ADVERTISEMENT

മാവേലിക്കര ∙ ഞായറാഴ്ചകളിൽ പകൽ വൈദ്യുതി മുടക്കം പതിവാകുന്നു, നഗരവാസികൾ ദുരിതത്തിൽ. മാവേലിക്കര നഗരത്തിലാണ് കഴിഞ്ഞ 3 ഞായറാഴ്ചകളിലായി പകൽ സമയം പൂർണമായും വൈദ്യുതി മുടങ്ങുന്നത്. മറ്റു ദിവസങ്ങളിൽ ഇടവിട്ടു വൈദ്യുതി പോകുന്ന ദുരിതത്തിനു പിന്നാലെയാണു എല്ലാ ഞായറാഴ്ചകളിലും പകൽ സമയം പൂർണമായി വൈദ്യുതി മുടങ്ങുന്നത്. ജോലിക്കു പോകുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം ലഭിക്കുന്ന അവധി ദിനത്തിലെ വൈദ്യുതി മുടക്കം ഏറെ ദുരിതമാണു സൃഷ്ടിക്കുന്നത്.

ഇടശേരി കാവിനു സമീപം ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന്റെ പേരിലാണ് ആദ്യ 2 ഞായറാഴ്ചകളിൽ വൈദ്യുതി മുടങ്ങിയത്. ഹൈടെൻഷൻ കമ്പികളുടെ അറ്റകുറ്റപ്പണി എന്ന പേരിലാണ് ഇന്നലെ വൈദ്യുതി പകൽ മുടങ്ങിയത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന സന്ദേശം അറിയിപ്പ് കൺസ്യൂമർ മൊബൈൽ നമ്പറിലേക്ക് തലേന്നു രാത്രിയിലാണ് അയയ്ക്കുന്നത്. മൊബൈൽ ഫോണിലെ സന്ദേശങ്ങൾ നോക്കുന്നവർ കുറവായതിനാൽ പലരും ഞായർ രാവിലെ വൈദ്യുതി മുടങ്ങുമ്പോൾ ആണു പകൽ മുഴുവൻ വൈദ്യുതി ഇല്ലെന്ന ദുരിതം അറിയുന്നത്. 

നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളും ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അവധി ആയതിനാലാണു പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കി ഞായറാഴ്ച വൈദ്യുതി മുടക്കി പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ നഗരത്തിൽ പകൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ, നഗരത്തിലെ ഗാർഹിക ഉപയോക്താക്കൾ എന്നിവർക്കു ഞായറാഴ്ച വൈദ്യുതി വേണ്ടേയെന്ന ചോദ്യത്തിന് അധികൃതർക്ക് കൃത്യമായ മറുപടിയില്ല. പ്രവൃത്തി ദിവസങ്ങളിൽ ഇടവിട്ട് വൈദ്യുതി മുടങ്ങുന്നതു ദുരിതം സൃഷ്ടിക്കുന്നെന്ന പരാതി ശക്തമാകവെയാണു സ്ഥിരമായി ഞായറാഴ്‌ചകളിൽ പകൽ വൈദ്യുതി മുടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com