ADVERTISEMENT

മുതുകുളം∙ മനുഷ്യസ്നേഹത്തിനു മുൻപിൽ ഭാഷയും ദേശവും വഴിമാറി; കണ്ടല്ലൂരിൽ താമസിക്കുന്ന നേപ്പാൾ സ്വദേശി ഷർമിളയ്ക്കു പിറന്ന ആൺകുട്ടിക്ക് നിർമൽകുമാർ എന്നു പേരിട്ടു. ഗർഭകാലത്തും പ്രസവസമയത്തും തനിക്കു തണലായി നിന്ന് സ്നേഹവും പരിചരണവും ഉറപ്പാക്കിയ ആശാപ്രവർത്തക നിർമലകുമാരിക്ക് പകരം നൽകാൻ,  അളവറ്റ സ്നേഹത്തിന്റെ അടയാളമായി ഷർമിളയുടെ പക്കൽ മറ്റൊന്നുമില്ലായിരുന്നു. 

കണ്ടല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ തണ്ടത്ത് വീട്ടിൽ സന്തോഷിന്റെ പശു ഫാമിൽ ജോലിക്കാരിയാണ് നേപ്പാളി യുവതി ഷർമിള.  ഒപ്പം ഭർത്താവും ഒരു കുട്ടിയുമുണ്ട്. വാർഡിലെ ആശാ പ്രവർത്തക നിർമലകുമാരി ജോലിയുടെ ഭാഗമായി യുവതിയെ സന്ദർശിച്ചപ്പോഴാണ് ഷർമിള എട്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. ‌

ഭാഷ വഴങ്ങിയില്ലെങ്കിലും നിർമലകുമാരി ഷർമിളയെ കൈവിട്ടില്ല. കണ്ടല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിന്റെ സഹായത്തോടെ യുവതിക്ക് ദിവസവും ഭക്ഷണവും മരുന്നും എത്തിച്ചു നൽകി. മലയാളം അറിയാത്തതിനാൽ തന്റെ അവസ്ഥയെ കുറിച്ച് മറ്റുള്ളവരോട് പറയാൻ കഴിയാത്ത സങ്കടത്തിലായിരുന്നു ഷർമിള. നിർമലകുമാരിയെ കണ്ടുമുട്ടിയതോടെ യുവതിക്ക് ആത്മവിശ്വാസമായി. 

ആശാപ്രവർത്തകയുടെ ശ്രദ്ധയിലും കരുതലിലും കഴിഞ്ഞ ദിവസം കായംകുളം സർക്കാർ ആശുപത്രയിൽ നേപ്പാളി യുവതി ആൺകുഞ്ഞിന് ജന്മം നൽകി. പെൺകുഞ്ഞാണ് ജനിക്കുന്നതെങ്കിൽ നിർമലകുമാരിയെന്ന് കുഞ്ഞിന്  പേരിടണമെന്ന് യുവതി ആഗ്രഹിച്ചു.എന്നാൽ, ആൺകുഞ്ഞ് ജനിച്ചതോടെ പേരിൽ ഷർമിള തന്നെ ചെറിയൊരു മാറ്റം വരുത്തി; കുട്ടിക്ക് നിർമൽകുമാർ എന്നായി പേര്; പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ആശാപ്രവർത്തകയോടുള്ള കടപ്പാടിന്റെ അടയാളമായൊരു നിർമല നാമധേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com