ADVERTISEMENT

ഹരിപ്പാട് ∙ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ തൈപ്പൂയക്കാവടിയാട്ടം കാണാൻ പുലർച്ചെ മുതൽ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. കാവടിയാടി ഭക്തസഹസ്രങ്ങൾ ക്ഷേത്രം ലക്ഷ്യമാക്കി എത്തിയതോടെ ഹരിപ്പാട് നിറഞ്ഞാടി. പുലർച്ചെ മുതൽ ക്ഷേത്രവും പരിസരവും ഭക്തരെകൊണ്ട് നിറഞ്ഞു. ക്ഷേത്ര നഗരിയായ ഹരിപ്പാട്ടെ നാൽപതോളം ക്ഷേത്രങ്ങളിൽ നിന്നു പതിനായിരത്തോളം കാവടി സ്വാമിമാർ മുരുകന്റെ മുന്നിൽ തൈപ്പൂയ കാവടിയാടി ആടി അനുഗ്രഹം തേടി. രാവിലെ മുതൽ ക്ഷേത്രവഴികളെല്ലാം കവടി സ്വാമിമാരെ കൊണ്ടു നിറഞ്ഞു. വിവിധ സംഘങ്ങളായി വ്രതാനുഷ്ഠാനത്തോടെ  വാദ്യമേളത്തിനൊപ്പം കാവടിയാടി എത്തുന്ന ഘോഷയാത്രകളിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. കാവടിയാട്ടം എത്തി തുടങ്ങിയതോടെ ക്ഷേത്രപരിസരവും ഹരഹരോഹര മന്ത്രധ്വനികളാൽ മുഖരിതമായി. പ്ലാവിൻ തടിയിൽ തീർത്ത ചട്ടത്തിൽ മയിൽപ്പീലിയും വർണക്കടലാസുകളും ചേർത്ത് അലങ്കരിച്ച സാധാരണ കാവടികളായിരുന്നു കൂടുതൽ. അറുമുഖ കാവടി, ജീവത കാവടി, മയിലിന്റെയും തേരിന്റെയും ചെട്ടികുളങ്ങര കുതിരയുടെയും ആകൃതിയിലുള്ള കാവടി തുടങ്ങി പല വിധ കാവടികളുമായാണ് ഭക്തർ എത്തിയത്. 

ക്ഷേത്ര ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് രാവിലെ മുതൽ കാത്തു നിന്നിരുന്നത്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തിന് നിത്യ ചടങ്ങുകൾ അല്ലാതെ പ്രത്യേക പൂജകളോ, എഴുന്നള്ളിപ്പുകളോ വിശേഷാൽ താന്ത്രിക ചടങ്ങുകളോ പതിവില്ല. ഭക്തർ നിറച്ചുകെണ്ടു വരുന്ന കാവടികളിലെ ദ്രവ്യം ദേവ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങിനാണ് പ്രാധാന്യം. സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ പൂജകളുടെയും സ്നാന ഘട്ടത്തിൽ  ഭക്തർ കാവടികളിൽ നിറച്ചുകെണ്ടു വന്ന ദ്രവ്യങ്ങളാണ് അഭിഷേകം ചെയ്തത്. എണ്ണ കാവടികൾ പുലർച്ചെ 3.30 മുതൽ 5.30 വരെയും, കരിക്ക് പാൽ തേൻ നെയ്യ് കരിമ്പിൽ നീര് ശർക്കര പനിനീര് എന്നിവ രാവിലെ 7 30 മുതൽ 12 വരെയും, കളഭം 12 30 നും, ഭസ്മം, കുങ്കുമം, പൂവ് എന്നിവ വൈകിട്ട്  6.30 മുതൽ 8.30 വരെയുമാണ് ദേവന് അഭിഷേകം ചെയ്തത്. 

വൈകിട്ട് ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയുടെ സ്നാനഘട്ടത്തിലാണ് ഭസ്മം, കുങ്കുമം, പൂവ് എന്നീ ദ്രവ്യങ്ങളുടെ അഭിഷേകം നടന്നത്. ഇത്തവണ അത്ഭുതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.  ദേശീയപാതയിൽ കരുവാറ്റ മുതലുള്ള ഗതാഗതം  പലപ്പോഴും തടസ്സപ്പെട്ടിരുന്നു. കാവടി ഘോഷയാത്രയ്ക്ക് പൊലീസ് ശക്തമായ സുരക്ഷയെരുക്കിയിരുന്നു.  ക്ഷേത്രവും പരിസരവും  പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ടൗൺഹാൾ ജംക്‌ഷൻ മുതൽ പടിഞ്ഞാട്ട് ക്ഷേത്രം വരെയും പെരുംകുളം മുതൽ തെക്കോട്ട് ക്ഷേത്രം വരെയും, ദേശീയപാതയിൽ തെക്കേ നടയിൽ നിന്നും വടക്കോട്ട് ക്ഷേത്രം വരെയും പടിഞ്ഞാറേ പള്ളിവേട്ട ആൽ മുതൽ ക്ഷേത്രം വരെയുമുള്ള റോഡുകളിൽ കൂടെയുള്ള വാഹന ഗതാഗതം  നിരോധിച്ചത് കാവടി ഘോഷയാത്രകൾക്ക് സുഗമമായി ക്ഷേത്രത്തിലെത്തുന്നതിനു സഹായകമായി. ഹരിപ്പാട് എസ്എച്ച്ഒ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരാണ് ക്രമസമാധാന ചുമതല വഹിച്ചത്.

ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം കഴിഞ്ഞ് ക്ഷേത്രത്തിനു മുന്നിലെ റോഡുകളിലെയും നഗരത്തിലെയും മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ മാറ്റി ശുചീകരണം നടത്തി. നഗരസഭ ചെയർമാൻ കെ.കെ രാമകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എസ്. കൃഷ്ണകുമാർ, എസ്. നാഗദാസ്, കൗൺസിലർമാരായ ശ്രീവിവേക്, അനസ് നസീം,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അർച്ചന എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com