ADVERTISEMENT

എടത്വ ∙ വർഷങ്ങൾ കാത്തിരുന്നു കിട്ടിയ കൺമണികൾ കളിചിരി മാറും മുൻപേ യാത്രയായതിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തലവടി മൂലേപ്പറമ്പിൽ വീട്. തലവടി ചക്കുളം മൂലേപ്പറമ്പിൽ സുനുവും ഭാര്യ സൗമ്യയും ജീവനൊടുക്കും മുൻപു മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ ജീവനെടുത്തെന്നു വിശ്വസിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കുമായിട്ടില്ല. വിവാഹം കഴിഞ്ഞ് 7 വർഷത്തിനു ശേഷമാണു സുനുവിനും സൗമ്യയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നത്. ഏറെനാളത്തെ കാത്തിരിപ്പിനും ചികിത്സയ്ക്കുമൊടുവിലെത്തിയ കുഞ്ഞുങ്ങൾ ആ കുടുംബത്തിലുണ്ടാക്കിയ സന്തോഷമോർത്ത് ഇന്നലെ ആ വീട്ടിൽ കൂടിനിന്നവരുടെ മിഴി നനഞ്ഞു. 

10 വർഷം മുൻപായിരുന്നു സുനുവിന്റെയും സൗമ്യയുടെയും വിവാഹം. ഈ സമയം ഇരുവർക്കും വിദേശത്തായിരുന്നു ജോലി. വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്തതിനാൽ ഇരുവരും ചികിത്സ തേടി. മൂന്നു വർഷം മുൻപ് ഇരട്ടി മധുരമായി ഇരട്ടകൾ പിറന്നു. അധികം വൈകാതെ കടുത്ത നടുവവേദനയെത്തുടർത്തു സുനുവിന് വിദേശത്തെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. നാട്ടിലെത്തി ചികിത്സ തുടങ്ങി. ശസ്ത്രക്രിയയ്ക്കു ശേഷം വെൽഡിങ് കരാറുകൾ ഏറ്റെടുത്തു നടത്തിത്തുടങ്ങി. ഇതിനിടെ ചികിത്സയ്ക്കും വീടു നിർമാണത്തിനും എടുത്ത കടം പെരുകി. സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സൗമ്യ ഈ കടങ്ങൾ വീട്ടുന്നതിനായി കുവൈത്തിൽ കൂടുതൽ മെച്ചപ്പെട്ട ജോലിക്കായി ശ്രമിച്ചിരുന്നു. ഇതിന്റെ തയാറെടുപ്പുകൾക്കായാണ് ഒരു വർഷം മുൻപ് നാട്ടിലെത്തിയത്. വിദേശത്തേക്കു പോകുന്നതിനു മുന്നോടിയായുള്ള വൈദ്യപരിശോധനയിലാണ് സൗമ്യയ്ക്കു രക്താർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇത് കുടുംബത്തെ തളർത്തി. വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ തിരുവനന്തപുരം ആർസിസിയിൽ എത്താൻ നിർദേശം ലഭിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

ഞെട്ടൽ മാറാതെ തലവടിഗ്രാമം
എടത്വ ∙ കൂട്ടമരണത്തിന്റെ സങ്കടവാർത്ത കേട്ടാണ് ഇന്നലെ തലവടി ഗ്രാമം ഉണർന്നത്. യുവദമ്പതികളും മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളും വീടിനുള്ളിൽ മരിച്ചുകിടക്കുന്ന വിവരമറിഞ്ഞു നാട്ടുകാർ ചക്കുളം മൂലേപ്പറമ്പ് വീട്ടിലേക്കോടി. രാവിലെ തന്നെ വീടും പരിസരവും ആളുകൾ നിറഞ്ഞു. അവിശ്വസനീയത കണ്ണുനീരിനും വിലാപങ്ങൾക്കും വഴിമാറി. നാട്ടിലെ എല്ലാ കാര്യങ്ങൾക്കു മുന്നിൽ നിന്നിരുന്ന സുനുവിനെക്കുറിച്ചുള്ള ഓർമകൾ നാട്ടുകാർ പങ്കുവച്ചു. പൊന്നൂസെന്നും കുഞ്ഞൂസെന്നും വിളിക്കുന്ന ആദിയും ആദിലും എല്ലാവരുടെയും കണ്ണിലുണ്ണികൾ. അയൽക്കാരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും സുനു ഒപ്പമുണ്ടായിരുന്നു. സുനുവിന്റെ അയൽവാസിയുടെ ബന്ധു രണ്ടു ദിവസം മുൻപു പരുമലയിൽ മരിച്ചിരുന്നു. ഇന്നലെ അയൽവാസിക്കൊപ്പം പരുമലയിൽ പോയ ശേഷം സൗമ്യയുടെ പരിശോധനകൾക്കായി തിരുവനന്തപുരത്ത് പോകാനായിരുന്നു നിശ്ചയിച്ചിരുന്നത്. സുനുവും കുടുംബവും ഏറെ സന്തോഷത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും നാട്ടുകാർ ഓർക്കുന്നു. 

