ADVERTISEMENT

ആലപ്പുഴ ∙ വ്യാജമദ്യ കേസിൽ കോയമ്പത്തൂരിൽ നിന്നു പിടിയിലായ അനിൽകുമാർ കർണാടകയിലും തമിഴ്നാട്ടിലും 2006 മുതൽ ഒട്ടേറെ വാഹനമോഷണ കേസുകളിലും സ്പിരിറ്റ് കേസുകളിലും പിടികിട്ടാപ്പുള്ളി. എക്സൈസിൽനിന്നു പിരിച്ചുവിട്ടയാളും ഒട്ടേറെ സ്പിരിറ്റ് കേസുകളിലെ പ്രതിയുമായ ഹാരി ജോൺ (കിഷോർ) ആണ് വ്യാജമദ്യ നിർമാണത്തിൽ കൂട്ട്. അമ്പലപ്പുഴയിൽ വ്യാജമദ്യം നിർമിക്കാൻ ഇയാളുടെ സഹായം ലഭിച്ചു. ചോളപ്പൊടിയും പരുത്തിക്കുരുവും കയറ്റിയ ലോറിയിൽ ഒളിപ്പിച്ചാണ് സ്പിരിറ്റ് കോയമ്പത്തൂർ വഴി അമ്പലപ്പുഴയിലെ ശ്രീരാജിന്റെ വീട്ടിലെത്തിച്ചത്. വ്യാജമദ്യമുണ്ടാക്കാനുള്ള എസൻസും മറ്റും കിഷോർ പറഞ്ഞതനുസരിച്ച് ഗോവയിൽ നിന്നു സംഘടിപ്പിച്ചു. 12000 ലീറ്ററോളം സ്പിരിറ്റ് ആലപ്പുഴയിലെത്തിച്ച് വ്യാജമദ്യം ഉണ്ടാക്കിയതായി അനിൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

2021ൽ കറ്റാനത്തും ലോക്ഡൗൺ കാലത്തു കരീലക്കുളങ്ങരയിലും 2015ൽ മുതുകുളത്തും ഹാരി ജോൺ വ്യാജമദ്യ കേസുകളിൽ പ്രതിയായിട്ടുണ്ട്. 14 വർഷത്തോളം എക്‌സൈസ് ഗാർഡായിരുന്നു. 2004 മുതൽ സസ്പെൻഷനിലായിരുന്നു ഹാരി. സസ്പെൻഷൻ കാലത്തു തന്നെ മദ്യക്കുപ്പിയിൽ പതിക്കുന്ന വ്യാജ സ്റ്റിക്കറും സീൽ ചെയ്യുന്ന യന്ത്രവുമായി പിടിയിലായിരുന്നു. മാവേലിക്കര, ഹരിപ്പാട്, പന്തളം എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. വ്യാജമദ്യ ലോബിയുമായുള്ള ബന്ധത്തെ തുടർന്നാണു ഹാരി ജോണിനെ സർവീസിൽ നിന്നു പുറത്താക്കിയത്.

രണ്ടു കൂട്ടാളികൾ തമിഴ്നാട്ടിൽ പിടിയിൽ
അനിലിന്റെ ചിന്നത്തൊട്ടി പാളയത്തുള്ള വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ ആയിരക്കണക്കിനു കുപ്പി വ്യാജമദ്യവും സ്പിരിറ്റുമുണ്ടെന്നു ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇക്കാര്യം കോയമ്പത്തൂർ പൊലീസിനെ അറിയിച്ച ശേഷമാണു സംഘം പ്രതിയുമായി കേരളത്തിലേക്കു പോന്നത്. കോയമ്പത്തൂർ പൊലീസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റും ആയിരക്കണക്കിനു ലീറ്റർ വ്യാജമദ്യവും പിടിച്ചെടുത്തു. അനിലിന്റ കൂട്ടാളികളായ 2 തിരുവനന്തപുരം സ്വദേശികളെ അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശികളായ അരുൺ (29), സന്തോഷ് കുമാർ (42) എന്നിവരെയാണു കോയമ്പത്തൂർ പൊലീസ് പിടികൂടിയത്.

ബോസ്
സംഘത്തിന്റെ തലവൻ ബോസ് എന്നു വിളിക്കുന്ന അനിലാണെന്നു കേസിൽ പിടിയിലായ മറ്റു പ്രതികൾ പൊലീസിനോടു പറഞ്ഞിരുന്നു. അനിൽ അമ്പലപ്പുഴയിൽ എത്തിയിരുന്ന കാറിൽ 20 സാധാരണ മൊബൈൽ ഫോണുകൾ വരെ ഉണ്ടായിരുന്നെന്നും മറ്റു പ്രതികളിൽനിന്നു പൊലീസിനു വിവരം ലഭിച്ചു. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അനിൽ കാർ വർക്ക്ഷോപ്പുകളിൽ ജോലി ചെയ്തു നല്ല മെക്കാനിക്കായി മാറി. തിരുവനന്തപുരത്തു സ്വന്തം വർക്ക്ഷോപ്പ് നടത്തുകയും ചെയ്തിരുന്നു.

