പൈപ്പ് കണക്‌ഷൻ വിഛേദിച്ചു; ജല അതോറിറ്റി ഓഫിസിൽ 3 മണിക്കൂർ ഒറ്റയാൾ സമരം

Mail This Article
അമ്പലപ്പുഴ ∙ വീട്ടിലേക്കുള്ള ജല അതോറിറ്റി പൈപ്പ് കണക്‌ഷൻ വിഛേദിച്ചതിൽ പ്രതിഷേധിച്ച് പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി ആലപ്പുഴ വഴിച്ചേരിയിലെ ജല അതോറിറ്റി ഓഫിസിൽ 3 മണിക്കൂർ ഒറ്റയാൾ സമരം നടത്തി. കഴിഞ്ഞ ജനുവരി 14നാണ് മായാദേവിയുടെ വീട്ടിലേക്കുള്ള ശുദ്ധജല കണക്‌ഷൻ മുന്നറിയിപ്പില്ലാതെ വിഛേദിച്ചത്. അടുത്ത ദിവസം തന്നെ ജല അതോറിറ്റി ഓഫിസിൽ പരാതി നൽകാൻ എത്തി. പരാതി നൽകാതെ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതോടെ മായാദേവി തിരികെ പോയി. എന്നാൽ 15 ദിവസം കഴിഞ്ഞിട്ടും കണക്‌ഷൻ പുനഃസ്ഥാപിച്ചില്ല.
ഇന്നലെ വീണ്ടും ജല അതോറിറ്റി ഓഫിസിൽ എത്തിയപ്പോൾ കരാറുകാരനാണ് കണക്‌ഷൻ വിഛേദിച്ചതെന്നും അവരാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണ് മായാദേവി സമരം തുടങ്ങിയത്. ഇന്ന് പ്രശ്നം പരിഹരിച്ച് കണക്‌ഷൻ പുനഃസ്ഥാപിക്കാമെന്ന് അസി.എൻജിനീയർ എത്തി ഉറപ്പു നൽകിയതോടെ സമരം അവസാനിച്ചു. ഉച്ചയ്ക്ക് 2.30 ന് തുടങ്ങിയ സമരം വൈകിട്ട് 5.30നാണ് അവസാനിപ്പിച്ചത്. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമാണ് മായാദേവി.