ADVERTISEMENT

മാവേലിക്കര ∙ കേരളം ഉറ്റുനോക്കുന്ന രൺജീത് ശ്രീനിവാസ് വധക്കേസിലെ ശിക്ഷാവിധി വരുന്ന ദിവസമായതിനാൽ കോടതി പരിസരത്ത് ഇന്നലെ രാവിലെ മുതൽ തിരക്കായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി: പി.രാജ്കുമാർ, കായംകുളം ഡിവൈഎസ്പി: അജയനാഥ് എന്നിവരുടെ നേതൃത്വത്തിൽ കോടതി പരിസരത്തു ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. സുരക്ഷാ മേൽനോട്ടത്തിനായി ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണും കോടതി പരിസരത്തുണ്ടായിരുന്നു. 

10.50നു 14 പ്രതികളെയും കോടതി വളപ്പിൽ തന്നെയുള്ള മാവേലിക്കര സ്പെഷൽ സബ് ജയിലിൽ നിന്നു കോടതിയിൽ എത്തിച്ചു. ഒരു വിലങ്ങിൽ രണ്ടു പ്രതികളെ വീതം ബന്ധിച്ചാണു കൊണ്ടുവന്നത്. സ്പെഷൽ സബ് ജയിൽ മുതൽ കോടതി കെട്ടിടം വരെ റോഡ‍ിന്റെ വശങ്ങളിൽ പൊലീസ് നിലയുറപ്പിച്ചു. അഭിഭാഷകർ, മാധ്യമ പ്രവർത്തകർ, കോടതി ജീവനക്കാർ എന്നിവരെ മാത്രം ശിക്ഷ പറയുന്ന കോടതിക്കു സമീപത്തേക്കു കടത്തിവിട്ടു.

പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഇന്നലെയും കോടതിയിൽ എത്തിച്ചില്ല. ഭാവഭേദമില്ലാതെ, പരസ്പരം സംസാരിച്ചാണു പ്രതികൾ എത്തിയത്. 11 മണിക്കു കോടതി ശിക്ഷ പറയാൻ തുടങ്ങി. 11.25നു നടപടി പൂർത്തിയായി. തുടർന്നു പ്രതികളെ സ്പെഷൽ സബ് ജയിലിലേക്കു കൊണ്ടുപോകാൻ കോടതി നിർദേശിച്ചു.

പ്രതികൾക്കുള്ള വിധിപ്പകർപ്പ്, വാറന്റ് തുടങ്ങിയവ ജയിലിൽ എത്തിക്കാമെന്നു കോടതി അറിയിച്ചതോടെ അതീവസുരക്ഷയിൽ പ്രതികളെ തിരികെ ജയിലിലേക്കു കൊണ്ടുപോയി. മഫ്തിയിലും പൊലീസ് കോടതി പരിസരത്ത് ഉണ്ടായിരുന്നു. വൈകിട്ടോടെ പ്രതികളെ ഇവിടെ നിന്നു തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു 5,11 ബ്ലോക്കുകളിലാക്കി. നേരത്തേ പൂജപ്പുര ജയിലിൽ  ഇവർ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. കൊലപ്പെട്ട രൺജീത് ശ്രീനിവാസിന്റെ അമ്മ വിനോദിനി, ഭാര്യ ലിഷ, മക്കളായ ഭാഗ്യ, ഹൃദ്യ, സഹോദരൻ അഭിജിത് ശ്രീനിവാസ് എന്നിവർ വിധി കേൾക്കാനായി കോടതിയിലെത്തിയിരുന്നു. 