കണ്ണീർ മായാതെ ശ്യാമള
എടത്വ ∙ ഉറ്റവരുടെ വിറങ്ങലിച്ച ശരീരങ്ങളുടെ കാഴ്ച കൺമുന്നിൽ ഇപ്പോഴും ഉള്ളതുപോലെ വിതുമ്പുകയാണ് സുനുവിന്റെ അമ്മ ശ്യാമള. സുനുവിന്റെ വീടിനോടു ചേർന്നാണ് മാതാപിതാക്കൾ താമസിക്കുന്നത്. സൗമ്യയുടെ രോഗവിവരമറിഞ്ഞതോടെ സുനുവും സൗമ്യയും തകർന്നുപോയെന്നു ശ്യാമള പറയുന്നു. ചികിത്സയ്ക്കു പോകാനൊന്നും താൽപര്യമുണ്ടായിരുന്നില്ല. ശ്യാമളയുടെ നിർബന്ധത്തിനു വഴങ്ങിയാണു തിരുവനന്തപുരം ആർസിസിയിൽ പോകാൻ നിശ്ചയിച്ചത്. ഇന്നലെ രാവിലെ ആറിന് പരുമലയിൽ പോയ ശേഷം സൗമ്യയെയും കൊണ്ട് ആശുപത്രിയിൽ പോകുമെന്നാണ് സുനു അമ്മയോടു പറഞ്ഞിരുന്നത്. രാവിലെ ആറിന് സുനുവിനെ വിളിച്ചുണർത്തി പറഞ്ഞയയ്ക്കാനാണ് ശ്യാമള വീട്ടിലെത്തിയത്. എന്നാൽ എത്ര വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. വാതിൽ കുറ്റിയിട്ടില്ലെന്നു മനസ്സിലാക്കിയ ശ്യാമള വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് ചങ്കുലയ്ക്കുന്ന കാഴ്ച കണ്ടത്. 

രോഗവും കടബാധ്യതയുമെന്ന് കുറിപ്പ്, യുവദമ്പതികളും ഇരട്ടക്കുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ

എടത്വ ∙ യുവദമ്പതികളും 3 വയസ്സുള്ള ഇരട്ടക്കുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ദമ്പതികൾ തൂങ്ങിമരിച്ചതാണെന്നാണു പൊലീസ് നിഗമനം. തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് ചക്കുളം മൂലേപ്പറമ്പ് സുനു (37), ഭാര്യ സൗമ്യ (33), മക്കളായ ആദി, ആദിൽ (3)  എന്നിവരാണ് മരിച്ചത്. കുട്ടികളെ കിടപ്പുമുറിയിലെ കട്ടിലിലും ദമ്പതികളെ തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. രോഗവും കടബാധ്യതയും ഉള്ളതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും പോസ്റ്റ്മോർട്ടത്തിനായി ശരീരം കീറിമുറിക്കരുതെന്നുമെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സൗമ്യയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചിരുന്നെന്നും ഇന്നലെ തിരുവനന്തപുരം ആർസിസിയിൽ പോകാനിരിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. 

ഇന്നലെ രാവിലെ ആറോടെയാണു മരണവിവരം പുറത്തറിഞ്ഞത്. ദമ്പതികളുടെ വീടിനോടു ചേർന്നു താമസിക്കുന്ന സുനുവിന്റെ അമ്മ ശ്യാമള രാവിലെ മകനെ തിരക്കി വീട്ടിലെത്തി. വിളിച്ചിട്ടും മറുപടിയില്ലാത്തതിനാൽ വാതിൽ തുറന്ന് അകത്തു കയറി. കിടപ്പുമുറിയിലെ കട്ടിലിൽ കുട്ടികൾ രണ്ടും ഉറങ്ങുന്നതുപോലെ ചലനമറ്റു കിടക്കുകയായിരുന്നു. ശ്യാമളയുടെ  നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു അടുത്ത മുറിയിൽ സുനുവിന്റെയും  സൗമ്യയുടെയും മൃതദേഹങ്ങൾ  ഒരു കയറിന്റെ രണ്ടറ്റത്തുമായി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 8.30ന് പൊലീസെത്തി നാട്ടുകാരെ പുറത്തിറക്കി അകത്തു പരിശോധന നടത്തി. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മഹസർ തയാറാക്കിയ ശേഷം  സുനുവിന്റെയും സൗമ്യയുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

ഒരു മണിക്കൂറിനു ശേഷം വിരലടയാള വിദഗ്ധരുടെ പരിശോധന കൂടി പൂർത്തിയായ ശേഷമാണു കുട്ടികളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. കുട്ടികളുടേത് കൊലപാതകമായതിനാലാണു വിശദ പരിശോധന നടത്തിയത്. മൂലേപ്പറമ്പിൽ സുധാകരന്റെയും ശ്യാമളയുടെയും മകനായ സുനു 8 വർഷത്തോളം വിദേശത്തായിരുന്നു. 4 വർഷം മുൻപു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്യുകയായിരുന്നു.  നിരണം ഏഴു പറയിൽ സോമന്റെയും  കുമാരിയുടെയും മകളായ സൗമ്യ സൗദിയിൽ നഴ്സായിരുന്നു. ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.

English Summary:

Family of four, including 3-year-old twins, found dead in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com