ADVERTISEMENT

തുറവൂർ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുന്നതിനാൽ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു. ശുദ്ധജല വിതരണം തടസ്സപ്പെടാതിരിക്കാൻ അരൂർ ഒറ്റപ്പുന്ന പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ജിആർപി പൈപ്പ് മാറ്റി ഡക്റ്റൈൽ അയൺ (ഡിഐ) പൈപ്പ് സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. അരൂർ– തുറവൂർ ഉയരപ്പാത നിർമാണം തുടങ്ങുന്നതിന് മുൻപ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഏകദേശം 25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ജലഅതോറിറ്റി വിഭാഗം ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു.

എന്നാൽ ശുദ്ധജല വിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടില്ല. നാലുവരിപ്പാതയോടു ചേർന്ന് കിഴക്കു ഭാഗത്തുകൂടി പോകുന്ന 450 എംഎം ജിആർപി പൈപ്പ് മാറ്റി ഇതിന് പകരം ഡക്റ്റൈൽ അയൺ (ഡിഐ) പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ അടിക്കടിയുണ്ടാകുന്ന പൊട്ടലിന് പരിഹാരമാകും.

എന്നാൽ ഇത്രയും തുക മുടക്കാൻ ജോലി ഏറ്റെടുത്തിരിക്കുന്ന കരാറുകാർ തയാറാകുന്നില്ല. ഈ തർക്കമാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. തുറവൂർ– ഒറ്റപ്പുന്ന പാതയിൽ ആറുവരിപ്പാതയാണ് നിർമിക്കുന്നത്. പാതയുടെ കിഴക്കു ഭാഗത്തുകൂടിയാണ് തുറവൂർ മുതൽ തെക്കോട്ടുള്ള പഞ്ചായത്തിലേക്ക് പോകുന്ന ജിആർപി പൈപ്പുകൾ പോകുന്നത്. തുറവൂർ– ഒറ്റപ്പുന്ന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് 9 തവണയാണ് പ്രധാന പൈപ്പടക്കം പൊട്ടിയത്. ഇതിൽ 450 എംഎം വ്യാസമുള്ള ജിആർപി പൈപ്പ് 3 തവണയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതിനിടെ പൊട്ടിയത്. അരൂർ – തുറവൂർ ഉയരപ്പാതയുടെ നിർമാണം തുടങ്ങിയതിന് ശേഷം 18 തവണയും പൈപ്പ് പൊട്ടി.

ഗതാഗത കുരുക്കൊഴുവാക്കാൻ താൽക്കാലികമായി പാതയുടെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതി കൂട്ടുന്ന ജോലികൾക്കിടെയാണ് ഇവിടെയും പൈപ്പ് പൊട്ടുന്നത്. പൈലിങ് ജോലികളുടെ സമയത്തും വാഹനങ്ങൾ സഞ്ചരിക്കുമ്പോഴും പൈപ്പിനുണ്ടാകുന്നു സമ്മർദം മൂലമാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചപ്പോൾ തന്നെ നിലവാരം കുറഞ്ഞ പൈപ്പാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇതിന് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് അന്ന് തന്നെ ആക്ഷേപം ഉയർന്നിരുന്നു.

അറ്റകുറ്റപ്പണി പൂർത്തിയായി
തുറവൂരിൽ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയ ഭാഗത്തെ അറ്റകുറ്റപ്പണി പൂർത്തിയായി. വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിലേക്ക് പോകുന്ന ജിആർപി പൈപ്പാണ് തുറവൂർ പഞ്ചായത്തിന് വടക്കുവശം മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ദേശീയപാതയുടെ ജോലികൾ നടക്കുമ്പോൾ പൊട്ടിയത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി ചേർത്തല, അരൂർ എന്നീ മണ്ഡലങ്ങളിലെ അരൂർ,എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിൽ 2 ദിവസം ശുദ്ധജല വിതരണം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ പൊട്ടിയ ഭാഗത്തെ പൈപ്പ് മുറിച്ചു മാറ്റിയ ഭാഗത്ത് പുതിയ പൈപ്പ് സ്ഥാപിച്ച് ഒട്ടിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com