ADVERTISEMENT

കുട്ടനാട് ∙ തിങ്ങി നിറഞ്ഞ ജനസഞ്ചയത്തിന്റെ നടുവിലൂടെ പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടനാട്ടിലെ നവകേരള സദസ്സിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആവേശോജ്വല  സ്വീകരണം. നെടുമുടിയിൽ പുതിയതായി നിർമിച്ച കോസ്‌വേയുടെ ഇരുവശത്തും തടിച്ചു കൂടിയ ജനസാഗരത്തിനു നടുവിലൂടെയാണു സഞ്ചരിക്കുന്ന മന്ത്രിസഭ വേദിക്കരികിലെത്തിയത്. ഇന്നലെ ഉച്ചയ്ക്കു മുൻപു തന്നെ കുട്ടനാട്ടിലെ എല്ലാ വഴികളിലും എസി റോഡിനു സമീപത്തെ നവകേരള സദസ്സിലേക്കുള്ള ഒഴുക്കായിരുന്നു. ഒരു മണിയോടെ പരാതി നൽകാനുള്ള കൗണ്ടറുകളുടെ പ്രവർത്തനം തുടങ്ങി. പരാതി നൽകാനെത്തിയവരുടെ പ്രളയമായിരുന്നു പിന്നീട്. ഉച്ചയോടെ തന്നെ പ്രധാനവേദിയിൽ കലാപരിപാടികൾ തുടങ്ങി. മൂന്നരയോടെ സദസ്സിലെ കസേരകൾ നിറഞ്ഞു. മണ്ഡലത്തിലെ ഓരോ പ്രദേശത്തു നിന്നു സംഘാടകർ നിശ്ചയിച്ച വാഹനത്തിലും വള്ളങ്ങളിലും ആളുകൾ എത്തിക്കൊണ്ടിരുന്നു. വന്നവരെ സ്വീകരിക്കാൻ വൊളന്റിയർമാർ സജീവമായിരുന്നു. 

4 മണിയോടെ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി.ആർ.അനിൽ, എം.ബി.രാജേഷ്, പി.രാജീവ്,  ജെ. ചിഞ്ചു റാണി, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ വേദിയിലേക്ക് വന്നപ്പോൾ കരഘോഷത്തോടെ ജനം സ്വീകരിച്ചു. തുടർന്നു മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും എത്തി. അഞ്ചരയോടെയാണു മുഖ്യമന്ത്രി വേദിയിലെത്തിയത്. മുഖ്യമന്ത്രി എത്തുമ്പോൾ മന്ത്രി എം.ബി.രാജേഷിന്റെ പ്രസംഗമായിരുന്നു. 6 മണി വരെ  അദ്ദേഹത്തിന്റെ പ്രസംഗം നീണ്ടു. തുടർന്നു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ഉപഹാര സമർപ്പണം. തുടർന്നു തോമസ് കെ.തോമസ് എംഎൽഎയുടെ അധ്യക്ഷ പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു. ആറരയോടെ മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചു. വിവിധ പഞ്ചായത്തുകളിലെ ഹരിതകർമസേനാംഗങ്ങൾ മൈതാനം വൃത്തിയാക്കുന്നതിനും ലഘു ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനും മുഴുവൻ സമയവും സജ്ജമായിരുന്നു.

ആർ ബ്ലോക്ക്: പാടശേഖരസമിതി പരാതി നൽകി
കുട്ടനാട് ∙ ആർ ബ്ലോക്കിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നു കാട്ടി പാടശേഖര സമിതി ഭാരവാഹികൾ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കു പരാതി നൽകി. ഹോളണ്ട് മോഡൽ കൃഷി രീതി ആവിഷ്കരിച്ച ആർ ബ്ലോക്കിൽ തുടർച്ചയായുള്ള വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കരിങ്കൽ കെട്ടിന്റെ അറ്റകുറ്റപ്പണികൾ കൂടാതെ കരിങ്കൽകെട്ടിന് ഉള്ളിൽ പുറംകായലിൽനിന്ന് അധികമായി അടിഞ്ഞിരിക്കുന്ന ചെളി എടുത്തു പുറംബണ്ട് ബലപ്പെടുത്തണം. വൈദ്യുതി കുടിശിക അടയ്ക്കുക, പുതിയതായി അനുവദിച്ച 12 പമ്പ് സെറ്റുകൾ ആളുകളുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുക, ആർ ബ്ലോക്കിനെ  ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുക, ഡിവൈഡിങ് ബണ്ട് പദ്ധതി പൂർത്തിയാക്കുക, ആർ ബ്ലോക്കിനെ ഫാം ടൂറിസം സ്പോട്ടായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അപേക്ഷയിലുള്ളത്.