രണ്ടു പൊലീസ് സംഘങ്ങൾ
ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം ബെംഗളൂരുവിലെത്തി അനിലിന്റെ വീടു കണ്ടെത്തി. അനിലിന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിലും മറ്റും രഹസ്യാന്വേഷണം നടത്തുകയും ചെയ്തു. എസ്ഐ നെവിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം ഈ മാസം 5നു കോയമ്പത്തൂരിലെത്തി. 20 കിലോമീറ്റർ ചുറ്റളവിൽ ബൈക്കിൽ 2 സംഘങ്ങളായി അന്വേഷണം നടത്തിയാണ് അനിലിന്റെ ഫാം ഹൗസ് കണ്ടെത്തിയത്. വണ്ടിയുടെ നമ്പർ മാറ്റിയായിരുന്നു അനിലിന്റെ സഞ്ചാരം തമിഴ്നാട്ടിലെ വർക്ക്ഷോപ്പിൽ കിടക്കുന്ന കാറിന്റെ നമ്പരാണ് പിടിയിലാകുമ്പോൾ അനിലിന്റെ കാറിൽ ഉപയോഗിച്ചിരുന്നത്.

കുടുംബത്തിന് മാസം 2 ലക്ഷം!
കോയമ്പത്തൂരിലെ 3 സിഡിഎമ്മുകളിലൂടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാസം 2 ലക്ഷത്തോളം രൂപ മുടങ്ങാതെ അനിൽ അയച്ചിരുന്നെന്നു ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഈ സിഡിഎമ്മുകളുടെ പരിസരത്ത് ക്രൈംബ്രാഞ്ച് സംഘാംഗങ്ങൾ 8 ദിവസം നിരീക്ഷണം നടത്തി. പല ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെ ഇതു തുടർന്നു. പക്ഷേ, അപ്പോഴൊന്നും അനിലിനെ കുടുക്കാൻ കഴിഞ്ഞില്ല. മേയ് 25നു രാത്രി അനിൽ കാറിൽ ആലപ്പുഴയിലെത്തി മടങ്ങിയ വിവരമറിഞ്ഞു പൊലീസ് അരൂർ ഭാഗത്തുവച്ച് കാറിനു കൈകാണിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് ഊടുവഴിയിലൂടെ രക്ഷപ്പെട്ടു. പിന്നീട് ഇയാൾ ആലപ്പുഴ ഭാഗത്തേക്കു വന്നിട്ടില്ല.

വ്യാജമദ്യ നിർമാണം: കുപ്രസിദ്ധ കുറ്റവാളി കോയമ്പത്തൂരിൽ പിടിയിൽ
ആലപ്പുഴ ∙ വ്യാജമദ്യ നിർമാണത്തിനു സ്പിരിറ്റ് എത്തിച്ചിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ 2 വർഷം നിരീക്ഷിച്ച  ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. തിരുവനന്തപുരം വിളപ്പിൽ സ്വദേശി അനിലാണ് (49) ഞായറാഴ്ച കോയമ്പത്തൂർ കാരമടൈയിൽനിന്നു പിടിയിലായത്. 2021 ഡിസംബർ 11ന് അമ്പലപ്പുഴ കരൂരിൽ പൊലീസ് നടത്തിയ വൻ വ്യാജമദ്യ വേട്ടയുമായി ബന്ധപ്പെട്ട് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. എന്നാൽ‍, സ്വന്തം പേരിലുള്ള ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയുടെ നീക്കങ്ങളെപ്പറ്റി പൊലീസിനു കാര്യമായ സൂചന  കിട്ടിയിരുന്നില്ല.

കോയമ്പത്തൂരിലെ ഫാം ഹൗസിൽനിന്നാണ് ഇയാളെ പിടികൂടിയത്. അവിടെയും വ്യാജമദ്യ നിർമാണം നടക്കുന്നുണ്ടായിരുന്നു. അതു സംബന്ധിച്ച കേസ് തമിഴ്നാട് പൊലീസിനു കൈമാറിയിട്ടുണ്ട്. ഫാം ഹൗസ് പാട്ടത്തിനെടുത്തതാണെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. പ്രതിയെ അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ്തു. അമ്പലപ്പുഴ കരൂരിലെ ഒരു വീട്ടിൽനിന്നു ആയിരക്കണക്കിനു കുപ്പികളിൽ വ്യാജമദ്യവും സ്പിരിറ്റും പിടികൂടിയിരുന്നു. അന്നു നാലുപേർ അറസ്റ്റിലായി. ഇവർക്കു സ്പിരിറ്റ് എത്തിച്ചിരുന്നത് അനിലാണെന്നു വിവരം ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. 

