ADVERTISEMENT

ആലപ്പുഴ∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ സേവനത്തിലെ കുറവു കാരണം ഭിന്നശേഷിക്കാരായ കുട്ടികളുടെ ബുദ്ധിക്ഷമത(ഐക്യു) പരിശോധനാ  നടപടികൾ വൈകുന്നു. മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതാൻ സഹായിയെ വേണമെങ്കിൽ ലേണിങ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വേണ്ടത്ര സംവിധാനമില്ല. ഒരു ഡോക്ടറാണു വിവിധ ദിവസങ്ങളിലായി ജില്ലയിലെ മൂന്നു സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നത്. മറ്റു സർക്കാർ ആശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ ഇല്ല. അതോടെ 1500–2000 രൂപ വരെ മുടക്കി സ്വകാര്യ സൈക്കോളജിസ്റ്റുകളെ സമീപിക്കേണ്ട അവസ്ഥയിലാണു ഭിന്നശേഷി വിദ്യാർഥികളുടെ മാതാപിതാക്കൾ. തിങ്കൾ മാവേലിക്കര ജില്ലാ ആശുപത്രിയിലും ചൊവ്വ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ബുധൻ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലുമാണു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജോലി ചെയ്യുന്നത്.

പഠന വൈകല്യം നേരിടുന്ന കുട്ടികളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇവരെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പരിശോധിക്കുകയും   വിദ്യാർഥിയും പരിശോധിച്ച സൈക്കോളജിസ്റ്റും ഒരുമിച്ചു മേഖലയിലെ ജനറൽ ആശുപത്രി സൂപ്രണ്ടിനെ കാണുകയും വേണം. അങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ എഴുതാൻ കൂടുതൽ സമയം അനുവദിക്കണോ എഴുതാൻ സഹായിയെ അനുവദിക്കണോ എന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുക. സ്വകാര്യ മേഖലയിൽ സൈക്കോളജിസ്റ്റുമാർ ലഭ്യമാണെങ്കിലും കുട്ടികൾക്കൊപ്പം സൂപ്രണ്ടിനെ കാണണം എന്നതിനാൽ പലരും ഒഴിഞ്ഞുമാറുന്നു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി  ജില്ലാ,ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരെ നിയമിക്കണമെന്നാണു ഭിന്നശേഷിക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.

173.18 കോടിക്ക് സൂപ്പർ സ്പെഷ്യൽറ്റി ചോർച്ച
ആലപ്പുഴ മെഡിക്കൽ കോളജ് വളപ്പിൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് പണിതത് കേന്ദ്രസർക്കാരിന്റെ 120 കോടി രൂപ ഉൾപ്പെടെയുള്ള  173.18 കോടി രൂപ ഉപയോഗിച്ചാണ്. പക്ഷേ നല്ലൊരു മഴ പെയ്താൽ കെട്ടിടത്തിന്റെ മുകൾ നില ചോരും. ഭിന്നശേഷിക്കാർക്കു സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലേക്കു പ്രവേശിക്കാൻ നിർമിച്ച റാംപിനു മേൽക്കൂരയില്ല. ഗുരുതര പരുക്കേറ്റവർ ഉൾപ്പെടെ മഴയും വെയിലുമേറ്റുവേണം റാംപിലൂടെ കെട്ടിടത്തിലേക്കു പ്രവേശിക്കാൻ.

‘വലിയ നിലയിലുള്ള’ അവഗണന
ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ ഒട്ടേറെ ഭിന്നശേഷിക്കാർ എത്തുന്ന ലോട്ടറി ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലും താലൂക്ക് സപ്ലൈ ഓഫിസ് അഞ്ചാം നിലയിലുമാണ്. കെട്ടിടത്തിൽ ലിഫ്റ്റ് ഉണ്ടെങ്കിലും മിക്കപ്പോഴും കേടാണ്. ഇതുകാരണം പടികൾ കയറിയാണു ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വിവിധ ഓഫിസുകളിലെത്തുന്നത്. ഇന്നു രാജ്യാന്തര ഭിന്നശേഷി ദിനമായതിനാൽ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്നു അധികൃതർ കർശന നിർദേശം നൽകി.

അതേസമയം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ ഡപ്യൂട്ടി ഡയറക്ടറുടെ (ഡിഡിപി) ഓഫിസ് രണ്ടാം നിലയിലായതിനാൽ ഭിന്നശേഷിക്കാർക്കു താഴത്തെ നിലയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിഡിപി ഓഫിസ് സ്ഥിതി ചെയ്യുന്ന സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ എത്തിച്ചേരാൻ ലിഫ്റ്റില്ല. മുകൾനിലയിലേക്കുള്ള പടികൾ തുടങ്ങുന്നിടത്തു ‘‘ഭിന്നശേഷിക്കാർ ഫോൺ വിളിച്ചാൽ ഉദ്യോഗസ്ഥർ താഴെയെത്തി സേവനം നൽകും’’ എന്നു ബോർഡ് വച്ചിട്ടുണ്ട്. ബോർഡിൽ കാണിച്ചിട്ടുള്ള നമ്പറിൽ വിളിച്ചാൽ ഉദ്യോഗസ്ഥൻ താഴെ വരും. എന്നാൽ പരാതി വാങ്ങി പറ‍‌ഞ്ഞയക്കുകയാണു ചെയ്യുക. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ പരിഹരിക്കപ്പെടാതെ പോകുന്ന പരാതികളുമായി എത്തി ഡിഡിപിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടാലും നടക്കാറില്ലെന്നു ഭിന്നശേഷിക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com