നാടൻ മുട്ടയുടെ ഉൽപാദനം കുറഞ്ഞു; മുട്ടവില ‘പറക്കുന്നു’: മുട്ടഗ്രാമം പദ്ധതിയും പരാജയമായി
Mail This Article
എടത്വ ∙ നാടൻ മുട്ടയുടെ ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ മുട്ടവില ‘പറക്കുന്നു’. ഒരു മാസത്തിനിടെ വരവ് കോഴിമുട്ടയുടെ വില 1.50 രൂപയും താറാവിൻമുട്ടയുടെ വില ഒരുരൂപയും വർധിച്ചു. വരവ് മുട്ടയുടെ വില 5.50 രൂപയിൽ നിന്ന് 7 രൂപയായും താറാവിൻമുട്ടയുടെ വില 10 രൂപയിൽ നിന്നു 12 രൂപയായും ഉയർന്നു. നാടൻ മുട്ടയ്ക്ക് 8 രൂപയാണ് വില.
മുൻകാലങ്ങളിൽ മിക്ക പഞ്ചായത്തുകളിലും സബ്സിഡി നിരക്കിലും പഞ്ചായത്ത് പദ്ധതിയിലൂടെ സൗജന്യമായും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു. ഇപ്പോൾ പല പഞ്ചായത്തുകളിലും ഇതിനുള്ള പദ്ധതികളില്ല. അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനിയും പ്രകൃതിക്ഷോഭവും കാരണം കോഴിക്കുഞ്ഞുങ്ങളെ വളർത്തി വിതരണം ചെയ്യുന്ന ചെറുകിട സംരംഭകരുടെ എണ്ണം കുറഞ്ഞു. കോഴിത്തീറ്റ വില ക്രമാതീതമായി ഉയർന്നതോടെ ഇപ്പോൾ വീടുകളിൽ കോഴികളെ വളർത്തുന്നതും അപൂർവമായി.
കോഴിക്കൂടും കോഴിയും നൽകി മുട്ടഗ്രാമം പദ്ധതി നടപ്പിലാക്കിയെങ്കിലും കർഷകർക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. 2014 മാർച്ചിൽ ആയിരുന്നു പദ്ധതിയുടെ ആരംഭം. നബാർഡിന്റെ സഹായത്തോടെ പഞ്ചായത്തു വഴിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. പക്ഷേ, പലയിടങ്ങളിലും ഒരുവർഷം പോലും പദ്ധതി നീണ്ടുനിന്നില്ല.
പക്ഷിപ്പനി തുടർച്ചയായി ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ താറാവു കർഷകരുടെ എണ്ണവും കുറഞ്ഞു. മുൻപ് മൃഗസംരക്ഷണ വകുപ്പ് താറാവുകളെ സൗജന്യമായി നൽകിയിരുന്നു. ഇപ്പോൾ ഈ പദ്ധതിയില്ല. ഇപ്പോൾ വിണിയിൽ നാടൻ താറാവുകളെക്കാൾ കൂടുതലുള്ളത് തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന താറാവുകളും മുട്ടകളുമാണ്.