തുടർന്നു ക്രൈംബ്രാഞ്ച് നടത്തിയ നീണ്ട അന്വേഷണമാണ് ഇപ്പോൾ ഫലം കണ്ടത്. 2006 മുതൽ അനി‍ൽ വ്യാജമദ്യ, സ്പിരിറ്റ് കടത്തു രംഗത്തുണ്ടെങ്കിലും കേരളത്തിൽ ഒരു കേസിലും കുടുങ്ങിയിട്ടില്ല. വാഹന മോഷണവും  മോഷ്ടിച്ച വാഹനങ്ങളിൽ സ്പിരിറ്റ് കടത്തും അനിൽ നടത്തിയിരുന്നെന്നാണു വിവരം. സ്ഥിരതാമസം ബെംഗളൂരുവിലാണ്. കർണാടകയിലും തമിഴ്നാട്ടിലും പല കേസുകളിലും ഇയാളെ പൊലീസ് തിരയുന്നുണ്ടെങ്കിലും അവിടങ്ങളിലും ഇയാൾ പിടിയിലായിട്ടില്ല. പിടിയിലായപ്പോൾ ഇയാളിൽനിന്ന് 8 സാധാരണ മൊബൈൽ ഫോണുകളും പിടികൂടി. സ്മാർട്ട്ഫോണും മറ്റും ഇയാൾ ഉപയോഗിക്കാറില്ല. 

ബെംഗളൂരുവിലുള്ള ഭാര്യയെ വിളിക്കാൻ മാത്രം ഒരു ഫോൺ നമ്പർ ഉപയോഗിക്കും. ബെംഗളൂരുവിൽ ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. താമസിക്കുന്നത് ഇലക്ട്രോണിക് സിറ്റിക്കടുത്ത്. മക്കൾ പഠിക്കുന്നത് ഉയർന്ന ഫീസുള്ള സ്കൂളിൽ. തമിഴ്നാട്ടിലെ മദ്യശാലകളിൽ എത്തുന്നവരുമായി അടുപ്പമുണ്ടാക്കി അവർ വഴിയാണ് ഇയാൾ സിംകാർഡുകൾ സംഘടിപ്പിച്ചിരുന്നത്. അവ ഉപയോഗിച്ചാണ് ‘ഓപ്പറേഷൻ.’ സ്വന്തം പേരിൽ ഒരു ഫോൺ നമ്പർ പോലും ഇല്ലാത്തതിനാൽ ഇയാളെ കണ്ടെത്താൻ പൊലീസിന് ഒരു വഴിയും ഇല്ലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം തുടർന്നു.

അനിൽ ഇടയ്ക്കിടെ കേരളത്തിൽ എത്തുന്നതായും സ്പിരിറ്റിന്റെ പണം നേരിട്ടു വാങ്ങി മടങ്ങുന്നതായും വിവരം കിട്ടിയെങ്കിലും ആളെ കണ്ടെത്താനായില്ല. ആർക്കും ഇയാളെപ്പറ്റി കൂടുതലൊന്നും അറിയുമായിരുന്നില്ല. ഭാര്യയുടെ തിരുവനന്തപുരത്തെ വീടു കണ്ടെത്തി ആ വഴിക്കും അന്വേഷിച്ചു. എന്നാൽ, അവിടെയൊന്നും ഇയാൾക്കു ബന്ധമില്ലെന്നു മനസ്സിലായി. ഏറെ പണിപ്പെട്ടാണു ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ ബെംഗളൂരുവിലെ വീടു കണ്ടെത്തിയത്. അതിന് എതിർവശം വീടു വാടകയ്ക്കെടുത്ത് പൊലീസ് സംഘം താമസമാക്കി. അവിടെയും വല്ലപ്പോഴും അതിരഹസ്യമായാണ് ഇയാൾ എത്തിയിരുന്നത് എന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. ഭാര്യയെ കാണുന്നതു പോലും ഏറെ അകലെ എവിടെയെങ്കിലും വച്ചാണെന്നു പൊലീസ് കണ്ടെത്തി.

ഒരിക്കൽ ഇയാളുടെ വീടിനു മുന്നിലുണ്ടായിരുന്ന കാറിന്റെ നമ്പർ കിട്ടാൻ വേണ്ടി പൊലീസ് വേഷം മാറി ഗേറ്റിനു മുന്നിൽ എത്തിയെങ്കിലും ഉടൻ വീട്ടിലെയും പുറത്തെയും ലൈറ്റുകളെല്ലാം അണഞ്ഞു. അതോടെ ആ ശ്രമവും പരാജയപ്പെട്ടു. 2021 ൽ അമ്പലപ്പുഴ കരൂരിലെ വ്യാജമദ്യ വേട്ടയിൽ അര ലീറ്ററിന്റെ 2000 കുപ്പി വ്യാജമദ്യം, സ്പിരിറ്റ്, പാക്കിങ് യന്ത്രം, കുപ്പികൾ, വ്യാജ ലേബലുകൾ തുടങ്ങിയവയാണ്  പിടികൂടിയത്. മദ്യം നിറയ്ക്കാൻ വച്ചിരുന്ന 10000 കുപ്പികളും ഒരു ചാക്ക് അടപ്പുകളും അന്ന് പിടിച്ചെടുത്തിരുന്നു. അന്ന് അതിനടുത്ത ദിവസങ്ങളിലാണു 4 പ്രതികൾ പിടിയിലായത്.

English Summary:

Alappuzha's 2-Year Hunt Ends in Dramatic Arrest: Anil's Illicit Liquor Ring Busted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com