പത്താം പ്രതിയെ വീണ്ടും കേൾക്കും
ആലപ്പുഴ∙ രൺജീത് ശ്രീനിവാസ് വധക്കേസിൽ പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് പക്ഷാഘാതത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയതിനാലാണ് ഇയാളുടെ ശിക്ഷാവിധി ഇന്നലെ പ്രഖ്യാപിക്കാഞ്ഞത്. എന്നാൽ നവാസ് ഉൾപ്പെടെ 15 പ്രതികളും കുറ്റക്കാരാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ മുഴുവൻ പ്രതികളും വധശിക്ഷയ്ക്ക് അർഹരാണെന്നു ഇന്നലെ കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ ശിക്ഷ വിധിക്കുന്നതിനു മുൻപ് പ്രതിക്കു പറയാനുള്ളത് േകൾക്കുന്ന നടപടി പൂർത്തിയാക്കാൻ ഉള്ളതിനാൽ നവാസിന്റെ ശിക്ഷാവിധി പ്രത്യേകമായി പറയുമെന്നു കോടതി വ്യക്തമാക്കി. 

കീഴ്ക്കോടതികൾ വധശിക്ഷ വിധിച്ചാലും ഹൈക്കോടതിയുടെ അംഗീകാരത്തോടെയേ വിധി നടപ്പാക്കാവൂ എന്നാണു ചട്ടം. അഡീഷനൽ സെഷൻസ് കോടതിയുടെ വിധി അംഗീകാരത്തിനായി ഹൈക്കോടതിയിലേക്ക് അയയ്ക്കും. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു പ്രതിഭാഗം അറിയിച്ചിട്ടുണ്ട്. വിധിക്ക് അംഗീകാരം തേടിയുള്ള വിചാരണക്കോടതിയുടെ റഫറൻസും   വിധിക്കെതിരെയുള്ള പ്രതിഭാഗത്തിന്റെ അപ്പീലും ഹൈക്കോടതി ഒരുമിച്ചാവും പരിഗണിക്കുക.

prathap-padikkal
രൺജീത് ശ്രീനിവാസ് വധക്കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ്.ജി.പടിക്കൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനെ കോടതിവളപ്പിൽ കണ്ടപ്പോൾ.

നിഷ്ഠൂര കൊലപാതകമെന്ന് പ്രോസിക്യൂഷൻ
നിരായുധനായ ഒരാളെ വീട്ടിൽ കുടുംബാംഗങ്ങളുടെ മുന്നിൽ കൊലപ്പെടുത്തിയ രീതിയും ഈ ശിക്ഷാവിധിക്കു കാരണമായിട്ടുണ്ടാകാമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ പറയുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയതിനു ശേഷവും മൃതശരീരം വെട്ടിനുറുക്കി വികൃതമാക്കി. ദൃക്സാക്ഷികൾ കുടുംബാംഗങ്ങൾ ആയതിനാൽ, അതു ചോദ്യം ചെയ്യാൻ പ്രതിഭാഗത്തിനു കഴിഞ്ഞില്ല.

എസ്ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട രാത്രി മുതൽ രൺജീത് ശ്രീനിവാസ് കൊല്ലപ്പെട്ട ദിവസം വരെയുള്ള പ്രതികളുടെ നീക്കങ്ങൾ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ വിജയിച്ചു. ഒന്നിലേറെ പേർ ഗൂഢാലോചന നടത്തി സംഘം ചേർന്നു നടത്തുന്ന കുറ്റകൃത്യത്തിൽ സംഭവസ്ഥലത്ത് ഇല്ലാത്തവരും ആ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി ഓർമിപ്പിച്ചു.

അന്വേഷണ സംഘാംഗങ്ങൾക്ക് റിവാർഡ്
രഞ്ജീത് ശ്രീനിവാസ് വധക്കേസ് അന്വേഷണ സംഘാംഗങ്ങൾക്ക് റിവാർഡ് നൽകാൻ സംസ്ഥാന പോലീസ് മേധാവി എസ്. ദർവേഷ് സാഹിബ് ഉത്തരവിട്ടു. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.ആലപ്പുഴ ജില്ലാ മുൻ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാവിഭാഗം ഡപ്യൂട്ടി കമ്മിഷണറുമായ ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണം വെല്ലുവിളി നിറ‍ഞ്ഞതായിരുന്നുവെന്നും കൂട്ടായ പരിശ്രമംകൊണ്ട് പ്രതികളെ പിടിക്കാനും തെളിവുകൾ ശേഖരിക്കാനും വേഗത്തിൽ സാധിച്ചുവെന്നും അന്വേഷണ തലവൻ ജി. ജയദേവ് പ്രതികരിച്ചു.