8012 പരാതികൾ 
കുട്ടനാട് ∙ പരാതിയുടെ കെട്ടഴിച്ചു കുട്ടനാട്. 8012 പരാതികളാണ് കുട്ടനാട് താലൂക്കിലെ നവകേരള സദസ്സിൽ ലഭിച്ചത്. ഒരുമണിയോടെ പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ തയാറായി. 20 കൗണ്ടറുകളാണ് ഒരുക്കിയത്. ഒരു മണിമുതൽ നീണ്ട ക്യൂവാണ് ഓരോ കൗണ്ടറിലുമുണ്ടായിരുന്നത്. തുടർന്നു പരാതി നൽകാനെത്തിയവരുടെ കുത്തൊഴുക്കായിരുന്നു കൗണ്ടറുകളിൽ. ജനങ്ങൾ പരാതി നൽകാൻ ഒഴുകിയെത്തിയതോടെ പലരും പരാതി നൽകാതെ പിന്നോട്ടു മാറുന്ന കാഴ്ചയും ദൃശ്യമായി. വൈകിട്ട് അഞ്ചര വരെയും പരാതി സ്വീകരിക്കാൻ കൗണ്ടറുകൾ തുറന്നു പ്രവർത്തിച്ചിരുന്നു.‌

മുഖ്യമന്ത്രിക്ക് പരാതി നൽകി ശിക്കാര ബോട്ട് ഉടമകൾ
കുട്ടനാട് ∙ ആലപ്പുഴ റജിസ്ട്രേഷൻ ലൈസൻസ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ശിക്കാര ബോട്ട് ഉടമകളും തൊഴിലാളികളും നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കു പരാതി നൽകി. സർക്കാർ  നിയമങ്ങൾ പാലിച്ചു ഭയാശങ്ക ഇല്ലാതെ ഉപജീവനമാർഗം തേടാൻ ആലപ്പുഴ റജിസ്ട്രേഷൻ അത്യാവശ്യമാണ്. 2017ലെ കേരള മാരിടൈം ബോർഡ്‌ ഇറക്കിയ സർക്കുലർ പ്രകാരം അധികൃതർ നിർദ്ദേശിച്ച  നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്. അതു പരിശോധിക്കാൻ 2018ൽ ആദ്യ സർവേയ്ക്കു വിധേയരാകുകയും ചെയ്തു. പിന്നീട് ബോർഡ്‌ നിർദേശിച്ച ചെക്ക് ലിസ്റ്റ് പ്രകാരമുള്ള ഭേദഗതികൾ വരുത്തി 2019ൽ രണ്ടാം സർവേയ്ക്കു ഹാജരായി. സർവേയർ നിർദേശിച്ച തുക  മാരിടൈം ബോർഡിൽ അടച്ച് 6 വർഷമായി ആലപ്പുഴ റജിസ്ട്രേഷനു വേണ്ടി കാത്തിരിക്കുകയാണ്. മന്ത്രിമാർക്ക് അടക്കം  ഉന്നതങ്ങളിൽ പരാതി നൽകിയെങ്കിലും നാളിതുവരെ അനുകൂല നടപടിയില്ല. കുറഞ്ഞ ചെലവിൽ കുട്ടനാടൻ ജീവിതരീതിയും കാഴ്ചകളും കണ്ടാസ്വദിക്കാൻ അവസരമൊരുക്കുന്ന ശിക്കാര വള്ളങ്ങളെ (റൂമൂകളോ ബാത്‌റൂമുകളോ ഇല്ലാത്ത) ഹൗസ് ബോട്ടുകൾക്കുള്ള നിയമപരിധിയിൽ നിന്നു ഒഴിവാക്കി ആലപ്പുഴ റജിസ്ട്രേഷനുള്ള അനുമതി നൽകണമെന്നാണ് അപേക്ഷയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com