ADVERTISEMENT

മുഹമ്മ ∙ വേമ്പനാട്ട് കായലിൽ മല്ലികക്കാ വാരൽ വ്യാപകമായതോടെ സർക്കാർ സഹായത്തോടെ വിവിധ സൊസൈറ്റികൾ നടപ്പിലാക്കിയ കക്കാ റീലെയിങ് പദ്ധതി തകർച്ചയുടെ വക്കിൽ. കായലിലെ ചില പ്രദേശങ്ങളിൽ പ്രത്യേക വളപ്പ് കെട്ടി കുരുന്നുകക്കകൾ (മല്ലികക്ക) വളർത്തി വലുതാക്കിയെടുത്തശേഷം തൊഴിലാളികൾക്ക് വാരിയെടുക്കാൻ പറ്റുന്ന സംവിധാനമാണ് കക്കാ റീലെയിങ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളായ കണ്ണങ്കര, പാതിരാമണൽ ദ്വീപിനുസമീപം, സ്രായിത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ മല്ലികക്ക വളർത്താനായി പ്രത്യേക വളപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ വൈക്കം, മുറിഞ്ഞപുഴ, ചെമ്പ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് വള്ളങ്ങളിലെത്തുന്ന തൊഴിലാളികൾ വളപ്പിനുള്ളിൽ കടന്ന് കുരുന്നു കക്ക വാരിക്കൊണ്ടുപോകുന്ന പ്രവണത തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു.

പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ട ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് അനധികൃത വാരുകാർക്ക് പ്രോത്സാഹനമായി മാറുന്നു. ഒരു വർഷം മുൻപ് മണ്ണഞ്ചേരി പൊന്നാട് പ്രദേശത്ത് കായലിൽനിന്ന് മല്ലികക്ക വാരിയവരെ സംഘടിതരായെത്തിയ തൊഴിലാളികൾ തടഞ്ഞുവയ്ക്കുകയും ഫിഷറീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തെങ്കിലും ഉദ്യോഗസ്ഥർ അവരെ താക്കീത് നൽകി വിട്ടയയ്ക്കുകയാണുണ്ടായത്. 

അയൽ സംസ്ഥാനങ്ങളിൽ കോഴിത്തീറ്റ, മത്സ്യത്തീറ്റ തുടങ്ങിയ ഉണ്ടാക്കുവാനാണ് കുരുന്നുകക്കയുടെ ഇറച്ചിയും തോടും സാധാരണയായി ഉപയോഗിച്ചുവരുന്നത്. വളർച്ചയെത്തും മുൻപേ വാരിനശിപ്പിക്കുന്ന കക്കയിൽനിന്നും ഭക്ഷ്യയോഗ്യമായ ടൺകണക്കിന് മാംസം നഷ്ടപ്പെടുന്നതോടൊപ്പം കക്കയുടെ കട്ടിയുള്ള പുറംതോടും ലഭിക്കാതെ വരുന്നു. മല്ലികക്കയുടെ ഇറച്ചി കുറഞ്ഞവിലയ്ക്ക് വിൽപന നടത്തുന്നതിലൂടെ കക്കവാരി ഉപജീവനം കഴിക്കുന്ന സാധാരണ തൊഴിലാളികൾ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു. മാസങ്ങൾക്ക് മുൻപ് ഒരു കിലോ കക്കയിറച്ചിയ്ക്ക് 100 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 80 രൂപയായി കുറഞ്ഞു. 

മീഡിയം ഇറച്ചിയ്ക്ക് 70 രൂപ കിട്ടിയിരുന്നത് 50 രൂപയായി കുറഞ്ഞു. മാത്രവുമല്ല കക്കയിറച്ചി മൊത്തമായി വാങ്ങാനെത്തുന്ന ഏജന്റുമാർ എല്ലാദിവസവും ഇറച്ചി വാങ്ങാനെത്താത്തതും മറ്റൊരു പ്രതിസന്ധിയാണ്. ഇവർ ഇറച്ചി വാങ്ങാനെത്താത്ത ദിവസം തൊഴിലാളികൾ പണിക്കുപോകാറില്ല. വാരിക്കൊണ്ടുവരുന്ന കക്ക പുഴുങ്ങി ഇറച്ചിയാക്കിയാലും വാങ്ങാൻ ആളില്ലാതെ വരുന്നതാണ് പ്രധാന കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com