ജഡ്ജിയുടെ സുരക്ഷ:പൊലീസ് പട്രോളിങ് ശക്തമാക്കി
മാവേലിക്കര ∙ രൺജീത് ശ്രീനിവാസ് കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയുടെ സുരക്ഷയ്ക്കായി പൊലീസ് പട്രോളിങ് ശക്തമാക്കി. ഇന്നലെ കോടതിയിലെത്തിയ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സ്ഥിതി വിലയിരുത്തിയിരുന്നു. പട്രോളിങ് ചുമതല കായംകുളം ഡിവൈഎസ്പിക്കാണ്.

സിപിഎമ്മിനേറ്റതിരിച്ചടി: പി.കെ.കൃഷ്ണദാസ്
കോഴിക്കോട്∙ഏതാനും വോട്ടിനു വേണ്ടി തീവ്രവാദികളെ വളർത്തുന്ന മാർക്സിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണു രൺജിത്ത് ശ്രീനിവാസൻ കേസിലെ കോടതിവിധി എന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ചില സംഘടനകൾ പ്രതികളുടെ മനുഷ്യാവകാശത്തിനായി രംഗത്തു വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവയ്ക്കുന്ന വിധി: കെ.സുരേന്ദ്രൻ
രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 15 പ്രതികൾക്കും വധശിക്ഷ കിട്ടിയതു സ്വാഗതാർഹമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതു ശരിവയ്ക്കുന്നതാണു വിധി. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികളിൽ കേരള പൊലീസിന്റെ സഹായം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേഠിയിലെന്നതു പോലെ രാഹുൽ ഗാന്ധിയെ വയനാട്ടിലും പരാജയപ്പെടുത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.

തീവ്രവാദികൾക്കുള്ള താക്കീത്:എം.വി ഗോപകുമാർ
ആലപ്പുഴ∙ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി  രൺജീത്  ശ്രീനിവാസ് കൊലക്കേസിൽ കോടതി എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചത് തീവ്രവാദികൾക്കുള്ള താക്കീതാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ. വീട്ടിൽ അതിക്രമിച്ചുകയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും സഹോദരന്റെയും മുന്നിലിട്ട് അതിക്രൂരമായി നടത്തിയ കൊലപാതകം മനഃസാക്ഷിക്കു നിരക്കുന്നതല്ല. കേരളത്തിൽ തീവ്രവാദ ശക്തികൾക്കു തഴച്ചു വളരാൻ സാഹചര്യം ഒരുക്കിയ സിപിഎം - കോൺഗ്രസ് നേതൃത്വമാണ് രൺജീതിന്റെ കൊലപാതകത്തിന് കാരണക്കാർ. കോടതി വിധി സ്വാഗതം ചെയ്യുന്നെന്നും ഗോപകുമാർ പറഞ്ഞു

തുടർന്നും കേസുകൾ വിളിച്ച് ജഡ്ജി
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായതിനാൽ ഒരു നിമിഷം മൗനമാചരിച്ച ശേഷമാണു കോടതി നടപടികൾ ആരംഭിച്ചത്. ആദ്യം തന്നെ രൺജീത് ശ്രീനിവാസ് കേസ് എടുത്തു. 11 മണിക്കു ശിക്ഷ പറയാൻ തുടങ്ങി. 11.25 നു ശിക്ഷ പറഞ്ഞു പൂർത്തിയാക്കിയ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി പ്രതികളെ തിരികെ സ്പെഷൽ സബ് ജയിലിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചു. ശിക്ഷാവിധി നടപടികൾ പൂർത്തിയാക്കിയശേഷം ബാക്കിയുള്ള കേസുകളും വിളിച്ചുകേട്ടശേഷമാണു കോടതി പിരിഞ്ഞത്.

