സ്നേഹം പകുത്തു നൽകി മെഷാക്; ആറാം ക്ലാസുകാരൻ 4 വർഷമായി വളർത്തിയ തലമുടി മുറിച്ചു
Mail This Article
പൂച്ചാക്കൽ ∙ കാൻസർ രോഗികൾക്ക് സഹായമാകാനായി ആറാം ക്ലാസുകാരൻ മെഷാക് 4 വർഷമായി വളർത്തിയ തലമുടി ഇന്നലെ മുറിച്ചു. അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിൽ രാവിലെ കുർബാനയ്ക്കു ശേഷം മെഷാകിനെ വൈദികരും ഇടവക സമൂഹവും അനുമോദിച്ചു. വികാരി ഫാ. ആന്റണി കുഴിവേലി, സഹവികാരിമാരായ ഫാ. മിഥിൻ ആന്റണി കാളിപറമ്പിൽ, ഫാ. ബിബിൻ ജോർജ് തറേപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
50 സെന്റമീറ്ററോളമുള്ള മുടി ഇന്നു കളമശേരി കാൻസർ സെന്ററിൽ എത്തിക്കുമെന്നു മാതാപിതാക്കളായ അരൂക്കുറ്റി കളരിക്കൽ വെളുത്താറനികർത്തിൽ കുഞ്ഞച്ചനും ലിജിയും പറഞ്ഞു. വൈകിട്ടോടെ മെഷാക് മുടി പറ്റെ വെട്ടുകയും ചെയ്തു. അരൂക്കുറ്റി നദുവത്തുൽ ഇസ്‌ലാം യുപിഎസിലെ വിദ്യാർഥിയാണ് മെഷാക്. അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവ. എൽപിഎസിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മുടി വളർത്താൻ തുടങ്ങിയത്.
മുടി ഇടതൂർന്നു വളരുന്നത് കണ്ടപ്പോൾ വീട്ടുകാരും ബന്ധുക്കളും മുടി വളർത്തുന്നതിന് പിന്തുണയേകി. അടുത്ത ബന്ധുവായ റെജോയാണ് മുടി നീട്ടി വളർത്തിയാൽ കാൻസർ ബാധിതർക്കു കൊടുക്കാമെന്നു പറഞ്ഞത്. റെജോ അങ്ങനെ കൊടുത്തിട്ടുമുണ്ട്. താൻ കണ്ടിട്ടുപോലുമില്ലാത്ത ഒരാൾക്ക് ചെറിയ സഹായമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്നും സാഹചര്യം ലഭിച്ചാൽ ഇനിയും വളർത്തുമെന്നും മെഷാക് പറഞ്ഞു.