ADVERTISEMENT

മാവേലിക്കര ∙ രാത്രി തകർന്നു വീണ മതിലിന്റെ ഭാഗം രാത്രിയിൽ പുനർനിർമിച്ചു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ. കഴിഞ്ഞ ശനിയാഴ്ച രാവിലെ തകർന്ന നിലയിൽ കാണപ്പെട്ട മതിലിന്റെ ഭാഗമാണു ഇന്നലെ രാത്രി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ പുനർനിർമിച്ചത്.  തകർന്നു വീണ മതിൽ പുനർനിർമിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചതിനാൽ ഇന്നലെ പകൽ നടപടി ഉണ്ടാകുമെന്നായിരുന്നു സൂചന. ഇന്നലെ സന്ധ്യവരെ മതിൽ പുനർനിർമാണത്തിനു നഗരസഭയുടെ ഭാഗത്തു നിന്നു നടപടി ഉണ്ടായില്ല. മതിൽ പുനർനിർമാണം വൈകുമെന്ന് ഉറപ്പായതോടെയാണു കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നിർമാണം ആരംഭിച്ചത്. 

ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ്, യുഡിഎഫ് ചെയർമാൻ കെ.ഗോപൻ, നഗരസഭ ഉപാധ്യക്ഷ കൃഷ്ണകുമാരി, നൈനാൻ സി.കുറ്റിശേരി, മനസ്സ് രാജൻ, ശാന്തി അജയൻ, ലളിത രവീന്ദ്രനാഥ്, സജീവ് പ്രായിക്കര, മാത്യു കണ്ടത്തിൽ, രമേശ് കുമാർ, വേണു പഞ്ചവടി, ജസ്റ്റിസൺ പാട്രിക്, കണ്ടിയൂർ അജിത്, രമേശ് ഉപ്പാൻസ്, തോമസ് ജോൺ, തുടങ്ങിയവരാണു മതിൽ പുനർനിർമാണത്തിനു ചുക്കാൻ പിടിച്ചത്. 

രാഷ്ട്രീയ നാടകമെന്ന് എംഎൽഎ
മാവേലിക്കര ∙ കുട്ടികളുടെയും പൊതുജനത്തിന്റെയും ജീവനു വിലകൽപിക്കാതെ നീചമായ രാഷ്ട്രീയ നാടകമാണു മാവേലിക്കരയിൽ യുഡിഎഫും ബിജെപിയും കളിക്കുന്നതെന്നു എം.എസ്.അരുൺകുമാർ എംഎൽഎ ആരോപിച്ചു. സ്കൂളിന്റെ മതിൽ അപകടാവസ്ഥയിൽ ആണെന്നു കണ്ടെത്തിയതിനാൽ പൊളിച്ചു നിർമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്ത നഗരസഭയുടെ നിലപാട് അമ്പരപ്പിക്കുന്നതാണ്. മതിലിനു ഫിറ്റ്നസ് ഇല്ലായെന്നു കഴിഞ്ഞ മേയ് 27നു നഗരസഭ എൻജിനീയർ റിപ്പോർട്ട് ചെയ്തത് നഗരസഭ അവഗണിച്ചു. 

പുതിയ മതിൽ നിർമിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതിനു പകരം പൊളിഞ്ഞ ഭാഗം കെട്ടിയുയർത്താൻ ശ്രമിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. അശാസ്ത്രീയമായ താൽക്കാലിക നിർമാണം ദുരന്തം ക്ഷണിച്ചു വരുത്തും. കലക്ടറുടെ ഉത്തരവ് നിലനിൽക്കെ യുഡിഎഫുകാർ കാട്ടിയത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. നഗരസഭയിലെ ഭരണപരാജയം മറയ്ക്കുന്നതിനുള്ള രാഷ്ട്രീയ നാടകമാണിത്. മതിൽ പൊളിച്ചു പുതിയതു നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്നും എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com