ADVERTISEMENT

കുട്ടനാട് ∙ പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് കുട്ടനാട്ടിൽ പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇത്തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥലത്തു പുഞ്ചക്കൃഷി ഇറക്കുന്നതു കുട്ടനാട്ടിലാണ്. ആകെ 18,642 ഹെക്ടർ സ്ഥലത്ത് കുട്ടനാട്ടിൽ പുഞ്ചക്കൃഷി നടത്താനാണൊരുങ്ങുന്നത്. വെളിയനാട് ബ്ലോക്ക് പരിധിയിൽ 10,192 ഹെക്ടറിലും ചമ്പക്കുളം ബ്ലോക്ക് പരിധിയിൽ 8,450 ഹെക്ടറിലുമാണു പുഞ്ചക്കൃഷി നടത്തുന്നത്. തുലാം 10നുശേഷം (ഒക്ടോബർ അവസാനവാരം) വിതയിറക്കാൻ പാകത്തിനു പാടശേഖരങ്ങൾ ഒരുക്കിയ കർഷകർക്കു പ്രതികൂല  കാലാവസ്ഥയും വിത്ത് ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ശക്തമായ വേലിയേറ്റത്തിലും മഴയിലും പല പാടശേഖരങ്ങളിലും വെള്ളം കവിഞ്ഞു കയറിയും മട വീണും വെള്ളം കയറിയിരുന്നു. ഇതിൽ പല പാടശേഖരങ്ങളിലും ഇനിയും വിതയിറക്കാൻ സാധിച്ചിട്ടില്ല. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരിവാക്ക പാടശേഖരത്തിൽ വെള്ളം വറ്റിച്ചെങ്കിലും നിലം ഒരുക്കാൻ ട്രാക്ടർ ലഭിക്കാത്തിനാൽ കൃഷി വൈകുകയാണ്. പാടശേഖര സമിതി ആവശ്യപ്പെട്ട സമയത്തു കരാറുകാരൻ ട്രാക്ടർ എത്തിച്ചെങ്കിലും കൃഷിയിടത്തിൽ വെള്ളമായതിനാൽ ട്രാക്ടർ ഇറക്കാൻ സാധിച്ചില്ല.

 ഇപ്പോൾ വെള്ളം വറ്റിയെങ്കിലും ട്രാക്ടർ ലഭിക്കാൻ താമസിക്കുന്നു. സമാന സാഹചര്യമാണു കുട്ടനാട്ടിലെ മറ്റു പല പാടശേഖരങ്ങളിലും. ഈ മാസം 31നു മുൻപായി വിത പൂർത്തിയാക്കിയില്ലെങ്കിൽ സർക്കാരിൽ നിന്നുള്ള സഹായം ലഭിക്കുകയില്ലെന്നുള്ള അധികൃതരുടെ നിർദേശം കർഷകരെ വെട്ടിലാക്കിയിരിക്കുകയാണ്. വെളിയനാട് ബ്ലോക്കിൽ  പുഞ്ചക്കൃഷിയിറക്കുന്നതിന്റെ കൃഷിഭവൻ തിരിച്ചുള്ള ഹെക്ടർ കണക്ക് :  കാവാലം 1294, നീലംപേരൂർ 3600, പുളിങ്കുന്ന് 2298, വെളിയനാട് 1331, മുട്ടാർ 695, രാമങ്കരി 974. ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകൾ : എടത്വ 1600, തലവടി 830, ചമ്പക്കുളം 1500, കൈനകരി 2620, നെടുമുടി 1900.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com