ADVERTISEMENT

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി ,പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിനു സമാന്തരമായി നിർമിക്കുന്ന ആർച്ച് പാലത്തിനായി ജലാശയത്തിലെ പൈലിങ് ജോലികൾ തുടങ്ങി. ആർച്ച് സ്പാനിനായി ജലാശയത്തിൽ 44 തൂണുകളാണു നിർമിക്കേണ്ടത്. ഇതിൽ 6 തൂണുകളുടെ പൈലിങ് പൂർത്തിയായി. ബാർജിൽ ഘടിപ്പിച്ച ഒരു പൈലിങ് യൂണിറ്റ് ഉപയോഗിച്ചാണു ജലാശയത്തിലെ പൈലിങ് നടത്തുന്നത്. സമാന്തരമായി കരയിലും പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 2 യൂണിറ്റ് യന്ത്രം ഉപയോഗിച്ചാണു കരയിൽ പൈലിങ് നടത്തുന്നത്. പാലത്തിനായി ജലാശയത്തിലും കരയിലുമായി ആകെ 110 തൂണുകളാണു നിർമിക്കേണ്ടത്. ഇതിൽ 32 തൂണുകളുടെ പൈലിങ് ജോലികൾ പൂർ‍ത്തിയായി.

 ദേശീയ ജലപാത ചട്ടം അനുസരിച്ചാണു പാലത്തിന്റെ നിർമാണം. റോഡിന്റെ നിർമാണ വേളയിൽ നിലവിലുള്ള പാലത്തിനു സമാന്തരമായി അതേ അളവിൽ പാലം നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതനുസരിച്ചു നെടുമുടി, കിടങ്ങറ പാലങ്ങളുടെ നിർമാണം നടത്തുകയും ചെയ്തു. എന്നാൽ പള്ളാത്തുരുത്തിയിലൂടെ കടന്നുപോകുന്ന ജലാശയം ദേശീയ ജലപാതയായതിനാൽ ദേശീയ ജലപാതാ ചട്ടം പാലിക്കേണ്ടതുണ്ട്.അതിനാൽ  നിലവിലുള്ള പാലത്തിൽ നിന്ന് ഉയരം കൂട്ടിയാണു നിർമിക്കുന്നത്. ജലാശയത്തിൽ നിർമിക്കുന്ന തൂണുകൾ ചട്ടം അനുസരിച്ചുള്ള അകലം പാലിച്ചാണു നിർമിക്കുന്നത്. 

ജാഗ്രത പാലിക്കണം 
പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ടൂറിസ്റ്റ് ബോട്ടുകളും വഞ്ചിവീടുകളും ജാഗ്രത പാലിക്കണമെന്ന്  അധികൃതർ  നിർദേശം നൽകി. പാലത്തിന്റെ പൈലിങ് ജോലികൾ തുടങ്ങിയതു കാരണം പൈലിങ്ങിനായുള്ള യന്ത്രങ്ങളും ബാർജുകളും ജലാശയത്തിലുണ്ട്. അതിനാൽ പാലത്തിന് അടിയിലൂടെ പോകുന്ന ജലവാഹനങ്ങൾ പണികൾ നടക്കുന്ന ഭാഗത്തു നിന്നു പരമാവധി അകലത്തിൽ (40 മീറ്റർ) പോകാൻ ശ്രദ്ധിക്കുക .ബാർജ് ആങ്കർ ചെയ്യാൻ ഇട്ടിരിക്കുന്ന റോപ്പുകൾ അടുത്തുകൂടെ പോകുന്ന ബോട്ടുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങി ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണമെന്നു കരാർ വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com