ADVERTISEMENT

ആലപ്പുഴ∙ വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിയ ഗുണ്ടാസംഘം വീട് തല്ലിത്തകർത്തു. തടയാനെത്തിയ പൊലീസിനു നേരെ വടിവാൾ വീശിയ സംഘം പ്രദേശത്ത് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കളർകോട് ബീന കോട്ടേജിൽ റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ ജെ.കിഷോറിനാണ്(55)വെട്ടും കുത്തുമേറ്റത്.

ആദ്യ അക്രമം നടന്ന് ഒന്നര മണിക്കൂറിന് ശേഷം കിഷോറിന്റെ വീടിനു പുറത്തു വച്ചിരുന്ന ബൈക്കിനും സൈക്കിളിനും അജ്ഞാതർ തീയിട്ടു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെ കിഷോറിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന രണ്ടംഗ സംഘം വീട് അടിച്ചു തകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കിഷോറിനെ വടിവാളുകൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തു.

വയറ്റിൽ കുത്തേറ്റ കിഷോറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഷോറിന്റെ അമ്മ റിട്ട.ഹെഡ്നഴ്സ് നളിനാക്ഷി (82), ഭാര്യ സിന്ധു, മകൾ എന്നിവരായിരുന്നു സംഭവ സമയത്തു വീട്ടിൽ ഉണ്ടായിരുന്നത്. വാക്കറിൽ സഞ്ചരിക്കുന്ന നളിനാക്ഷിയെ സംഘം വലിച്ചു താഴെയിട്ടു. ടിവി, കസേരകൾ, സെറ്റി, ഫ്രിജ്, വൈദ്യുത വിളക്കുകൾ, ഫോട്ടോകൾ എന്നിവ നശിപ്പിച്ചു.

നാട്ടുകാർവിവരമറിയിച്ചതിനെത്തുടർന്നാണ് സൗത്ത് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനു നേരെയും വടിവാൾ വീശി ഇവർ രക്ഷപ്പെട്ടു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളായ കൈതവന ഒന്നാം പാലത്തിന് സമീപം ഉധീഷ്, പക്കി കബഡി കോർട്ടിന് സമീപം മധുമോഹൻ എന്നിവരാണ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ഉധീഷ് മുൻപ് കഞ്ചാവ് കേസിൽ പിടിയിലായിരുന്നു.

ഇതു കിഷോറിന്റെ മകളുടെ ഭർത്താവ് അനന്തു വിവരം നൽകിയതിനെ തുടർന്നാണെന്ന് ആരോപിച്ചാണ് സംഘം വീട് ആക്രമിച്ചതെന്നാണ് സൂചന. അതിനിടെ ആദ്യ അക്രമം നടന്ന് ഒന്നര മണിക്കൂർ കഴിഞ്ഞ് അജ്ഞാതർ കിഷോറിന്റെ വീട്ടിലെ ബൈക്കിനും സൈക്കിളിനും തീയിട്ടത് വീണ്ടും പരിഭ്രാന്തി പരത്തി. ആലപ്പുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അക്രമ സംഭവങ്ങളെത്തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ഞെട്ടൽ മാറാതെ നളിനാക്ഷി
ആലപ്പുഴ ∙ "ഒരാൾ വടിവാളും മറ്റൊരാൾ കഠാരയുമായി കതക് തള്ളിത്തുറന്ന് വീടിനുള്ളിലേക്ക് കയറി. തടയാൻ ശ്രമിച്ച മകന്റെ നെഞ്ചിൽ കുത്തി. കൈക്ക് വെട്ടി. വന്നവരെ ഞങ്ങൾക്കറിയില്ലായിരുന്നു. വാങ്ങിയ പണം താടാ എന്ന്് അയാൾ ആക്രോശിച്ചു. ഞങ്ങൾക്ക് ആരോടും സാമ്പത്തിക ഇടപാട് ഇല്ല. ഞങ്ങൾക്കൊന്നും മനസ്സിലായില്ല. എന്നെ പിടിച്ചു തള്ളിയിട്ടു. വീട്ടിലെ എല്ലാ ഉപകരണങ്ങളും അവർ നശിപ്പിച്ചു".

കളർകോട് കൈതവന ജംക്‌ഷന് കിഴക്കുവശം ബീനാ കോട്ടേജിൽ ഇന്നലെ വൈകിട്ട് നടന്ന അക്രമത്തെക്കുറിച്ച് പറയുമ്പോൾ നളിനാക്ഷിയുടെ (82) കണ്ണുകളിൽ നിന്ന് ഭയം മാഞ്ഞിരുന്നില്ല. ‘ഞാനും മരുമകളും കൊച്ചുമകളും ഹാളിലും മകൻ കിഷോർ മുറിയിലും ഇരുന്ന് വൈകിട്ട് ചായ കുടിക്കുകയായിരുന്നു.

ആരോ കോളിങ് ബെൽ അമർത്തി. ശബ്ദം കേട്ടു മരുമകൾ കതക് തുറന്നപ്പോൾ രണ്ടുപേർ നിൽക്കുന്നു. കിഷോറിനെ കാണാൻ വന്നവരാണെന്നു കരുതി മരുമകൾ ഭർത്താവിനെ വിളിക്കാൻ‌‍ മുറിയിലേക്ക് പോയി. ഉടൻ അവർ കതക് തള്ളിത്തുറന്നു. ഞങ്ങൾ ഉച്ചത്തിൽ കരഞ്ഞ് വിളിച്ചിട്ടും ആരും വന്നില്ല’ നളിനാക്ഷി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com