ജലജീവൻ പദ്ധതി അക്കൗണ്ട്: എസ്ബിഐയിൽ നിന്ന് കാനറ ബാങ്കിലേക്ക്
Mail This Article
ആലപ്പുഴ ∙ ജല അതോറ്റിയുടെ ജലജീവൻ പദ്ധതി അക്കൗണ്ട് എസ്ബിഐയിൽ നിന്നു കാനറ ബാങ്കിലേക്കു മാറ്റുന്നു. പദ്ധതിയുടെ മുഴുവൻ ഇടപാടും നടത്തുന്നത് ഒറ്റ അക്കൗണ്ടിലൂടെയാണ് (സിംഗിൾ നോഡൽ അക്കൗണ്ട്). സംസ്ഥാന വിഹിതം മുടങ്ങിയതിനെത്തുടർന്നു പലയിടത്തും പദ്ധതി അവതാളത്തിലായിരിക്കെ ഈ മാറ്റം എന്തിനാണെന്ന് ജലവിഭവ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നില്ല. മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരമാണെന്നാണു സൂചന.
അക്കൗണ്ട് മാറ്റാനായി അതോറിറ്റി മാനേജിങ് ഡയറക്ടർ നൽകിയ കത്ത് അംഗീകരിച്ചാണു സർക്കാർ നടപടി. ധന പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് അനുമതി നൽകി. കാനറ ബാങ്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്തെന്ന് അതോറിറ്റിയുടെ ഫിനാൻസ് മാനേജർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സോഫ്റ്റ്‌വെയർ വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ബാങ്ക് മാറിയാലും പദ്ധതിക്കു പ്രശ്നമുണ്ടാകില്ലെന്നാണു വിശദീകരണം.
കോടികളുടെ ഇടപാട്; ഒറ്റ അക്കൗണ്ട്
എസ്ബിഐ തിരുവനന്തപുരം ആൽത്തറമൂട് ശാഖയിലാണ് ഇതുവരെ ജലജീവൻ പദ്ധതിയുടെ മുഴുവൻ ഇടപാടും ഒറ്റ അക്കൗണ്ടിലൂടെ കൈകാര്യം ചെയ്തിരുന്നത്. ആയിരക്കണക്കിനു കോടി രൂപയുടെ ഇടപാടുകൾ ഇതുവഴി നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ വിഹിതം (50%), സംസ്ഥാന വിഹിതം (25%), തദ്ദേശ സ്ഥാപന വിഹിതം (15%), ഗുണഭോക്തൃ വിഹിതം (10%) എന്നിങ്ങനെയാണു തുക എത്തുന്നത്. ധനവിനിയോഗത്തിനു കേന്ദ്ര സർക്കാരിന്റെ കടുത്ത നിയന്ത്രണമുണ്ട്.
3 മാസം കൂടുമ്പോൾ കേന്ദ്ര വിഹിതം മുൻകൂറായി അക്കൗണ്ടിലെത്തുമെങ്കിലും സംസ്ഥാന വിഹിതം കൂടി എത്തിയ ശേഷമേ വിനിയോഗിക്കാവൂ എന്നാണു പ്രധാന വ്യവസ്ഥ. ജൂൺ വരെ ഈ അക്കൗണ്ടിലേക്ക് സംസ്ഥാന, തദ്ദേശ സ്ഥാപന, ഗുണഭോക്തൃ വിഹിതങ്ങൾ കൃത്യമായി എത്തിയിരുന്നെങ്കിലും സംസ്ഥാന വിഹിതം വൈകുകയാണ്. ഇതു കാരണം കരാറുകാർക്ക് 1,500 കോടിയിലേറെ രൂപ കുടിശികയായി. പദ്ധതി പലയിടത്തും മുടങ്ങി. അടുത്ത ഓഗസ്റ്റോടെ പൂർത്തിയാക്കേണ്ട പദ്ധതി എങ്ങുമെത്താത്തതു വാർത്തയായിരുന്നു.