കൃഷിയിറക്ക് വൈകി കരിങ്ങാലിൽ ചാൽ പുഞ്ച; നാമമാത്രമായ സ്ഥലങ്ങളിൽ പൂട്ടുതുടങ്ങി
Mail This Article
ചാരുംമൂട്∙ കരിങ്ങാലിൽ ചാൽ പുഞ്ചയിൽ പ്രകൃതിയിലെ മാറ്റം കാരണം കൃഷിയിറക്ക് വൈകുന്നു. നാമമാത്രമായ സ്ഥലങ്ങളിൽ പൂട്ടുതുടങ്ങി. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണവും പുഞ്ചയിലെ വെള്ളം വറ്റാത്തത് കാരണവുമാണ് നവംബറിൽ തുടങ്ങേണ്ട കൃഷിയിറക്ക് ഡിസംബർ പകുതിയായിട്ടും തുടങ്ങാൻ കഴിയാത്തത്. നൂറനാട്, പാലമേൽ, പന്തളം, പന്തളം തെക്കേക്കര പഞ്ചായത്തുകളിലായി പതിനയ്യായിരത്തോളം ഏക്കറുണ്ട് കരിങ്ങാലിൽചാൽ പുഞ്ച.പെരുവേലിൽ ചാൽ പുഞ്ചയിൽ കൃഷി തുടങ്ങി. കരിങ്ങാലിൽ ചാൽ പുഞ്ചയിൽ കൃഷി തുടങ്ങാൻ വൈകിയത് ലക്ഷങ്ങൾ കുടിശികയായി. മൂന്ന് മോട്ടറുകൾ പ്രവർത്തിക്കാതിരിക്കുകയായിരുന്നു.
വൈദ്യുതി വകുപ്പ് ഇതിന്റെ കണക്‌ഷൻ കട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പള്ളിമുക്കം ഭാഗത്തെ മോട്ടർ 75,000 രൂപ നൽകി കുടിശിക തീർത്താണ് പ്രവർത്തനം തുടങ്ങിയത്. വെള്ളം വറ്റിക്കാൻ തുടങ്ങിയതോടെ ഇന്നലെ മുതൽ പൂട്ടും തുടങ്ങി. സ്ഥിരമായി വെള്ളം വറ്റാതെ കിടക്കുന്ന ഭാഗത്ത് മണിരത്നം വിത്തും, വെള്ളം വറ്റുന്ന ഭാഗത്ത് ഉമ വിത്തുമാണ് വിതയ്ക്കുന്നത്. പ്രതീക്ഷയോടുകൂടി കർഷകർ ഇറങ്ങിയിരിക്കുകയാണ്. പള്ളിമുക്കം ഭാഗത്ത് എഴുപതോളം കർഷകർക്കായി 175 ഏക്കർ പുഞ്ചയാണ് നിലകൊള്ളുന്നത്. ശേഷിക്കുന്ന ഭാഗങ്ങളിലും കൃഷി ഈ ആഴ്ച തുടങ്ങും. വൈകി കൃഷി തുടങ്ങുന്നത് കാരണം കൊയ്ത്തും വൈകിയേ നടക്കുകയുള്ളു.