ADVERTISEMENT

എടത്വ ∙ യുവദമ്പതികളും 3 വയസ്സുള്ള ഇരട്ടക്കുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ദമ്പതികൾ തൂങ്ങിമരിച്ചതാണെന്നാണു പൊലീസ് നിഗമനം. തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് ചക്കുളം മൂലേപ്പറമ്പ് സുനു (37), ഭാര്യ സൗമ്യ (33), മക്കളായ ആദി, ആദിൽ (3)  എന്നിവരാണ് മരിച്ചത്. കുട്ടികളെ കിടപ്പുമുറിയിലെ കട്ടിലിലും ദമ്പതികളെ തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. രോഗവും കടബാധ്യതയും ഉള്ളതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും പോസ്റ്റ്മോർട്ടത്തിനായി ശരീരം കീറിമുറിക്കരുതെന്നുമെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സൗമ്യയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചിരുന്നെന്നും ഇന്നലെ തിരുവനന്തപുരം ആർസിസിയിൽ പോകാനിരിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. 

ഇന്നലെ രാവിലെ ആറോടെയാണു മരണവിവരം പുറത്തറിഞ്ഞത്. ദമ്പതികളുടെ വീടിനോടു ചേർന്നു താമസിക്കുന്ന സുനുവിന്റെ അമ്മ ശ്യാമള രാവിലെ മകനെ തിരക്കി വീട്ടിലെത്തി. വിളിച്ചിട്ടും മറുപടിയില്ലാത്തതിനാൽ വാതിൽ തുറന്ന് അകത്തു കയറി. കിടപ്പുമുറിയിലെ കട്ടിലിൽ കുട്ടികൾ രണ്ടും ഉറങ്ങുന്നതുപോലെ ചലനമറ്റു കിടക്കുകയായിരുന്നു. ശ്യാമളയുടെ  നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു അടുത്ത മുറിയിൽ സുനുവിന്റെയും  സൗമ്യയുടെയും മൃതദേഹങ്ങൾ  ഒരു കയറിന്റെ രണ്ടറ്റത്തുമായി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 8.30ന് പൊലീസെത്തി നാട്ടുകാരെ പുറത്തിറക്കി അകത്തു പരിശോധന നടത്തി. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മഹസർ തയാറാക്കിയ ശേഷം  സുനുവിന്റെയും സൗമ്യയുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

എടത്വ തലവടിയിൽ കൊലചെയ്യപ്പെട്ട ഇരട്ടക്കുട്ടികളുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഒരു സ്ട്രെച്ചറിൽ ഒന്നിച്ച് പൊതിഞ്ഞ് ആംബുലൻസിലേക്ക് മാറ്റുന്നു. ആത്മഹത്യ ചെയ്ത ദമ്പതികളുടെ മൃതദേഹങ്ങളാണ് പിന്നിലെ ആംബുലൻസുകളിൽ.					 
ചിത്രങ്ങൾ: മനോരമ
എടത്വ തലവടിയിൽ കൊലചെയ്യപ്പെട്ട ഇരട്ടക്കുട്ടികളുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഒരു സ്ട്രെച്ചറിൽ ഒന്നിച്ച് പൊതിഞ്ഞ് ആംബുലൻസിലേക്ക് മാറ്റുന്നു. ആത്മഹത്യ ചെയ്ത ദമ്പതികളുടെ മൃതദേഹങ്ങളാണ് പിന്നിലെ ആംബുലൻസുകളിൽ. ചിത്രങ്ങൾ: മനോരമ

ഒരു മണിക്കൂറിനു ശേഷം വിരലടയാള വിദഗ്ധരുടെ പരിശോധന കൂടി പൂർത്തിയായ ശേഷമാണു കുട്ടികളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. കുട്ടികളുടേത് കൊലപാതകമായതിനാലാണു വിശദ പരിശോധന നടത്തിയത്. മൂലേപ്പറമ്പിൽ സുധാകരന്റെയും ശ്യാമളയുടെയും മകനായ സുനു 8 വർഷത്തോളം വിദേശത്തായിരുന്നു. 4 വർഷം മുൻപു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്യുകയായിരുന്നു.  നിരണം ഏഴു പറയിൽ സോമന്റെയും  കുമാരിയുടെയും മകളായ സൗമ്യ സൗദിയിൽ നഴ്സായിരുന്നു. ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com