ADVERTISEMENT

ചെങ്ങന്നൂർ ∙ പമ്പാ നദിയിലെ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ ജലോത്സവപ്രേമികളെ ആവേശത്തിരയിൽ ആറാടിച്ച ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളിയുടെ  ഫോട്ടോഫിനിഷിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി (3.36.18 മിനിറ്റ്). യുണൈറ്റഡ് ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ്  രണ്ടാമതെത്തിയത് (3.36.32 മിനിറ്റ്) . കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ മൂന്നാംസ്ഥാനത്തെത്തി (3. 38.03 മിനിറ്റ്) .

സിബിഎൽ പാണ്ടനാട് ജലോത്സവത്തിൽ ജേതാക്കളായ വീയപുരം ചുണ്ടന്റെ തുഴക്കാർ ട്രോഫി ഏറ്റുവാങ്ങിയപ്പോൾ.
സിബിഎൽ പാണ്ടനാട് ജലോത്സവത്തിൽ ജേതാക്കളായ വീയപുരം ചുണ്ടന്റെ തുഴക്കാർ ട്രോഫി ഏറ്റുവാങ്ങിയപ്പോൾ.

ഫൈനലിന്റെ  തുടക്കത്തിൽ തന്നെ മൂന്ന് വള്ളങ്ങളും ഒന്നിച്ചു  തുഴഞ്ഞു നീങ്ങിയെങ്കിലും ഇടയ്ക്ക് പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ അൽപം മുന്നിലെത്തി. അവസാന ലാപ്പിൽ നടുഭാഗം വീയപുരത്തിനൊപ്പമെത്തിയെങ്കിലും ഫോട്ടോഫിനിഷിൽ വിജയം വീയപുരത്തിനായിരുന്നു. സിബിഎലിൽ 11 മത്സരങ്ങൾ കഴിഞ്ഞതോടെ 106 പോയിന്റുകളോടെ വീയപുരം ഒന്നാം സ്ഥാനത്തും 102 പോയിന്റുകളോടെ നടുഭാഗം രണ്ടാം സ്ഥാനത്തും തുടരുന്നു. 80 പോയിന്റുകളുമായി മഹാദേവികാട് കാട്ടിൽ തെക്കേതിൽ മൂന്നാം സ്ഥാനത്തുണ്ട്. മറ്റു വള്ളങ്ങളുടെ നില: നിരണം ചുണ്ടൻ(നാല്),കാരിച്ചാൽ (അഞ്ച്),സെന്റ് പയസ് ടെൻത് (ആറ്), ആയാപറമ്പ് പാണ്ടി (ഏഴ്),പായിപ്പാടൻ (എട്ട്),ചമ്പക്കുളം (ഒൻപത്). 

വള്ളംകളി,  ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷ പ്രസംഗം ശബ്ദസന്ദേശമായി കേൾപ്പിച്ചു. പിഎസ്‌സി അംഗം സി. ജയചന്ദ്രൻ ആറന്മുള പള്ളിയോടങ്ങളുടെ ജല ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വത്സല മോഹൻ, അംഗം ഹേമലത മോഹൻ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു, വൈസ് പ്രസിഡന്റ് ആർ.മനോജ് കുമാർ, ഗുരു ചെങ്ങന്നൂർ സാംസ്കാരികസമിതി വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ, ജി.വിവേക്, കെ.എസ്.രാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com