ADVERTISEMENT

എടത്വ ∙ കാർഷിക മേഖലയിൽ വിത മുതൽ കൊയ്ത്തും സംഭരണവും വരെ ചൂഷണത്തിന് ഇരയാകുന്നു. ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇത് കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് പരാതി. കൃഷിയിറക്കാനായി വെള്ളം വറ്റിക്കുന്നതാണ് ആദ്യപടി. കൃഷിക്കായി പുഞ്ച ലേലം ചെയ്യുന്നതിന് പൂർണമായും സർക്കാരാണ് പമ്പിങ് സബ്സിഡി നൽകുന്നത്. എന്നാൽ ലേല നടപടികൾ നടക്കണമെങ്കിൽ  പാടശേഖരത്തു നിന്നും ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫിസർ പറയുന്നിടത്തു ചെല്ലണം.

ഇതിനായി പരസ്യം നൽകുന്നതടക്കം ലേലം ചെയ്യുന്നതിനു ചെലവാകുന്ന രൂപ  വരെ കർഷകർ നൽകണം. പാടത്തിന്റെ വിസ്തൃതി അനുസരിച്ചാണ് തുക നൽകേണ്ടത്.പാടത്തു പണി ചെയ്യുന്നതിന്റെ കൂലിച്ചെലവ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വാങ്ങുന്നത്. ഐആർസി നിശ്ചയിക്കുന്ന   കൂലിയെക്കാൾ കൂട്ടിയാണ് വാങ്ങുന്നത്.  പുതുക്കിയ കണക്കനുസരിച്ച്  പുരുഷന്മാർക്ക് 1000 രൂപയും സ്ത്രീകൾക്ക് 550 രൂപയുമാണ്‌. എന്നാൽ വാങ്ങുന്നതാകട്ടെ പുരുഷന്മാർക്ക് 1100 മുതൽ 1150 രൂപ വരെയും  സ്ത്രീകൾക്ക് 600 മുതൽ 650 രൂപ വരെയും. 

ഒരേക്കർ വിതയ്ക്കുന്നതിന് കൂലി നിശ്ചയിട്ടിട്ടുള്ളത് 900 രൂപയാണ്. എന്നാൽ 1100 രൂപ കൊടുക്കണം. കീടനാശിനി പ്രയോഗിക്കുന്നതിനും  കൂലിയിൽ വ്യത്യാസമുണ്ട്.  8 കുറ്റി മരുന്നു തളിക്കുന്നതിനു 750 രൂപയാണെങ്കിൽ   1000 രൂപ കൊടുക്കണം. അതും നടീലിനു ശേഷമാണെങ്കിൽ അതിലും കൂടുതൽ നൽകണം. കൊയ്തെടുക്കുന്ന നെല്ല് ലോറിയിൽ കയറ്റാൻ വലിയ കൂലിയാണ് ഈടാക്കുന്നത്. 50 കിലോ സിമന്റ് ചാക്ക് ലോറിയിൽ കയറ്റുന്നതിന് ഇപ്പോഴും 10 രൂപയാണ് നൽകുന്നത്. എന്നാൽ 100 കിലോ നെല്ല് 50 മീറ്റർ ദൂരം ചുമന്ന് ലോറിയിൽ കയറ്റുന്നതിന് 250 രൂപ വരെ കൊടുക്കേണ്ട സ്ഥിതിയാണ്.

മുൻ കാലങ്ങളിൽ ചുമട്ടുകാർ തന്നെ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് ചാക്കിൽ നിറച്ച് തൂക്കി ലോറിയിൽ കയറ്റുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ സ്ഥിതിമാറി. ഒരു ക്വിന്റൽ നെല്ല് ചാക്കിൽ നിറയ്ക്കുന്നതിനു മാത്രം 40 രൂപ നൽകണം. ചുരുക്കിപ്പറഞ്ഞാൽ ഒരു ക്വിന്റൽ നെല്ല് ലോറിയിൽ കയറ്റിക്കഴിയുമ്പോൾ കുറഞ്ഞത് 300 രൂപ വരെയെത്തുമെന്നാണ് കർഷകർ പറയുന്നത്. വള്ളത്തിൽ എത്തിക്കുന്ന നെല്ലാണെങ്കിൽ വള്ളത്തിൽ നിന്നും ഇറക്കുന്നതിനും ലോറിയിൽ അട്ടിവയ്ക്കുന്നതിനും കൂലി നൽകണം.

കർഷകർ 4 മാസം  പ്രകൃതിയുമായി മല്ലിട്ട് കൊയ്തെടുക്കുന്ന നെല്ല് മില്ലുകാർക്ക് കൊടുക്കുന്ന കാര്യത്തിലും ഏറെ ചൂഷണത്തിനു വിധേയമാകുകയാണ്. നെല്ല് ഈർപ്പം അല്ലെങ്കിൽ കറവൽ ഉണ്ടെന്നു പറഞ്ഞ് ഒരു ക്വിന്റൽ നെല്ലിന് 5 കിലോ മുതൽ 15 കിലോ വരെ കിഴിവ് തട്ടിയെടുക്കും. അതിനു ശേഷം ചാക്കിലെ തൂക്കം തട്ടിയെടുക്കും. 1 ചാക്കിന്റെ തൂക്കം (ചണച്ചാക്ക്) 450 ഗ്രാം ആണ്.

എന്നാൽ 1 ക്വിന്റൽ രണ്ടു ചാക്കുകളിലാണ് നിറയ്ക്കുന്നത്.രണ്ടും ചാക്കിനും കൂടി ഒന്നര കിലോ മുതൽ2 കിലോ വരെ തൂക്കം കുറയ്ക്കുകയാണ് ചെയ്യുന്നത്.100 ക്വിന്റൽ കൊടുക്കുന്ന കർഷകനെ സംബന്ധിച്ചിടത്തോളം ഒരു ക്വിന്റൽ നെല്ല് അധികമായി നഷ്ടമാകും. ഇത്തരത്തിൽ കോടിക്കണക്കിനു രൂപയാണ് ഓരോ കൃഷിക്കാലത്തും തട്ടിയെടുക്കുന്നത്. നെല്ലു കൊടുത്ത് മാസങ്ങൾ കഴിഞ്ഞും വില ലഭിക്കാതെ വരുമ്പോൾ കൃഷിക്ക് വായ്പ വാങ്ങിയ പണത്തിന് പലിശയും കൂടുതൽ നൽകണം. സംഭരണം നടത്തിയ ഉടൻ പണം നൽകിയാൽ അത്രയും പലിശ കുറച്ചു കൊടുത്താൽ മതിയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com