പൊലീസിന് തടയിട്ട് തകർന്ന റോഡ്
Mail This Article
ചെങ്ങന്നൂർ ∙ പൊതുജനങ്ങൾക്ക് അത്യാഹിതങ്ങളും അടിയന്തര ആവശ്യങ്ങളും ഉണ്ടായാൽ പാഞ്ഞെത്തെണ്ടേവരാണ് പൊലീസ്. എന്നാൽ പൊലീസ് സ്റ്റേഷന്റെ നാലുവശത്തെയും റോഡുകൾ തകർന്നു കിടക്കുന്നതു പൊലീസിന്റെ ഗതിവേഗത്തിനു വിലങ്ങിടുന്നു. നേതാജി റോഡിൽ നിന്നു മർത്ത്മറിയം ഫൊറോന പള്ളിക്കു സമീപത്തു നിന്നാരംഭിച്ച് എംസി റോഡിലെ തേരകത്തു പടിയിൽ അവസാനിക്കുന്ന റോഡരികിലാണ് സ്റ്റേഷനും ഡിവൈഎസ്പി ഓഫിസും പൊലീസ് ക്വാർട്ടേഴ്സും സ്ഥിതി ചെയ്യുന്നത്.
ശുദ്ധജല പദ്ധതിക്കു പൈപ്പിടാനായി കുഴിച്ചതോടെ ഈ റോഡിന്റെ തകർച്ച തുടങ്ങി. മഴക്കാലത്തു വെള്ളം കുത്തിയൊലിച്ചു റോഡിന്റെ മുകളിൽ നിന്നു താഴേക്ക് ഒഴുകിയതോടെ തകർച്ച പൂർണമായി. റോഡിന്റെ ഒരുവശത്തു കൂടി വാഹനങ്ങൾ കടന്നു പോകുന്നത് ആശങ്കയോടെയാണ്. വലിയ വാഹനങ്ങളുടെ ചക്രങ്ങൾ മണ്ണിട്ട ഭാഗത്തു താഴാൻ സാധ്യതയുണ്ട്.
വൈഎംസിഎയ്ക്കു സമീപത്തു നിന്നു സ്റ്റേഷനിലേക്കെത്താനുള്ള റോഡും തകർന്നു കിടക്കുകയാണ്. എംസി റോഡിനെയും എംകെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേതാജി റോഡ് നഗരത്തിലെ തിരക്കിൽ നിന്നൊഴിഞ്ഞു യാത്ര ചെയ്യാൻ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്നതാണ്. റോഡിന്റെ പല ഭാഗങ്ങളും തകർന്നു കിടക്കുകയാണ്. റോഡിന്റെ തുടക്കത്തിലും ഒടുക്കത്തിലും ആവശ്യത്തിനു വീതി ഇല്ലാത്തതിനാൽ വാഹനങ്ങൾക്കു തിരിയാൻ പ്രയാസം നേരിടുന്നു. പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടാറുമുണ്ട്.