ADVERTISEMENT

മാവേലിക്കര ∙ വീട്ടിലേക്കുള്ള വഴി മറന്ന് അർധരാത്രിയിൽ നഗരത്തിലൂടെ അലഞ്ഞ വയോധികയെ സ്നേഹത്തോടെ ചേർത്തണച്ചു കാക്കിക്കുള്ളിലെ സുമനസ്സുകൾ. നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കുറത്തികാട് വരേണിക്കൽ കാർത്തിക് ഭവനം ചന്ദ്രമതിയമ്മയെ (80) ആണു എസ്ഐ എം.എസ്.എബിയുടെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തിച്ചത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയെ കണ്ടു നിവേദനം നൽകാനാണു ചന്ദ്രമതിയമ്മ എത്തിയത്. 

ഔദ്യോഗിക ചടങ്ങിനു ശേഷം ഗാനങ്ങളും ആസ്വദിച്ച ചന്ദ്രമതിയമ്മ റോഡിൽ എത്തിയെങ്കിലും പ്രായത്തിന്റെ ഓർമപ്പിശകിൽ വഴി തെറ്റി. കല്ലുമല–ബുദ്ധ ജംക്‌ഷൻ റോഡിലൂടെ ഇന്നലെ രാത്രി ഒന്നിനു നടന്നു പോയ ചന്ദ്രമതിയമ്മയെ പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘമാണു കണ്ടത്. അസമയത്തു റോഡിൽ കണ്ട വയോധികയുടെ സമീപത്തു ജീപ്പ് നിർത്തി പൊലീസ് വിവരങ്ങൾ അന്വേഷിച്ചു. വീട് കുറത്തികാട് ആണ്, വഴി തെറ്റി, നേരം പുലരുന്നതു വരെ വൃത്തിയുള്ള കടത്തിണ്ണയിൽ വിശ്രമിക്കാമെന്നു കരുതി നടക്കുകയാണെന്നു വ്യക്തമാക്കിയ വയോധികക്കു വഴി നിശ്ചയം ഇല്ലായിരുന്നു. 

പട്രോളിങ് സംഘം ഉടൻ തന്നെ എസ്എച്ച്ഒ സി.ശ്രീജിത്തിനെ വിവരം അറിയിച്ചു. പൊലീസ് സ്റ്റേഷൻ അതിർത്തി പരിഗണിക്കാതെ വീടു കണ്ടെത്തി അമ്മയെ സുരക്ഷിതമായി എത്തിക്കാൻ ശ്രീജിത് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ എബി, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.റുക്‌സർ, സിവിൽ പൊലീസ് ഓഫിസർ ജി.കാർത്തിക് മോഹൻ, ഹോം ഗാർഡ് സുരേഷ് എന്നിവർ അമ്മയുമായി കുറത്തികാട്ടെത്തി. വഴി കൃത്യമായി അറിയാത്തതിനാൽ രാത്രിയിൽ പ്രദേശത്തെ പല വീടുകളിലുമെത്തി അന്വേഷിച്ചാണ് അവസാനം വീട് കണ്ടെത്തിയത്. മകൻ മാനസിക അസ്വാസ്ഥ്യം ബാധിച്ചു വിവിധയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്, ഒറ്റയ്ക്കാണ് താമസമെന്നും ചന്ദ്രമതിയമ്മ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com