പ്രതാപ് ജി.പടിക്കൽ:ഒട്ടേറെ കേസുകളിലെ
സ്പെഷൽ പ്രോസിക്യൂട്ടർ
ആർഎസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് വള്ളികുന്നം ചന്ദ്രൻ 2007ൽ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു പ്രതാപ് ജി.പടിക്കൽ. പാലക്കാട് സഞ്ജിത് കൊലക്കേസ്, ചെങ്ങന്നൂർ വിശാൽ കൊലക്കേസ്, തിരുവനന്തപുരം മണ്ണന്തല രജ്ഞിത് കൊലക്കേസ്, മാവേലിക്കര നക്ഷത്ര കൊലപാതകം തുടങ്ങിയവയിലും സ്പെഷൽ പ്രോസിക്യൂട്ടറാണ്. ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി അംഗമാണ്.

6000 പേജ് നീണ്ട കുറ്റപത്രം, 156 പ്രോസിക്യൂഷൻ സാക്ഷികൾ 
മാവേലിക്കര ∙ ആലപ്പുഴ ഡിവൈഎസ്പി ആയിരുന്ന എൻ.ആർ.ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത് 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലേറെ തൊണ്ടി മുതലുകളും. വിരലടയാളം, ശാസ്ത്രീയ തെളിവുകൾ, ക്യാമറ ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയ യാത്രാവഴി എന്നിവയും തെളിവായി സമർപ്പിച്ചു. ക്രിമിനൽ നടപടി നിയമം 313 വകുപ്പ് പ്രകാരം ചോദ്യം ചെയ്ത് 6000 പേജുകളിലാണു വിചാരണ കോടതി ജഡ്ജി മൊഴി രേഖപ്പെടുത്തിയത്. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫിസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, കൊല്ലപ്പെട്ട രൺജീത്തിന്റെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ കേസിൽ സാക്ഷികളാണ്. 

282 പേജിൽ വിധി ന്യായം 
മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിച്ചു ചരിത്രമെഴുതിയ വിധിന്യായത്തിന് 282 പേജുകൾ. കേസ് അപൂർവങ്ങളിൽ അത്യപൂർവമല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ലെന്നു വിധിന്യായത്തിൽ വ്യക്തമാണ്. രൺജീത് ഉൾപ്പെടെ കൊലപ്പെടുത്താനുള്ളവരുടെ പട്ടിക തയാറാക്കിയതിന്റെ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ കോടതി അംഗീകരിച്ചിരുന്നു. 

