ADVERTISEMENT

മാവേലിക്കര ∙ യുകെയിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോട്ടയം ഗാന്ധിനഗർ അതിരമ്പുഴ പൈങ്കിൽ വീട്ടിൽ ബെയ്‌സിൽ ലിജുവിനെ (24) ആണു എസ്എച്ച്ഒ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാവേലിക്കര തഴക്കര പൂവാത്തറയിൽ മിഥുൻ മുരളി നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണു പ്രതിയെ പൊലീസ് പിടികൂടിയത്. 

മാവേലിക്കര മേഖലയിൽ നിന്നു 8 പേരിൽ നിന്നു അഞ്ചര ലക്ഷം രൂപ കബളിപ്പിച്ചതായി മിഥുന്റെ പരാതിയിലുണ്ട്. 2022 സെപ്റ്റംബറിൽ ആണ് മിഥുൻ ഉൾപ്പെടെയുള്ളവരുടെ പക്കൽ നിന്നു തുക വാങ്ങിയത്. കുണ്ടറ പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു പ്രാഥമിക നിഗമനം. സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണു പ്രതി വിദേശജോലി ആഗ്രഹിക്കുന്നവരെ കുടുക്കുന്നത്. യുകെയിൽ ജോലി വാഗ്ദാനം ചെയ്തു പണം നൽകാൻ തയാറാകുന്നവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തും. പണം വാങ്ങിയ ശേഷം വീസ ഓൺലൈനായി മൊബൈൽ ഫോണിൽ എത്തുമെന്നു പറഞ്ഞു വിമാന ടിക്കറ്റിന്റെ പകർപ്പ് നൽകും.

വീസ ലഭിക്കാത്തവർ വിളിക്കുമ്പോൾ കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പ്രതി പിന്നീട് ഫോൺ എടുക്കാതെ മുങ്ങുകയാണു പതിവെന്നു പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണവുമായി ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെത്തി ആഡംബര ജീവിതം നയിക്കുന്നതാണു പ്രതിയുടെ രീതി. എസ്എച്ച്ഒ സി.ശ്രീജിത്തിന് ഒപ്പം എസ്ഐ നിസാർ, എസ്ഐ രമേശ്‌, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷൈജു, ലിമു, ഷാനവാസ്‌, സുനീഷ്, ജവഹർ, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com