ADVERTISEMENT

കുട്ടനാട്∙ ‌2024ൽ എന്താണു നിങ്ങൾക്കു വേണ്ടത് എന്നു ചോദിച്ചാൽ ഭൂരിഭാഗം കുട്ടനാട്ടുകാർക്കും ഒന്നേ പറയാനുള്ളൂ– ‘ശുദ്ധജലം ലഭിക്കാനുള്ള സംവിധാനം’. വർഷങ്ങളായി കുട്ടനാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല.ചെങ്ങന്നൂർ ശുദ്ധജല പദ്ധതി യാഥാർഥ്യമായപ്പോൾ, അതേ കാലയളവിൽ ഫണ്ട് ലഭിച്ച കുട്ടനാട് കുടിവെള്ള പദ്ധതി ഭൂമി ഏറ്റെടുക്കൽ നടപടിയിൽ കുടുങ്ങി നീളുകയാണ്.

  2019ൽ 289.54 കോടി രൂപ അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് പുതുക്കി ഈ വർഷം മേയിൽ 387.91 കോടി രൂപയാക്കി ഭരണാനുമതി വാങ്ങിയിട്ടുണ്ട്.താലൂക്കിലെ 12 പഞ്ചായത്തുകൾക്കൊപ്പം വീയപുരം പഞ്ചായത്തിനും പ്രയോജനം ലഭിക്കുന്നതാണു 9 പാക്കേജുകളിലായി നടപ്പാക്കുന്ന പദ്ധതി. ഇതിൽ 7,8,9 പാക്കേജുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. 

രാമങ്കരി, ചമ്പക്കുളം, കൈനകരി, നെടുമുടി, വീയപുരം പ‍ഞ്ചായത്തുകളിലെ ഉപരിതല ജലസംഭരണികളുടെ നിർമാണവും വിതരണ ശൃംഖല സ്ഥാപിക്കലും എടത്വ ഓഫിസ് കെട്ടിട നിർമാണവുമാണ് ഈ പാക്കേജുകളിലുള്ളത്.മുട്ടാർ, വെളിയനാട്, നീലംപേരൂർ, പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിലെ ഉപരിതല ജലസംഭരണിയും വിതരണ ശൃംഖലയും ഉൾപ്പെടുന്ന 5, 6 പാക്കേജുകൾ റീ ടെൻഡറിനു സമർപ്പിച്ചു.

നീരേറ്റുപുറത്തു ട്രീറ്റ്മെന്റ് പ്ലാന്റിനായുള്ള സ്ഥലം ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാരിന്റെ പരിഗണനയ്ക്കായും അയച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനടക്കം അധികരിച്ച തുക സംബന്ധിച്ചു സർക്കാർ തീരുമാനമുണ്ടായാൽ മാത്രമേ തുടർ നടപടികൾ സാധ്യമാകൂ.ശുദ്ധജല കണക്‌ഷൻ ഇല്ലാത്തതിനാൽ പൊതുജലാശയങ്ങളിലെ വെള്ളമാണു ജനങ്ങളുടെ ആശ്രയം. എന്നാൽ പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ നടക്കുന്നതും തണ്ണീർമുക്കം ബണ്ട് അടച്ചതോടെ ഒഴുക്കു നിലച്ചതും കാരണം പല ജലാശയങ്ങളും മലിനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com