ADVERTISEMENT

ആലപ്പുഴ ∙ രണ്ടാം കുട്ടനാട് പാക്കേജിനായി അനുവദിച്ച 100 കോടി രൂപകൊണ്ട് എന്തൊക്കെ ചെയ്യാനാകും? പാക്കേജിലെ നിർദേശങ്ങൾ മുഴുവൻ നടപ്പാക്കാൻ തികയില്ലെങ്കിലും അത്യാവശ്യ പണികൾ ചെയ്യാൻ കഴിയും. പുറംബണ്ടുകളുടെ നവീകരണവും മറ്റുമാണ് മുൻഗണനയിൽ വരുന്നത്. എന്നാൽ, അത്തരം പണികൾ ഫലപ്രദമായി ചെയ്യുന്നതിലാണു കാര്യമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടനാടിന്റെ പരമ്പരാഗത രീതികൾ അവഗണിച്ചുള്ള നിർമാണങ്ങളല്ല വേണ്ടതെന്നും അവർ പറയുന്നു.

കട്ട കുത്തി ബണ്ട് കെട്ടണം
പുറംബണ്ടുകൾ കല്ലുകെട്ടി നിർമിക്കുന്നതു കുട്ടനാടിന്റെ പ്രകൃതിക്കു ചേരുമോ? ഇല്ലെന്നാണു കൃഷി വിദഗ്ധരുടെ അഭിപ്രായം. കട്ട കുത്തി മട ഉയർത്തുന്നതാണു കുട്ടനാടിന്റെ രീതി. അതു വീതി കൂട്ടി നിർമിക്കണം. ഹരിത ആവരണവും നൽകണം. ബണ്ട് നിർമാണത്തിന്റെ ചുമതല പാടശേഖര സമിതികളെത്തന്നെ ഏൽപിച്ചാൽ മണ്ണറിഞ്ഞു മടയുയർത്താൻ കഴിയുമെന്ന നിർദേശവും മുന്നിലുണ്ട്.കായലിൽനിന്നും മറ്റും ഡ്രജ് ചെയ്തു ചെളിയെടുത്തുള്ള നിർമാണമാണ് സർക്കാർ വകുപ്പുകൾ പലപ്പോഴും നിർദേശിക്കുന്നത്.

എന്നാൽ, കുട്ടനാട്ടിലെ സവിശേഷമായ ചെളി ഇങ്ങനെ കലക്കിക്കളയരുതെന്നാണു വിദഗ്ധരുടെ നിർദേശം. പരമ്പരാഗത രീതിയിൽ ചെളി കട്ടയായി കുത്തിയെടുത്തു വേണം ബണ്ട് നിർമിക്കാൻ. പെട്ടെന്നു നശിക്കാതിരിക്കാൻ ബണ്ടിനു സസ്യാവരണം നൽകണം. പുല്ലു വച്ചു പിടിപ്പിക്കുകയല്ല, കണ്ടലും കൈതയും പോലുള്ള സസ്യങ്ങളാണ് ഇതിന് ഉപയോഗിക്കേണ്ടത്. കായലിലേക്ക് ഇറക്കിയല്ല, പാടശേഖരങ്ങളുടെ ഉൾഭാഗത്തേക്കു വേണം ബണ്ട് നിർമിക്കാൻ. ഇതുവഴി പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാം.

ബ്ലൂ കാർബൺ അടങ്ങിയതാണു കുട്ടനാട്ടിലെ ചെളി. ലോകമെങ്ങും ഇതിനു വലിയ മൂല്യം കൽപിക്കുന്നുണ്ട്. വനങ്ങളെക്കാൾ പ്രധാനമാണ് ഈ കാർബൺ സമ്പത്ത്. ബ്ലൂ കാർബൺ സംരക്ഷിക്കാൻ ഖനന വ്യവസായങ്ങൾക്കും സിഎസ്ആർ ഫണ്ടുണ്ട്. ഇതു കുട്ടനാടിനായി പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ തേടുകയും വേണം. ബ്ലൂ കാർബൺ സംഭരണിയായ കുട്ടനാടിനെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും കൃഷി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ബണ്ടും റോഡും
പുറംബണ്ടുകൾ 10 മീറ്ററെങ്കിലും വീതിയിൽ നിർമിക്കണമെന്നാണു മറ്റൊരു നിർദേശം. ചെറുവാഹനങ്ങൾക്കു സഞ്ചരിക്കാൻ കൂടി പ്രയോജനപ്പെടും. പുറംബണ്ടുകളിൽനിന്നു താമസം മാറ്റുന്ന കുടുംബങ്ങളെ കുട്ടനാട്ടിൽ നിലനിർത്താൻ ഇത് അത്യാവശ്യമാണ്.

ഷട്ടറുകൾ
കുട്ടനാട്ടിലെ 70% പാടങ്ങളിലും മഴക്കാലത്തു കൃഷിയില്ല. ആ സമയത്തു പാടങ്ങളിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം കൂടി പുതിയ നിർമാണത്തിൽ ഉണ്ടെങ്കിലേ പൂർണ പ്രയോജനമുണ്ടാകൂ. ഷട്ടറുകൾ ഉൾപ്പെടെ നിർമിക്കണം. വെള്ളം പാടങ്ങളിലൂടെ ഒഴുകിപ്പോയാൽ വേറെയും ഗുണങ്ങളുണ്ട്. തോടുകളിലെ സമ്മർദം കുറയും. ജലനിരപ്പു കുറയ്ക്കാനും കഴിയും. മഴക്കാലത്തു ജലനിരപ്പ് പരമാവധി കുറയ്ക്കാൻ കഴിഞ്ഞാൽ പുറംബണ്ടുകളിലെ കുടുംബങ്ങൾക്കു നാടുവിട്ടു പോകേണ്ടിവരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com