചു നൽകി കൃഷി ചെയ്യിക്കുന്നതു കൃഷിവകുപ്പുമായി ആലോചിച്ചു നടപടി സ്വീകരിക്കും. നിയോജക മണ്ഡ‍ലത്തിലെ എല്ലാ സ്കൂളുകളിലും കരിയർ ഗൈഡൻസ് ക്ലാസുകൾ 2024ൽ ഒരുക്കും.''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com