ADVERTISEMENT

ആലപ്പുഴ ∙ അപകടക്കെണിയൊരുക്കി കൊമ്മാടി സിഗ്നൽ ലൈറ്റിന് സമീപത്തെ നിർമാണം പൂർത്തിയാകാത്ത ഓട. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ കിഴക്ക് വശത്ത് പുതിയതായി നിർമിച്ച ഓടയാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. സിഗ്നൽ ലൈറ്റിനോടു ചേർന്ന ഭാഗത്ത് ഓട അവസാനിക്കുന്ന ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. ഓട നിർമാണത്തിനായി എടുത്ത കുഴിയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. മാത്രമല്ല, ഈ ഭാഗത്ത് ഓട നിർമാണത്തിനുള്ള ഇരുമ്പു കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാരടക്കം ഇവിടെ അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണ്.

നഗരത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് അടക്കം ഇവിടെ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ ബസിൽ നിന്നിറങ്ങുന്നവർ അപകടത്തിൽപെടാനുള്ള സാധ്യതയുമുണ്ട്. സിഗ്നൽ കാത്തുകിടക്കുന്ന ബൈപാസ് കയറി പോകേണ്ട വാഹനങ്ങൾ മാത്രമാണ് റോഡിന്റെ പടിഞ്ഞാറ് വശം ചേർന്ന് പോകുന്നത്. കൊമ്മാടി പാലം കയറി പോകേണ്ട വാഹനങ്ങളും പഴയ ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങളും റോഡിന്റെ കിഴക്ക് വശം ചേർന്നാണ് പോകുന്നത്. 

കൊമ്മാടി പാലം കയറി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ റോഡിന്റെ പടിഞ്ഞാറ് വശം ചേർന്നാണ് പലപ്പോഴും സഞ്ചരിക്കുന്നത്. ഇത്തരത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് ഓട നിർമാണത്തിനായി എടുത്ത് കുഴി ഭീഷണിയാകുന്നത്. രാത്രി കാലങ്ങളിൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.സമീപത്തായി കൊമ്മാടി പാലത്തിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിൽ വലിയ കുഴി രൂപപ്പെട്ടതും യാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴം മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്.  ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് നിത്യസംഭവമാണെന്നു സമീപത്തെ വ്യാപാരികൾ പറ‍യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com