ADVERTISEMENT

ആലപ്പുഴ ∙ കെട്ടിട നികുതി കുത്തനെ ഉയർത്തി നഗരസഭ. ഇന്നലെ ചേർന്ന കൗൺസിൽ യോഗം കെട്ടിട നികുതി നിരക്കുകൾ കുത്തനെ ഉയർത്തുന്ന തീരുമാനം അംഗീകരിച്ചു. നികുതി വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ ഹാജരായില്ല. ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത നികുതി വർധന ആണെന്ന് ബിജെപി അംഗങ്ങൾ എഴുതി നൽകിയ വിയോജനക്കുറിപ്പിൽ പറഞ്ഞു.

റവന്യു നികുതി പരിഷ്കരണം സംബന്ധിച്ച കരട് വിജ്ഞാപനം ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ 30 ദിവസത്തെ സാവകാശം നൽകി പ്രസിദ്ധീകരിച്ചതാണ്. ഈ കാലയളവി‍ൽ യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ലഭിക്കാതിരുന്നതിനാൽ ധനകാര്യ സ്ഥിരം സമിതി കഴിഞ്ഞ 28 ൽ യോഗം കൂടി നികുതി വർധിപ്പിക്കാനുള്ള ശുപാർശകൾ തയാറാക്കി. ഈ ശുപാർശകൾ കൗൺസിൽ യോഗത്തിൽ വായിച്ച് അംഗീകരിക്കുകയായിരുന്നു.

''നികുതി വർധിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് വന്നപ്പോൾ തന്നെ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചതാണ്. നഗരസഭയുടെ വരുമാനം വർധിപ്പിക്കാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താതെ, പഠിക്കാതെ ആണ് ശുപാർശകൾ മുന്നോട്ടുവച്ചത്. ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള നികുതി നിർദേശങ്ങൾ ആണ്. ജനദ്രോഹ തീരുമാനം പിൻവലിക്കണം''.  

നേരത്തെ 1000 മുതൽ 2000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾ ഉയർന്ന നികുതി നൽകിയാൽ മതിയായിരുന്നു. പുതിയ നിരക്കു വർധനയിൽ ചെറിയ വീട് നിർമിക്കുന്നവർ പോലും ഉയർന്ന നിരക്ക് നൽകണം. 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ഒരു ചതുരശ്ര മീറ്ററിന് 8 രൂപയിൽ നിന്നും 15 രൂപയായി ഉയർത്തി. ഉയർന്ന നികുതി നൽകിക്കൊണ്ടിരുന്ന പ്രാഥമിക മേഖലയിൽ 27 വാർഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറഞ്ഞ നിരക്ക് ബാധകമായ ദ്വിതീയ മേഖലയിൽ ഉൾപ്പെട്ട കൊമ്മാടി, പൂന്തോപ്പ്, കാളാത്ത്, സനാതനപുരം, ഇരവുകാട്, ആലിശ്ശേരി, ലജ്നത്തുൽ, കുതിരപ്പന്തി, ഗുരുപുരം, വാടയ്ക്കൽ, പവർ ഹൗസ്, ആറാട്ടുവഴി, കളപ്പുര വാർഡുകളെ കൂടി ഉയർന്ന നികുതി പിരിക്കുന്ന വാർഡുകളുടെ ഗണത്തിൽ പെടുത്തി. ഇതോടെ 52 വാർഡുകളിൽ കുറഞ്ഞ നികുതി പിരിവിൽ ഉൾപ്പെടുന്നത് 12 വാർഡുകൾ മാത്രമാകും. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com