2 വർഷം 42 ദിവസം
രൺ‍ജീത് ശ്രീനിവാസ് വധക്കേസിന്റെ  നാൾവഴി
∙ 2021 ഡിസംബർ 19: രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കൊലപ്പെടുത്തി.
∙ ഡിസംബർ 22: ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
∙ 2022 മാർച്ച് 16: കേസിൽ അറസ്റ്റിലായ 15 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആകെ 35 പ്രതികളുണ്ട്. ഇതിൽ 15 പേർക്കെതിരായ കുറ്റപത്രമാണു സമർപ്പിച്ചത്.
∙ ഏപ്രിൽ 23: അഭിഭാഷകനായ പ്രതാപ് ജി.പടിക്കലിനെ കേസിന്റെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു.
∙ ഏപ്രിൽ 26: കേസ് ആലപ്പുഴ സെഷൻസ് കോടതിയിലേക്കു മാറ്റി.
∙ ഒക്ടോബർ 10: വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തെ തുടർന്നു കേസിന്റെ വിചാരണ മാവേലിക്കര സെഷൻസ് കോടതിയിലേക്കു മാറ്റി ഹൈക്കോടതി ഉത്തരവായി.
∙ ഡിസംബർ 5: കുറ്റപത്രം വായിച്ചു കേൾക്കുന്നതിനു മുന്നോടിയായുള്ള പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കി.
∙ ഡിസംബർ 16: പ്രതികളുടെ പേരിലുള്ള കുറ്റപത്രം വായിച്ചു.
∙ 2023 ജനുവരി 16: കേസിന്റെ വിചാരണ ഫെബ്രുവരി 16  ന് തുടങ്ങാൻ മാവേലിക്കര സെഷൻസ് കോടതി ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിട്ടു.
∙ ഫെബ്രുവരി 16: അഭിഭാഷകരെ നിയോഗിക്കാൻ പ്രതികൾ സമയം ആവശ്യപ്പെട്ടു. സാക്ഷി വിസ്താരം മാർച്ച് ഒന്നിനു തുടങ്ങാൻ കോടതി തീരുമാനിച്ചു. പ്രതികൾ വിചാരണ സ്റ്റേ ചെയ്യാൻ ഹൈക്കോടതിയെ സമീപിച്ചു.
∙മാർച്ച് 1: വിചാരണ നടപടി 15 ദിവസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ വിചാരണ മാർച്ച് 15നു തുടങ്ങാൻ തീരുമാനിച്ചു, വിചാരണ നിർത്തിവയ്ക്കാൻ പിന്നീട് ഹൈക്കോടതി ഉത്തരവായി.
∙ ഏപ്രിൽ 12: 17 ന്  സാക്ഷിവിസ്താരം തുടങ്ങാൻ കോടതി ഉത്തരവ്.
∙ ഏപ്രിൽ 17: സാക്ഷി വിസ്താരം തുടങ്ങി.
∙ മേയ് 5: വിചാരണ നടപടികൾ ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു.
∙ ജൂൺ 24: വീണ്ടും കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ടു പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി, ജൂലൈ 12 ന് സാക്ഷി വിസ്താരം പുനരാരംഭിക്കാൻ കോടതി ഉത്തരവ്.
∙ ജൂലൈ 12: പ്രതികളുടെ സാക്ഷി വിസ്താരം പുനരാരംഭിച്ചു.
∙ ഒക്ടോബർ 28: 49 ദിവസം നീണ്ടു നിന്ന, 156 സാക്ഷികളുടെ വിസ്താരം പൂർത്തിയായി
∙ നവംബർ 13: പ്രതികളെ ചോദ്യം ചെയ്ത കോടതി ആറായിരത്തോളം പേജുകളിലായി വിവരങ്ങൾ രേഖപ്പെടുത്തി.
∙ ഡിസംബർ 15: അന്തിമവാദം പൂർത്തിയായി.
∙ 2024 ജനുവരി 20: കേസിലെ 15 പ്രതികളും കുറ്റക്കാരെന്നു കോടതി, പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ.
∙ ജനുവരി 22: ശിക്ഷ സംബന്ധിച്ചു പ്രതിഭാഗം വാദം.
∙ ജനുവരി 23: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതികളുടെ മാനസികാരോഗ്യ നില പരിശോധിച്ചു.
∙ ജനുവരി 25: കേസിലെ 14 പ്രതികൾക്കു പറയാനുള്ളതു കോടതി കേട്ടു (കേസിലെ പത്താം പ്രതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിത്സയിൽ). കേസ് വിധി പറയൽ 30ലേക്ക് മാറ്റി.
∙ ജനുവരി 30: കേസിലെ 15 പ്രതികൾക്കും വധശിക്ഷ, കോടതിയിൽ ഹാജരാകാത്ത പത്താം പ്രതിയുടെ ശിക്ഷ പിന്നീട് നേരിട്ട് പറയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com