ADVERTISEMENT

കുട്ടനാട്∙ തടസ്സങ്ങൾ നീങ്ങിയതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രി സന്ദർശിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്ഥലം, റോഡ് തുടങ്ങിയ തടസ്സങ്ങളാണു പ്രധാനമായും ഉണ്ടായിരുന്നത്. നെൽവയൽ നീർത്തട സംരക്ഷണ നിയമം നിരീക്ഷിക്കാൻ രൂപീകരിച്ച സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ചതോടെ റോഡ് നിർമാണത്തിനായി മണ്ണ് ഇറക്കുന്ന ജോലികൾ ആരംഭിക്കും.

 രേഖകൾ സമർപ്പിച്ചു കഴിഞ്ഞതിനാൽ അടുത്ത കിഫ്ബി മീറ്റിങ്ങിൽ കെട്ടിട നിർമാണത്തിനായുള്ള സാമ്പത്തികാനുമതി ലഭ്യമാക്കി ടെൻഡർ നടപടിയിലേക്കു പോകാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ആശുപത്രിയുടെ പുതിയ കാലഘട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഈ വർഷം തുടക്കം കുറിച്ചു സമയബന്ധിതമായി പൂർ‍ത്തിയാക്കും. 

 തോമസ് കെ.തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ എം.വി.പ്രിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് ബീന ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ പ്രീതി സജി, ആശാ ദാസ് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ജോസഫ്, ഡിഎംഒ ഡോ. ജമുന വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.വി.വിശ്വംഭരൻ, സന്ധ്യ സുരേഷ്, സൗമ്യ സനൽ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. രേഖ, എച്ച്എംസി അംഗങ്ങളായ എൻ.പി.വിൻസന്റ്, തോമസ് പൈലി, പി.കെ.പൊന്നപ്പൻ, തോമസ് ജോസഫ്, ജിജോ നെല്ലുവേലി, ശ്രീകുമാർ മങ്കൊമ്പ് തുടങ്ങിയവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

 ജില്ലയിലെ മറ്റു താലൂക്ക് ആശുപത്രികൾ അടക്കം മന്ത്രി സന്ദർശനം നടത്തിയിരുന്നെങ്കിലും പുളിങ്കുന്നിൽ എത്തിയിരുന്നില്ല. ഇന്നലെ തകഴിയിൽ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണു പുളിങ്കുന്ന് താലൂക്ക് ആശുപത്രിയും സന്ദർശിച്ചത്. ആശുപത്രി ചുറ്റിനടന്ന് അടിസ്ഥാനസൗകര്യങ്ങളും മറ്റും വിലയിരുത്തി. ആശുപത്രിയിലെത്തിയ കുട്ടികളുമായി കുശലം ചോദിക്കാനും മന്ത്രി സമയം കണ്ടെത്തി.

 ആശുപത്രിക്കു ബഹുനില കെട്ടിടം നിർമിക്കാൻ 2017-18 ബജറ്റിൽ 40 കോടിയും 2019-20 ബജറ്റിൽ 150 കോടിയും അനുവദിച്ചിരുന്നു. എന്നാൽ ആശുപത്രിക്കു സ്വന്തമായി സ്ഥലം ഇല്ലാതിരുന്നതും 8 മീറ്റർ വീതിയുള്ള റോഡ് ഇല്ലാത്തതും തടസ്സമായി നിന്നതോടെ നിർമാണം നീണ്ടു. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി ആശുപത്രി നിർമാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുകയും മങ്കൊമ്പ് വികാസ് മാർഗ് റോഡിൽ നിന്ന് ആശുപത്രിയിലേക്കു റോഡ് നിർമിക്കുന്നതിനുള്ള സ്ഥലം നാട്ടുകാരുടെ നേതൃത്വത്തിൽ വാങ്ങി നൽകുകയും ചെയ്യുകയായിരുന്നു.

 റോഡ് സമ്പാദക സമിതി ജനകീയമായി സമാഹരിച്ച പണം ഉപയോഗിച്ച് 1.37 ഏക്കർ ഭൂമി വാങ്ങി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക്  ആധാരം ചെയ്തു നൽകിയിരുന്നു. ഈ ഭൂമിയിലൂടെയാണു റോഡ് നിർമിക്കുക. ആശുപത്രിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കിയത് നിർവഹണ കമ്പനിയായ ഇൻകൽ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com