ADVERTISEMENT

മാവേലിക്കര ∙ ഡ്രൈവറും കണ്ടക്ടറും ഇല്ല, മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഷെഡ്യൂൾ റദ്ദാക്കൽ പതിവാകുന്നു. പൊതുസ്ഥലം മാറ്റം വന്നപ്പോൾ 18 ഡ്രൈവർ, 11 കണ്ടക്ടർ എന്നിവരുടെ കുറവു വന്നതോടെയാണു ഡിപ്പോയിൽ ഷെഡ്യൂൾ റദ്ദാക്കൽ പതിവായത്. പ്രധാന സർവീസുകൾ ഉൾപ്പെടെ ദിവസവും 8 സർവീസുകളാണു റദ്ദാക്കുന്നത്. 

ഡ്രൈവർമാരുടെ കുറവുമൂലം ഷെഡ്യൂളുകൾ റദ്ദാക്കുമ്പോൾ തിരുവല്ല–കായംകുളം റൂട്ടിൽ ആവശ്യത്തിനു സർവീസ് ഇല്ലാത്ത സാഹചര്യമാണ്. ചെട്ടികുളങ്ങര കുംഭഭരണി ഉൾപ്പെടെ ഉത്സവ കാലമായതിനാൽ ഈ റൂട്ടിൽ സർവീസ് കുറയുന്നതു പരാതി വർധിപ്പിക്കുമെന്നതിൽ തർക്കമില്ല. വർഷങ്ങൾക്കു മുൻപു 45മുതൽ 50 വരെ ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നിലവിൽ 31 ഷെഡ്യൂൾ മാത്രമാണുള്ളത്. ഇതിനായി 30 ബസുകളാണുള്ളത്. 31 ഷെഡ്യൂൾ നടത്തുന്നതിനു കണക്കു പ്രകാരം 64 ഡ്രൈവർമാർ വേണം. സർവീസ് നടത്തുന്നതിനു ദിവസവും ലഭ്യമാകുന്നതു 38 ഡ്രൈവർമാരെ മാത്രമാണ്. 

സമീപത്തെ മറ്റു ഡിപ്പോകളിൽ ജീവനക്കാർ അധികം ഉണ്ടായിട്ടും അവരെ മാവേലിക്കരയിലേക്കു നിയമിക്കാതെ ഡിപ്പോയെ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന ആരോപണം ഉണ്ട്. ഡിപ്പോയിലെ പല ബസുകളും പഴക്കം ഉള്ളവ ആയതിനാൽ ദീർഘദൂര സർവീസുകൾ പോകാൻ ഡ്രൈവർമാർക്കും മടിയാണ്. ബെംഗളൂരു സർവീസ് ആരംഭിക്കുമെന്നു പ്രഖ്യാപനം നടന്നു ഒരു വർഷമായിട്ടും മാവേലിക്കരയിൽ നിന്നു സർവീസ് തുടങ്ങിയില്ല. കുന്നം വഴി ചെങ്ങന്നൂരിന് ബസ് സർവീസ് ആരംഭിച്ചെങ്കിലും ഡ്രൈവർമാരുടെ കുറവു മൂലം അതും നിലച്ചു. രാവിലെ 8.50 കറ്റാനം, രാവിലെ 8.10 ഈരേഴ വഴി കായംകുളം സർവീസുകൾ ഡ്രൈവർമാരുടെ അഭാവത്തിൽ തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com