ഹരികുമാരിന് ആ ബോർഡ് കാണുമ്പോൾ തന്നെ നെഞ്ചിൽ നോവുപടരും, ഹൃദയം നുറുങ്ങും

Mail This Article
ആലപ്പുഴ ∙ വീട്ടിൽ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിൽ കരുമാടി കഴിയുമ്പോഴുള്ള ആ ബോർഡ് കാണുമ്പോൾ നെഞ്ചിൽ നോവുപടരും. ഒപ്പമുള്ളവർ ചിലപ്പോൾ ‘ദേ.. നിങ്ങളുടെ സ്ഥലമെത്തി’യെന്നു തമാശ പറയുമ്പോൾ ഹൃദയം നുറുങ്ങും–അമ്പലപ്പുഴയ്ക്കടുത്ത ‘ഞൊണ്ടിമുക്ക്’ എന്ന സ്ഥലപ്പേരുണ്ടാക്കുന്ന വേദനകളെക്കുറിച്ച് ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി ഹരികുമാർ പൂങ്കോയിക്കൽ പറയുന്നു.
ഹരികുമാർ നൽകിയ പരാതിയിലാണ് ഈ സ്ഥലപ്പേര് മാറ്റാൻ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി കഴിഞ്ഞ ദിവസം നിർദേശിച്ചത്. വെറുമൊരു വിളിപ്പേരല്ല, സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും ഈ കവലയുടെ പേര് ഇങ്ങനെ തന്നെയാണ്. മരാമത്ത് വകുപ്പ് ഈ പേരിൽ ഇവിടെ ബോർഡും വച്ചിട്ടുണ്ട്! മാന്നാർ എണ്ണക്കാട് ഉളുന്തി ഗൗരീശങ്കരത്തിൽ ഹരികുമാർ കോയിക്കൽ മാവേലിക്കരയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഇടതു കൈകാലുകളുടെ സ്വാധീനക്കുറവിനെ കഠിനപ്രയത്നം കൊണ്ടു മറികടന്ന ജീവിതം.
സ്വയം കാറോടിച്ച് ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഈ സ്ഥലബോർഡ് കണ്ണിലുടക്കിയത്. നെഞ്ച് നീറി. കലക്ടർ അധ്യക്ഷനായ ജില്ലാ ഭിന്നശേഷി ഉപദേശക സമിതിയിലാണ് ആദ്യം പരാതി ഉന്നയിച്ചത്. പേരു മാറ്റാൻ നിർദേശം നൽകുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണു കഴിഞ്ഞ തിങ്കളാഴ്ച നിയമസഭാ സമിതിക്കു മുന്നിൽ എത്തിയത്. രണ്ടാഴ്ചയ്ക്കകം പേരു മാറ്റണമെന്നു സമിതി കർശന നിർദേശം നൽകി.
‘‘ഭിന്നശേഷിക്കാരനായ ഒരു വ്യക്തി പണ്ട് ഇവിടെ കട നടത്തിയതു കൊണ്ടാണ് സ്ഥലത്തിന് ഇങ്ങനെ പേരു വന്നതെന്ന് ഇന്നലെ മനോരമയിൽ വായിച്ചറിഞ്ഞു. ആ പേരു കേൾക്കുമ്പോൾ അദ്ദേഹവും കുടുംബവും എന്തുമാത്രം വേദനിച്ചിരിക്കാമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ’’– ഹരികുമാർ ചോദിക്കുന്നു.