ADVERTISEMENT

തകഴി∙ ആശുപത്രികളുടെ ഗുണനിലവാര പരിശോധനയുടെ  എൻഎബിഎച്ച് അംഗീകാരം സംസ്ഥാനത്തെ 150 ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. തകഴി   ആയുർവേദ ആശുപത്രിക്കും ഈ അംഗീകാരം ലഭിക്കാനുള്ള പ്രവർത്തനം തുടങ്ങി. താളിയോല ഗ്രന്ഥങ്ങളിൽ ആയുർവേദവുമായി ബന്ധപ്പെട്ടുള്ള അറിവുകളെ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും ലോകത്തിലെ ഏതു മേഖലയിലെയും വിദ്യാർഥികൾക്കും ഗവേഷകർക്കും താളിയോലകൾ പഠന വിഷയമാക്കാനും അവസരം ഒരുക്കും. ഗവേഷണത്തിന് അവസരമൊരുക്കുന്ന സ്ഥാപനത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. 

ആയുർവേദ മേഖലയിൽ 116 തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞു.ഹോമിയോ മേഖലയിൽ 40 മെഡിക്കൽ ഓഫിസർമാരുടെ തസ്തികയും സൃഷ്ടിച്ചു. തകഴി ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 3.50  കോടി രൂപ മുടക്കിയ നവീകരണ നിർമാണം  വേഗത്തിൽ പുരോഗമിക്കുന്നു. ചെട്ടികാടിൽ 140 കോടിയിലധികം മുടക്കി എല്ലാ സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ താലൂക്ക് ആശുപത്രിയുടെ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.  തകഴി ഗവ. ആയുർവേദ ആശുപത്രി , ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തോമസ് കെ. തോമസ് എംഎൽഎ. അധ്യക്ഷനായി. തകഴിയിൽ ഹോമിയോ ആശുപത്രി നിർമിക്കുന്നതിനുള്ള തുക എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ,വൈസ് പ്രസിഡന്റ് അംബിക ഷിബു, മദൻലാൽ, കെ.ശശാങ്കൻ, ജയ ചന്ദ്രൻ കലാങ്കേരി, സിന്ധു ജയപ്പൻ, പഞ്ചായത്ത് സെക്രട്ടറി വി. സുരേഷ്,  ആയുഷ് മിഷൻ  പ്രോഗ്രാം മാനേജർ ഡോ. ശ്രീജിനൻ  എന്നിവർ പ്രസംഗിച്ചു.

സിപിഐ വിട്ടു നിന്നു 
തകഴി ∙ മന്ത്രി വീണാ ജോർജ് പങ്കെടുത്ത തകഴി ഗവ. ആയുർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം സിപിഐ   ബഹിഷ്കരിച്ചു. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയിൽ  സിപിഐക്ക് പ്രതിനിധി ഇല്ലെങ്കിലും പഞ്ചായത്ത് പരിപാടികളിലും ആസൂത്രണ സമിതികളിലും സിപിഐ പ്രതിനിധികളെ ഉൾപ്പെടുത്താറില്ലെന്ന് എൽഡിഎഫ് കൺവീനർ പി. സുപ്രമോദം അറിയിച്ചു. മുന്നണിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ  സിപിഎം തയാറായിട്ടില്ല.  പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കാൻ സിപിഐ  തീരുമാനിച്ച  സാഹചര്യത്തിലാണ് ഇന്നലെ നടന്ന മന്ത്രിയുടെ പരിപാടിയും ബഹിഷ്ക്കരിച്ചതെന്ന് സുപ്രമോദം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com